21 September Friday

ദുരിതാശ്വാസ പ്രവർത്തനം മാതൃകാപരം: മന്ത്രി എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Sunday Aug 19, 2018
പാലക്കാട‌്
അട്ടപ്പാടിയിൽ മാതൃകാപരമായ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ‌് നടക്കുന്നതെന്ന‌് പട്ടികജാതി/വർഗ‐പിന്നോക്ക ക്ഷേമ മന്ത്രി എ കെ ബാലൻ. അട്ടപ്പാടിയിലെ പ്രളയക്കെടുതിയും ദുരിതാശ്വാസപ്രവർത്തനങ്ങളും വിലയിരുത്താൻ അഗളി ഐടിഡിപി ഓഫീസിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മുക്കാലി എംആർഎസ‌്, കൂക്കമ്പാളയം ജിയുപിഎസ‌്, പാടവയൽ, വീട്ടിയൂർ, ഗൊട്ടിയാർകണ്ടി പ്രീ‐മെട്രിക‌് ഹോസ‌്റ്റൽ എന്നിവിടങ്ങളിലെ അഞ്ച‌് ക്യാമ്പുകളിൽ 347 പേരാണ‌് താമസിക്കുന്നത‌്. ഇതിൽ 141 പേർ ആദിവാസി വിഭാഗക്കാരാണ‌്. ഇവർക്ക‌് ഭക്ഷണം, മരുന്ന‌്, മറ്റ‌് അവശ്യസാധനങ്ങൾ എന്നിവ ഉറപ്പുവരുത്തിയിട്ടുണ്ട‌്, 24 മണിക്കൂറും ഡോക‌്ടറുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട‌്.
കോട്ടത്തറ ഗവ. സൂപ്പർ സ‌്പെഷ്യാലിറ്റി ആശുപത്രിയിൽ ഡോക‌്ടർമാരുടെ സേവനവും മരുന്നും സജ്ജീകരിച്ചിട്ടുണ്ട‌്. എല്ലാ സൗകര്യങ്ങളുമുള്ള നാല‌് മൊബൈൽ യൂണിറ്റുകളും ഇവിടെ പ്രവർത്തിക്കുന്നു. റോഡുകളിലൂടെയുള്ള ഗതാഗതസ‌്തംഭനമാണ‌് ഇപ്പോഴുള്ള ബുദ്ധിമുട്ടുകളിൽ പ്രധാനം. ചുരമിടിഞ്ഞും പ്രളയക്കെടുതിയുംമൂലം ഒറ്റപ്പെട്ടുപോയ അട്ടപ്പാടിയിലേക്ക‌് മണ്ണാർക്കാട‌്‌വഴിയുള്ള ഗതാഗതം ഒരാഴ‌്ചക്കുള്ളിൽ പുനഃസ്ഥാപിക്കും.
ചുരത്തിൽ നാലിടത്താണ‌് മണ്ണിടിഞ്ഞും മരം വീണും ഗതാഗതം തടസ്സപ്പെട്ടത‌്. അവിടെ മണ്ണും മറ്റ‌് തടസ്സങ്ങളും നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണ‌്. രണ്ട‌്  ദിവസത്തിനുള്ളിൽ ചുരം വഴി ഭാഗികമായി ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയും. പൊതുമരാമത്ത‌് എക‌്സിക്യൂട്ടീവ‌് എൻജിനിയർക്ക‌് ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട‌്. തമിഴ‌്നാട്ടിൽനിന്നുള്ള ഫയർ ആൻഡ‌് റെസ‌്ക്യൂ ടീമിന്റെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട‌്. റേഷൻകട വഴി എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങൾക്ക‌് ഭക്ഷ്യധാന്യം ലഭ്യമാക്കുന്നുണ്ട‌്. അട്ടപ്പാടി മേഖലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ റവന്യു, ആരോഗ്യം, പട്ടികജാതി/വർഗ ക്ഷേമം, സിവിൽ സപ്ലൈസ‌്, കെഎസ‌്ഇബി എന്നിവ ഒത്തുചേർന്ന‌് സജീവമായി നടക്കുന്നുണ്ട‌്. സർക്കാർ സംവിധാനം വളരെ ശക്തമായും ഫലപ്രദമായും ഇടപെട്ടാണ‌് പ്രവർത്തനം നടത്തുന്നത‌്.
കോയമ്പത്തൂർവഴി പാലക്കാട്ടേക്കും തിരിച്ച‌് അട്ടപ്പാടിയിലേക്കും യാത്ര ചെയ്യാൻ ഇപ്പോൾ കഴിയുന്നുണ്ട‌്. ഇതുവഴി കെഎസ‌്ആർടിസി സർവീസ‌് നടത്തുന്നതുസംബന്ധിച്ച‌് കോയമ്പത്തൂർ ജില്ലാ കലക‌്ടറുമായി ചർച്ച നടത്തി ആവശ്യമായ തീരുമാനമെടുക്കും. 
തൃത്താല, അട്ടപ്പാടി, നെല്ലിയാമ്പതി മേഖലകളാണ‌് വെള്ളപ്പൊക്കത്താൽ ഒറ്റപ്പെട്ടത‌്. നെല്ലിയാമ്പതിയിലേക്ക‌് ഗതാഗതം  പുനഃസ്ഥാപിക്കാൻ ദ്രുതഗതിയിൽ നടപടി സ്വീകരിക്കും. ജനങ്ങൾക്ക‌് അവശ്യസാധനങ്ങൾ എത്തിക്കാൻ സംവിധാനം ഏർപ്പെടുത്തിക്കഴിഞ്ഞു വെന്ന് അദ്ദേഹം പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top