Top
22
Wednesday, November 2017
About UsE-Paper

സംഘപരിവാറിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ കേരളം തയ്യാര്‍: തോമസ് ഐസക്

Tuesday Mar 21, 2017
വെബ് ഡെസ്‌ക്‌
ഇ എം എസ് എ കെ ജി ദിനാചരണത്തിന്റെ ഭാഗമായി ഒറ്റപ്പാലത്ത് നടന്ന റാലി സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു

 

പാലക്കാട് > മതനിരപേക്ഷതക്കെതിരെ ആര്‍എസ്എസും ബി ജെപിയും ഉയര്‍ത്തുന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ കേരളം തയ്യാറാണെന്ന് സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം ഡോ.തോമസ് ഐസക് പറഞ്ഞു. ഒറ്റപ്പാലത്ത് ഇ എം എസ് എ കെ ജി ദിനാചരണത്തോടനുബന്ധിച്ച് സിപിഐ എം ഒറ്റപ്പാലം  ഏരിയ കമ്മറ്റി സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ആപ്തവാക്യം ആഴത്തില്‍ വേരോടിയിട്ടുള്ള കേരളത്തില്‍ അമിത് ഷായുടെ ജാതീയ, വര്‍ഗീയ രാഷ്ട്രീയം വിലപ്പോവില്ല. ജാതി മേധാവികളെ പിടിച്ച് കേരളത്തിലെ ഇടതുപക്ഷത്തെ തകര്‍ത്തുകളയാമെന്ന ആര്‍എസ്എസിന്റെ സ്വപ്നം  നടക്കാന്‍ പോകുന്നില്ല. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും ഉറപ്പിച്ചുനിര്‍ത്തിയ വികസന ബദലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നത്. 
സാധാരണക്കാരനും പാവപ്പെട്ടവനും ആത്മാഭിമാനം നല്‍കിയതാണ് കേരളത്തിലെ ഇടതുപക്ഷം നല്‍കിയ ഏറ്റവും വലിയ സംഭാവന. ആധുനിക കാലത്തിന്റെ പുതിയ വെല്ലുവിളി ഏറ്റെടുക്കുകയാണ് ഇന്നത്തെ കടമ. നിരവധി പുതിയ പ്രശ്നങ്ങളാണ് കേരളം നേരിടുന്നത്. ഇതിനുള്ള മറുപടിയും പരിഹാരവുമാണ് പരിമിതികള്‍ക്കകത്തുനിന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേരളത്തിന് അനുയോജ്യമായ പുതിയ വ്യവസായങ്ങള്‍ വേണം.  ഗുജറാത്തിലെപ്പോലെ പരിസ്ഥിതിക്കും മനുഷ്യനുമെതിരായ വ്യവസായവല്‍ക്കരണം ഇവിടെ നടക്കില്ല. എന്നാല്‍ റോഡ് അടക്കമുള്ള പശ്ചാത്തല സൌകര്യങ്ങള്‍ വികസിപ്പിക്കാനാവും.
ക്ഷേമ പെന്‍ഷനുകള്‍ 1200 രൂപയാക്കിയത് സാമ്പത്തിക ശേഷി ഉണ്ടായിട്ടല്ല. ഉള്ളതില്‍നിന്ന് പാവങ്ങള്‍ക്കുള്ളത് ആദ്യം കൊടുക്കണമെന്ന ചിന്ത ഉള്ളതുകൊണ്ടാണ്. പാവങ്ങള്‍ക്ക് സമ്പൂര്‍ണ സാമൂഹ്യ സംരക്ഷണം നല്‍കും. പെന്‍ഷന്‍ കൊടുക്കല്‍ മാത്രമല്ല ലക്ഷ്യം. ഏത് രോഗത്തിനും വിദഗ്ധ ചികിത്സ ജനങ്ങള്‍ക്ക് നല്‍കണമെന്നാണ് ലക്ഷ്യം. സര്‍ക്കാരിന്റെ ഭരണകാലാവധിക്കുള്ളില്‍ ഇത് യാഥാര്‍ഥ്യമാക്കും. രോഗ പ്രതിരോധത്തിന് ഊന്നല്‍ നല്‍കും. മികച്ച നിലവാരം ഉറപ്പുവരുത്തി പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാന്‍ എത്ര പണം വേണമെങ്കിലും ചെലവഴിക്കും. പൊതുബോധമുള്ള മികച്ച പൌരന്മാരെ വാര്‍ത്തെടുക്കാന്‍ പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തും. ഹരിത കേരളം മിഷന്‍ അടക്കമുള്ള പദ്ധതികളിലൂടെ കേരളത്തെ വീണ്ടെടുക്കും. പുതിയ തലമുറയുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള വികസന സങ്കല്‍പ്പമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേത്. പൊതുബോധമുള്ള പൌരന്മാര്‍ മതനിരപേക്ഷ, ജനാധിപത്യ മൂല്യങ്ങളുടെ കാവലാളുകളാവുമെന്ന് തോമസ് ഐസക് പറഞ്ഞു.
 
 

Related News

കൂടുതൽ വാർത്തകൾ »