Top
27
Saturday, May 2017
About UsE-Paper

സിപിഐ എം ജാഥയ്ക്ക് കര്‍ഷകമണ്ണില്‍ ഉജ്വല വരവേല്‍പ്പ് *

Saturday May 20, 2017
വെബ് ഡെസ്‌ക്‌
# സിപിഐ എം ജില്ലാ ജാഥയ്ക്ക് കൊടകര ടൌണില്‍ നല്‍കിയ സ്വീകരണത്തില്‍ ജാഥാ ക്യാപ്റ്റന്‍ കെ രാധാകൃഷ്ണന്‍ സംസാരിക്കുന്നു

 

തൃശൂര്‍ > നാടിന്റെ മതേതരത്വത്തിനായി ജീവന്‍ നല്‍കുമെന്ന് വാക്കു നല്‍കിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രാധാന്യം തുറന്നുകാട്ടിയുമുള്ള സിപിഐ എം ജാഥയ്ക്ക്  കര്‍ഷകമണ്ണില്‍  ഉജ്വല സ്വീകരണം. കേന്ദ്രസര്‍ക്കാരും സംഘപരിവാറും പ്രചരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന  വര്‍ഗീയതയ്ക്കും, കോണ്‍ഗ്രസും ബിജെപിയും തോളോടുതോള്‍ചേര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ അഴിച്ചുവിടുന്ന നുണപ്രചാരണങ്ങള്‍ക്കുമെതിരെയും സിപിഐ എം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണന്‍ നയിക്കുന്ന ജാഥയുടെ മൂന്നാംദിവസത്തെ പര്യടനമാണ് രാവിലെ കോടന്നൂരില്‍നിന്ന് ആംരംഭിച്ച് ചാലക്കുടി ടൌണില്‍ സമാപിച്ചത്.  
രാജ്യത്തെ അത്യന്തം ദുരിതത്തിലേക്ക് തള്ളിവിടുന്ന കേന്ദ്രനയങ്ങളുടെ ഇരകളായ ആയിരങ്ങളാണ് ഓരോ സ്വീകരണകേന്ദ്രത്തിലും ജാഥയെ സ്വീകരിക്കാനും പ്രസംഗങ്ങള്‍ കേള്‍ക്കാനുമെത്തിയത്. കോര്‍പറേറ്റുകള്‍ക്ക് വിളയാടാന്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തുറന്നുകൊടുക്കുന്ന ഭരണം സാധാരണക്കാരന്റെ റേഷന്‍പോലും നിഷേധിക്കുന്നതിനെതിരെ ഉയരുന്ന പ്രതിഷേധത്തിന്റെ അടയാളമായിരുന്നു സ്വീകരണകേന്ദ്രങ്ങള്‍. 
ഇന്ത്യയിലൊരിടത്തുമില്ലാത്തവിധം ജനപക്ഷനിലപാടുകളും വികസനവും കാഴ്ചവച്ച സര്‍ക്കാരിനോടുള്ള സ്നേഹപ്രകടനമായും നിരവധിപേര്‍ സ്വീകരണ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. മറ്റു രാഷ്ട്രീയപാര്‍ടികളുടെ കൊടിയുപേക്ഷിച്ച് വിവിധകേന്ദ്രങ്ങളില്‍ ജാഥയെ വരവേല്‍ക്കാനെത്തിയ നൂറുകണക്കിനുപേര്‍ തങ്ങളുടെ പ്രതീക്ഷയായി സിപിഐ എമ്മിനെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും കാണുന്നുവെന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ തുറക്കും മുമ്പ് പുസ്തകം നല്‍കിയും പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തിയും സമൂഹത്തില്‍ ഏറ്റവും താഴേക്കിടയിലുള്ളവര്‍ക്ക് പെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് നല്‍കിയും അഴിമതിരഹിതവും ജനക്ഷേമകരവുമായ ഭരണംകൊണ്ട് ജനലക്ഷങ്ങളുടെ മനസ്സിലേറിയ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന നുണപ്രചാരണങ്ങളെ ജനം പുച്ഛിച്ചുതള്ളുന്നതിന്റെ ലക്ഷണമാണ് ജാഥാസ്വീകരണത്തിനെത്തിയ ആയിരങ്ങള്‍. സിപിഐ എം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ജാഥ ജില്ലയുടെ ഹൃദയത്തിലേറിക്കഴിഞ്ഞതിന്റെ സൂചനകളാണ് എങ്ങും കാണാനായത്.  
ജാഥാ ക്യാപ്റ്റന്‍ കെ രാധാകൃഷ്ണനെ കൂടാതെ  വൈസ് ക്യാപ്റ്റന്‍ എം എം വര്‍ഗീസ്, മാനേജര്‍ കെ കെ രാമചന്ദ്രന്‍, അംഗങ്ങളായ സേവ്യര്‍ ചിറ്റിലപ്പിള്ളി, എ എസ് കുട്ടി, പി കെ ഡേവിസ്,  കെ വി പീതാംബരന്‍, ബാബു എം പാലിശേരി, കെ വി നഫീസ, സി സുമേഷ്, പി കെ ശിവരാമന്‍ എന്നിവരും വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ സംസാരിച്ചു.
രാവിലെ കോടന്നൂരില്‍നിന്നും പ്രയാണമാരംഭിച്ച ജാഥ ഊരകം, പുതുക്കാട്, കൊടകര, പരിയാരം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷമാണ് ചാലക്കുടി ടൌണില്‍ സമാപിച്ചത്.
കോടന്നൂരില്‍ പി ആര്‍ വര്‍ഗീസ് അധ്യക്ഷനായി. സെബി ജോസഫ് സ്വാഗതവും കെ എസ് മോഹന്‍ദാസ് നന്ദിയും പറഞ്ഞു. ഊരകത്ത് എന്‍ കെ സഹദേവന്‍ അധ്യക്ഷനായി. പി കെ ലോഹിതാക്ഷന്‍ സ്വാഗതവും കെ കെ അനില്‍ നന്ദിയും പറഞ്ഞു. പുതുക്കാട് ടി എ രാമകൃഷ്ണന്‍ അധ്യക്ഷനായി. എം എ ഫ്രാന്‍സിസ് സ്വാഗതവും എ വി ചന്ദ്രന്‍ നന്ദിയും പറഞ്ഞു. കൊടകരയില്‍ പി ആര്‍ പ്രസാദന്‍ അധ്യക്ഷനായി. ബി ഡി ദേവസി എംഎല്‍എ സംസാരിച്ചു. സി എം ബബീഷ് സ്വാഗതം പറഞ്ഞു. പരിയാരത്ത് ഇ സി സുരേഷ് അധ്യക്ഷനായി. ഗിരീഷ് പി ജോസ് സ്വാഗതവും ജയ്മോന്‍ താക്കോല്‍ക്കാരന്‍ നന്ദിയും പറഞ്ഞു. ചാലക്കുടി ടൌണിലെ സമാപനയോഗത്തില്‍ പി പി ജോണി അധ്യക്ഷനായി. കെ ഐ അജിതന്‍ സ്വാഗതവും പി എം ശ്രീധരന്‍ നന്ദിയും പറഞ്ഞു.