18 September Tuesday

നെല്ലിയാമ്പതി ചുരം റോഡ് അറ്റകുറ്റപ്പണി ത്വരിതഗതി

വെബ് ഡെസ്‌ക്‌Updated: Monday Aug 20, 2018
കൊല്ലങ്കോട്  
നെല്ലിയാമ്പതി ചുരം റോഡ് അറ്റകുറ്റപ്പണി ത്വരിതഗതിയിൽ. ഞായറാഴ്ച 135 ആർഎപിക്കാരുടെ നേതൃത്വത്തിൽ കുണ്ടറൻചോലവരെയുള്ള റോഡ് ഗതാഗതയോഗ്യമാക്കി. കുണ്ടറൻചോലയിലെ തകർന്ന പാലത്തിന് സമാന്തരമായി പൈപ്പ്‌ ഉപയോഗിച്ച്‌ താൽക്കാലിക പാലം സ്ഥാപിക്കും. ഇതിനാവശ്യമായ സാധനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് ആർഎപി സംഘം പ്രാരംഭ പ്രവർത്തനം തുടങ്ങി. എന്നാൽ കുണ്ടറൻചോലയിലെ ശക്തമായ വെള്ളച്ചാട്ടവും മണ്ണിടിച്ചിലും രക്ഷാപ്രവർത്തനത്തെ മന്ദഗതിയിലാക്കുകയാണ‌്. 
നെല്ലിയാമ്പതിയുടെ മുകളിൽനിന്ന് 250 തൊഴിലാളികൾ ചേർന്ന‌് മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ റോഡിലെ തടസ്സങ്ങൾ നീക്കുന്ന പ്രവൃത്തി ഞായറാഴ്ചയും തുടർന്നു. നെന്മാറ അവൈറ്റിസ‌് ആശുപത്രി സ്വന്തം നിലയിൽ ഹെലികോപ‌്ടറിൽ മെഡിക്കൽ സംഘത്തെ എത്തിക്കാൻ ശ്രമിച്ചെങ്കിലും ശക്തമായ മഴയും മൂടൽമഞ്ഞും കാരണം ഹെലികോപ‌്ടർ നെല്ലിയാമ്പതിയിൽ ഇറക്കാതെ നെന്മാറ എൻഎസ്എസ് കോളേജ് ഗ്രൗണ്ടിൽ തിരിച്ചിറക്കി. ഹെലികോപ‌്ടറിൽ കെ ബാബു എംഎൽഎ, അവൈറ്റിസ‌് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ, രണ്ട് പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുണ്ടായിരുന്നു. 
ചികിത്സ ആവശ്യമുള്ളവർ, ഗർഭിണികൾ എന്നിവരെ ഹെലികോപ‌്ടറിൽ നെന്മാറയിലെ ആശുപത്രിയിൽ എത്തിക്കാനും ഹെലികോപ‌്ടർ ഉപയോഗപ്പെടുത്താനായിരുന്നു പദ്ധതി. നെല്ലിയാമ്പതിയിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളും ഹെലികോപ‌്ടറിൽ എത്തിക്കാൻ നാലോ അഞ്ചോ തവണ സർവീസ് നടത്താനായിരുന്നു തീരുമാനിച്ചതെങ്കിലും പ്രതികൂല കാലാവസ്ഥ തടസ്സമായി.തിങ്കളാഴ്ച രാവിലെ കാലാസ്ഥ അനുകൂലമായാൽ ഹെലികോപ‌്ടർ സർവീസ് നടത്തും. ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിച്ച് മുഴുവൻ സമയവും കെ ബാബു എംഎൽഎ നെന്മാറയിലെ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്.
പ്രധാന വാർത്തകൾ
Top