Top
24
Saturday, June 2017
About UsE-Paper
# പ്രതിഷേധം ശക്തം

ജലസ്രോതസ്സിനു സമീപം നഗരസഭയുടെ മാലിന്യം തള്ളല്‍ കേന്ദ്രം

Saturday May 20, 2017
വെബ് ഡെസ്‌ക്‌
# കല്‍പ്പാത്തിശേഖരീപുരം റോഡരികില്‍ ശംഖുവാരത്തോടിന്റെ കരയില്‍ നഗരസഭ പണിത മാലിന്യ നിക്ഷേപ കേന്ദ്രത്തിലെ ഷെഡും സമീപത്ത് ചിതറിക്കിടക്കുന്ന മാലിന്യവും

 

 
* സ്വന്തം ലേഖിക
 
പാലക്കാട് > ജലസ്രോതസ്സിനു സമീപം മാലിന്യംതള്ളി പാലക്കാട് നഗരസഭയുടെ ജനദ്രോഹം. കല്‍പ്പാത്തിശേഖരീപുരം റോഡരികിലായി ശേഖരീപുരം ജങ്ഷനു സമീപം ശംഖുവാരത്തോടിന്റെ കരയില്‍ മാലിന്യം തള്ളല്‍ കേന്ദ്രം സ്ഥാപിച്ചാണ് നഗരസഭ വെള്ളം മലിനപ്പെടുത്തുന്നത്. ശംഖുവാരത്തോട് കല്‍പ്പാത്തി പുഴയിലേക്കുള്ള കൈത്തോടാണ്. 
കഴിഞ്ഞ ദിവസം ജനങ്ങള്‍ മുന്‍കൈയെടുത്ത് ശംഖുവാരത്തോട് വൃത്തിയാക്കിയിരുന്നു. എന്നാല്‍, നാട്ടില്‍ തോടുകളും കുളങ്ങളും കിണറുകളും ജലാശയങ്ങളും വൃത്തിയാക്കി  ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ശ്രമിക്കുമ്പോഴാണ് നഗരസഭ തന്നെ  ജലംമലിനീകരിക്കുന്നത്.
നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും നൂറുകണക്കിനുപേര്‍ കല്‍പ്പാത്തി പുഴ കുളിക്കാനുപയോഗിക്കുന്നുണ്ട്. മാലിന്യം ശേഖരിക്കാന്‍ ഷെഡ് പണിതിട്ടുണ്ടെങ്കിലും  നിലവില്‍ മാലിന്യം  ശംഖുവാരത്തോടിന്റെ കരയില്‍ പരന്നുകിടക്കയാണ്. കൂട്ടിയിട്ടിരിക്കുന്ന മാലിന്യം തരംതിരിക്കുന്നത് ഈ കരയിലാണ്. ഇതില്‍ നല്ലൊരു ഭാഗം തോട്ടിലേക്ക് ഒഴുകിയിറങ്ങും. മഴ പെയ്താല്‍ പ്രശ്നം ഏറെ രൂക്ഷമാവും. മാലിന്യം കല്‍പ്പാത്തി പുഴയിലേക്ക് ഒലിച്ചിറങ്ങി പുഴ മലിനപ്പെടും.
 പൈതൃകഗ്രാമമായ കല്‍പ്പാത്തിയില്‍ മാലിന്യ ക്കൂമ്പാരമുയരുന്ന സ്ഥിതിയാണ്. നഗരസഭയിലെ മാലിന്യപ്രശ്നത്തിന് പരിഹാരമായി മുമ്പ് പതിനഞ്ചോളം വാര്‍ഡില്‍ മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍, ഫണ്ടനുവദിക്കാതെ നഗരസഭ അവഗണിച്ചപ്പോള്‍ കേന്ദ്രങ്ങള്‍ പൂട്ടി.  നഗരസഭ ശേഖരിക്കുന്ന മാലിന്യം വഴിയരികില്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ഗുരുതര പ്രതിഷേധത്തിനും കാരണമായി. നിലവില്‍ ഒന്നോ രണ്ടോ ശേഖരണ കേന്ദ്രങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. അതു തന്നെ കൌണ്‍സിലര്‍മാര്‍ സ്വന്തം കൈയില്‍ നിന്ന് പണം ചെലവാക്കിയാണ് പ്രവര്‍ത്തിക്കുന്നതും. ജലാശയത്തെ മലിനപ്പെടുത്തുന്ന നഗരസഭയ്ക്കെതിരെ  നിയമനടപടി സ്വീകരിക്കാന്‍ സമീപവാസികള്‍ ഒരുങ്ങുകയാണ്. 
ഇതുപോലെ യാക്കരയില്‍ തുടങ്ങാനിരിക്കുന്ന പാലക്കാട് നഗരസഭയുടെ കക്കൂസ് മാലിന്യ സംസ്ക്കരണ പ്ളാന്റിനെതിരെ  പ്രതിഷേധം പുകയുന്നുണ്ട്. യാക്കരപ്പുഴയില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലമേ പദ്ധതി സ്ഥലത്തേക്കുള്ളൂ. 
കക്കൂസ് മാലിന്യം ഇവിടെ എത്തിച്ച് വളമാക്കി മാറ്റുന്ന പ്ളാന്റ് സ്ഥാപിക്കാനാണ് പദ്ധതി. എന്നാല്‍ ഇത് യാക്കരപ്പുഴയെ മലിനമാക്കും. ഇതിനെതിരെ പ്രതിഷേധം നടന്നുകൊണ്ടിരിക്കെയാണ് വീണ്ടും നഗരസഭയുടെ നടപടി.