19 September Wednesday

ഉരുൾപൊട്ടൽ: ഒരു മൃതദേഹം കൂടി കിട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
പാലക്കാട്
വ്യാഴാഴ‌്ച രാവിലെ നെന്മാറയിലും മണ്ണാർക്കാട്ടെ കോട്ടോപ്പാടത്തും ഉണ്ടായ ഉരുൾപൊട്ടലിനെതുടർന്ന‌് കാണാതായവർക്കുള്ള തെരച്ചിലിൽ കുട്ടിയുടെ മൃതദേഹം കിട്ടി.  കോട്ടോപ്പാടം കരടിയോട് ആദിവാസി കുടുംബത്തിലെ ശശിയുടേയും മിനിയുടേയും മകൾ വാണി (8) യുടെ മൃതദേഹമാണ‌് ശനിയാഴ്ച രാവിലെ കണ്ടെത്തിയത്. വാണിയുടെ മുത്തച്ഛൻ തമ്പിയുടെ മൃതദേഹം വ്യാഴാഴ്ചയും   ഭാര്യ ചാത്തിയുടെ മൃതദേഹം വെള്ളിയാഴ്ചയും  കണ്ടെത്തിയിരുന്നു. ഇതോടെ കോട്ടോപ്പാടത്തുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം മൂന്നായി. തെരച്ചിലിനിടെ  ശനിയാഴ്ച പകൽ 11 നാണ‌് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
അമ്പലപ്പാറ തൃക്കളൂർ എഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാഥിനിയാണ്. താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കളും നാട്ടുകാരും മൃതദേഹം ഏറ്റുവാങ്ങി. 
നെന്മാറ അളുവശേരിയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ  ഗംഗാധരന്റെ മകൻ അരവിന്ദിനായി തെരച്ചിൽ ശനിയാഴ‌്ചയും തുടർന്നു. ഉരുൾപൊട്ടലിൽ ഏഴ‌് പേരുടെ മൃതദേഹം വ്യാഴാഴ‌്ചയും രണ്ടുപേരുടേത‌് വെള്ളിയാഴ‌്ചയും ലഭിച്ചിരുന്നു. 
ചേരുങ്കാട‌് ഗംഗാധരൻ (55), ഭാര്യ സുഭദ്ര (50), മക്കളായ ആതിര (24), ആര്യ (17), ആതിരയുടെ 14 ദിവസം പ്രായമായ ആൺകുഞ്ഞ‌്, ചേരുങ്കാട‌് പരേതനായ ഉണ്ണികൃഷ‌്ണന്റെ മകൾ അനിത (28), മകൻ അഭിജിത‌് (25), അനിതയുടെ മകൾ ആത്മിക (മൂന്നര), അഭിജിത്തിന്റെ കൂട്ടുകാരൻ സുബിൻ  എന്നിവരാണ‌് മരിച്ചത‌്.
പ്രധാന വാർത്തകൾ
Top