15 November Thursday
കാലതാമസമില്ലാതെ തുക നല്‍കും

നെല്ല് സംഭരണം: സഹകരണ സംഘങ്ങള്‍ പദ്ധതി റിപ്പോര്‍ട്ട് നല്‍കും

വെബ് ഡെസ്‌ക്‌Updated: Wednesday Dec 20, 2017

  പാലക്കാട് > രണ്ടാംവിള നെല്ല് സംഭരണം സഹകരണസംഘങ്ങള്‍വഴി നടത്തുന്നതിന് ജില്ലയിലെ സഹകരണസംഘങ്ങള്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കും. സഹകരണസംഘം ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനം. ഒന്നാംവിള നെല്ല് സംഭരണം വ്യാപകമായി അട്ടിമറിക്കപ്പെട്ട  സപ്ളൈകോയുടെ നടപടിക്കെതിരെ കര്‍ഷകരില്‍ വന്‍ പ്രതിഷേധമുണ്ടാക്കിയിരുന്നു. 

ഈ സാഹചര്യത്തില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനും ജനുവരി നാലിന് പാലക്കാട് ടൌണ്‍ ഹാളില്‍ നടക്കുന്ന നെല്‍കര്‍ഷക സംഗമത്തില്‍ സഹകരണ മന്ത്രിക്ക് നല്‍കാനും ജില്ലാ സഹകരണബാങ്ക് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളിലെ പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ രണ്ടാംവിള നെല്ല് സംഭരണത്തിന്റെ തുക വേഗത്തില്‍ ലഭ്യമാക്കാന്‍ ജില്ലാ ബാങ്കില്‍ കര്‍ഷകര്‍ മിറര്‍ അക്കൌണ്ട് തുടങ്ങണമെന്ന് അറിയിച്ചു. പാഡി പേമെന്റ് ഓര്‍ഡര്‍ ഹാജരാക്കിയാല്‍ ഉടന്‍ തന്നെ തുക കര്‍ഷകരുടെ ബാങ്ക് അക്കൌണ്ടിലേക്ക് കൈമാറുമെന്ന് ജില്ലാ സഹകരണബാങ്ക് ജനറല്‍ മാനേജര്‍ സുനില്‍കുമാര്‍ പറഞ്ഞു. നെല്ല് സംഭരണം ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്ന് യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ സഹകരണ ബാങ്ക് പ്രസിഡന്റ്, സെക്രട്ടറിമാര്‍ എന്നിവര്‍ അറിയിച്ചു. രണ്ടാംവിള നെല്ല് സംഭരണത്തില്‍ കര്‍ഷകര്‍ക്ക് തുക ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കാന്‍ മിറര്‍ അക്കൌണ്ട് സഹായകമാകും. യോഗത്തില്‍ സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍)എം കെ ബാബു അധ്യക്ഷനായി. അസിസ്റ്റന്റ് രജിസ്ട്രാര്‍(പ്ളാനിങ്)ഇ ഹരിദാസ് സ്വാഗതവും എം ശബരീദാസന്‍ നന്ദിയും പറഞ്ഞു.
ജില്ലയില്‍ ഒന്നാംവിള നെല്ല് സംഭരണത്തില്‍ സപ്ളൈകോയും സ്വകാര്യ മില്ലുടമകളും ഒത്തുകളിച്ചതിനെത്തുടര്‍ന്ന് സംഭരണം പകുതിയില്‍ താഴെ മാത്രമെ നടന്നുള്ളു. വന്‍കിട മില്ലുകാര്‍ക്ക് ആവശ്യാനുസരണം നെല്ല് ലഭിക്കുന്നതിന് സപ്ളൈകോ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചതായി വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതുസംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് പാലക്കാട് വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ടും നല്‍കി.  
പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍മാരുടെ ഇടപെടല്‍ സംഭരണം വൈകിപ്പിക്കാന്‍ ഇടയാക്കിയെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെതുടര്‍ന്ന്  ഇവരെ ചോദ്യം ചെയ്യാനുള്ള നടപടി ആരംഭിച്ചതോടെ ജില്ലയിലെ രണ്ട് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍മാര്‍ ഡെപ്യൂട്ടേഷന്‍ മതിയാക്കി മാതൃവകുപ്പിലേക്ക് പോകുകയും ചെയ്തു. സപ്ളൈകോയുടെ നെല്ല് സംഭരണം പരാജയമായതോടെ അടുത്ത സീസണ്‍ മുതല്‍ സംഭരണ ചുമതല സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കണമെന്ന് കര്‍ഷകസംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. 
ഒന്നാംവിള നെല്ല് സംഭരണത്തില്‍ ക്രമക്കേട് നടന്നതായി കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നല്‍കിയ നിവേദനത്തിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിനോട് പ്രാഥമിക അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. 
പ്രധാന വാർത്തകൾ
Top