20 September Thursday

വായനാ ഗ്രാമം പദ്ധതി മാതൃകാപരം: ടി പത്മനാഭൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 20, 2018
കൂറ്റനാട് 
തൃത്താല ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വായനാ ഗ്രാമം പദ്ധതി മാതൃകാപരമാണെന്ന് ചെറുകഥാകൃത്ത് ടി പത്മനാഭൻ. ജനകീയാസൂത്രണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയുടെ ഉദ‌്ഘാടനം  ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പുസ്തകങ്ങൾ അലമാരയിൽ സൂക്ഷിക്കാനുള്ളതല്ലെന്നും അവ അറിവിന്റെ മഹാപ്രപഞ്ചം സൃഷ്ടിക്കാൻ സഞ്ചരിച്ച് കൊണ്ടിരിക്കേണ്ടവയാണ‌്. സംസ്ഥാനത്തെ മറ്റു ബ്ലോക്ക് പഞ്ചായത്തുകളും തൃത്താലയുടെ മാതൃക പിന്തുടരേണ്ടതാണെന്നും ടി പത്മനാഭൻ പറഞ്ഞു.
ഓരോ വാർഡുകളിലും പരമാവധി 50 കുട്ടികളുള്ള സംഘങ്ങൾ രൂപീകരിച്ച് ബ്ലോക്ക് ഗ്രാമ പഞ്ചായത്തംഗങ്ങൾ, കുടുംബശ്രീ എഡിഎസ് ചെയർപേഴ്സൺ, വായനശാലാ പ്രതിനിധി എന്നിവർ രക്ഷാധികാരികളും കുട്ടികളുടെ പ്രതിനിധികളായി സെക്രട്ടറിയും പ്രസിഡന്റും നേതൃത്വം നൽകുകയും ചെയ്യുന്ന കമ്മിറ്റിക്ക‌് രൂപം നൽകിയാണ‌് പദ്ധതി നടപ്പാക്കുക. ഇൗ കമ്മിറ്റിക്ക‌് പതിനായിരത്തിലധികം രൂപയുടെ പുസ്തകങ്ങൾ നൽകും. എല്ലാ ഞായറാഴ്ചകളിലും യോഗം ചേർന്ന് വായന കഴിഞ്ഞ പുസ്തകങ്ങൾ പരസ്പരം കൈമാറും. 
എല്ലാ വീടുകളിലും പുസ്തകങ്ങൾ എത്തിച്ചേരും. ഒരു വാർഡിലെ പുസ്തകങ്ങളുടെ വായന പൂർത്തിയായാൽ തൊട്ടടുത്ത വാർഡിലേക്ക് നൽകി അവിടത്തെ പുസ്തകങ്ങൾ തിരിച്ചുവാങ്ങും. ഇങ്ങനെ ഒരു പഞ്ചായത്തിലെ എട്ടു വാർഡുകൾ ഉൾപ്പെട്ട ഗ്രൂപ്പിലെ എല്ലാ പുസ്തകങ്ങളും ഒരു വർഷത്തിനുള്ളിൽ വായിച്ചുതീരും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് കെ പി എം പുഷ്പജ അധ്യക്ഷയായി. 
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണദാസ്, എ കൃഷ‌്ണകുമാർ, ടി കെ സുനിൽകുമാർ, എം രജിഷ, സിന്ധു, വി സുജാത, സിന്ധു രവീന്ദ്രകുമാർ, ടി അബ്ദുൾ കരീം,  കെ ജനാർദനൻ, എം വി ബിന്ദു, ധന്യ സുരേന്ദ്രൻ, പി ബാലകൃഷ്ണൻ,  വി കെ ചന്ദ്രൻ, പി ബാലൻ,  പി ഇ അബ്ദുൾ സലാം, കെ വി ദിവാകരൻ, എം എസ് കുമാർ, എൻ പ്രദീപ് കുമാർ,  വി എം ബാലൻ, എം പി കൃഷ്ണൻ, സി പി വസന്ത, എ എം അബ്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു.  എം കെ പ്രദീപ് സ്വാഗതവും ബിഡിഒ ടി വിശ്വനാഥൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top