Top
29
Saturday, April 2017
About UsE-Paper

കുതിരാന്‍ രണ്ടാം തുരങ്കം ഇന്ന് ചരിത്രമാകും

Friday Apr 21, 2017
വെബ് ഡെസ്‌ക്‌
# കുതിരാന്‍ തുരങ്കം

 

വടക്കഞ്ചേരി > കുതിരാന്‍ തുരങ്കനിര്‍മാണം; രണ്ടാം തുരങ്കം വെള്ളിയാഴ്ച കൂട്ടിമുട്ടും. തൃശൂര്‍ പാലക്കാട് ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് കുതിരാനില്‍ നിര്‍മിക്കുന്ന ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ രണ്ടാം തുരങ്കം വെള്ളിയാഴ്ച വൈകിട്ടോടെ കൂട്ടിമുട്ടാനാണ് സാധ്യത. വെള്ളിയാഴ്ച രാവിലെയും വൈകിട്ടും നടത്തുന്ന സ്ഫോടനത്തോടെ ഇരുവശങ്ങളും തമ്മില്‍ കൂട്ടിമുട്ടും. ആകെ 962 മീറ്റര്‍ ദൂരമുള്ള തുരങ്കത്തിന്റെ 950 മീറ്റര്‍ പിന്നിട്ടു. 12 മീറ്ററാണ് ബാക്കിയുള്ളത്. 
 ഒന്നാം തുരങ്കം ഫെബ്രുവരി 22ന് കൂട്ടിമുട്ടി. രണ്ടാം തുരങ്കം കൂട്ടിമുട്ടിയതിന് ശേഷം ഇരുതുരങ്കങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന രണ്ട് തുരങ്കങ്ങള്‍ കൂടി നിര്‍മിക്കും. 300, 600 മീറ്റര്‍ ദൂരങ്ങളില്‍ നിര്‍മിക്കുന്ന തുരങ്കപാത അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ മാത്രമേ തുറക്കു. കഴിഞ്ഞ വര്‍ഷം മെയ് രണ്ടാംവാരത്തിലാണ് കുതിരാനിലെ ആദ്യതുരങ്കത്തിന്റെ നിര്‍മാണം ആരംഭിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മാസങ്ങളോളം നിര്‍മാണ പ്രവൃത്തി നിര്‍ത്തേണ്ടി വന്നെങ്കിലും ഫെബ്രുവരി 22ന് കൂട്ടിമുട്ടിച്ചു. ആദ്യ തുരങ്കംനിര്‍മാണം ആരംഭിച്ച് രണ്ട് മാസത്തിന് ശേഷമാണ് രണ്ടാം തുരങ്കത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 
14 മീറ്റര്‍ വീതി തുരങ്കപാതക്ക് ഉണ്ടാവുമെങ്കിലും റോഡ് നിര്‍മിക്കുമ്പോള്‍ പതിനൊന്നര മീറ്റര്‍ മാത്രമേ ഉപയോഗിക്കാനാവു. മൂന്ന് വരി പാതയാണ് ഇരു തുരങ്കങ്ങളിലും ഉണ്ടാവുക. തുരങ്കങ്ങള്‍ ഇരുവശങ്ങളും തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ ഏഴ് മീറ്റര്‍ ഉയരമാണ് ഉള്ളതെങ്കിലും പിന്നീട് നിലം പൊളിച്ച് പത്ത് മീറ്ററാക്കി ഉയര്‍ത്തും. കൊങ്കണ്‍ തുരങ്കപാത ഉള്‍പ്പെടെ നിര്‍മിച്ച പ്രഗതി കമ്പനിയുടെ നേതൃത്വത്തിലാണ് നിര്‍മാണ പ്രവൃത്തി. ഇതിനിടെ തുരങ്കം നിര്‍മാണത്തിനിടെ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തുന്ന പ്രതിഷേധ സമരം തുടരുകയാണ്. വെള്ളിയാഴ്ച വൈകിട്ട് രണ്ടാം തുരങ്കവും കൂട്ടിമുട്ടുന്നതോടെ  ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ദേശീയപാതാതുരങ്കമെന്ന പേരില്‍ കുതിരാന്‍ ചരിത്രത്തില്‍ ഇടംനേടും.