Top
16
Saturday, December 2017
About UsE-Paper

മികച്ച ചികിത്സയ്ക്കൊപ്പം മാന്യമായ പെരുമാറ്റവും വേണം

Friday Apr 21, 2017
വെബ് ഡെസ്‌ക്‌

 

* സ്വന്തം ലേഖകന്‍
തൃശൂര്‍ > മികച്ച ചികിത്സ നല്‍കുന്നതിനോടൊപ്പം, രോഗികളോട് മാന്യമായി പെരുമാറുകയെന്നതാണ് ഏതൊരു മെഡിക്കല്‍ സയന്‍സ് ബിരുദധാരികളുടേയും പ്രാഥമിക കടമയെന്ന് സംസ്ഥാന മുന്‍ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്. തൃശൂര്‍ ലുലു ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ ആറാമത് ബാച്ച് ബിരുദദാനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 
കൈയില്‍ ലഭിച്ചത് ഉന്നത പ്രൊഫഷണല്‍ ബിരുദമാണെന്ന് അഹങ്കരിക്കാതെ, തങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കേണ്ടത് സേവനമാണെന്ന് തിരിച്ചറിയണം. ഗ്രാമ നഗര പ്രദേശങ്ങളില്‍നിന്നും ഉള്‍നാടന്‍ പ്രദേശങ്ങളില്‍നിന്നും വരുന്ന പാവപ്പെട്ടവരോട്, ലളിതമായ ഭാഷയില്‍ സംവദിക്കാന്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്കാകണം. ഇതിനായി, ലോകത്തിന് മാതൃകയാക്കാവുന്ന ഡോ. എം എസ് വല്യത്താന്റെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങളെ വിജയാനന്ദ് ഓര്‍മിപ്പിച്ചു. 
കച്ചവട താല്‍പ്പര്യത്തിന് അടിമപ്പെട്ടുള്ള പ്രവര്‍ത്തനം ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് ഉണ്ടാവരുത്. ഏത് അടിയന്തര ഘട്ടങ്ങളും നേരിടാനുള്ള ശേഷി ആതുരസേവകന് ഉണ്ടാകണം. തീരുമാനങ്ങള്‍ വൈകിപ്പിക്കാതെ, ശരിയുടെ പക്ഷത്തുള്ള ഉറച്ച തീരുമാനം നടപ്പാക്കണമെന്നും വിജയാനന്ദ് പറഞ്ഞു. ഡോക്ടര്‍ എന്നാല്‍ പൊതുജനസേവകനാണ്. യാഥാര്‍ഥ്യങ്ങളില്‍നിന്ന് ഒളിച്ചോടുന്നവന്‍ മികച്ച സേവകനാകില്ല. മനുഷ്യനന്മകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് പ്രൊഫഷണലുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 
 

Related News

കൂടുതൽ വാർത്തകൾ »