Top
24
Wednesday, May 2017
About UsE-Paper

ഐഐടി; ആദ്യഘട്ട ക്യാമ്പസ് ജൂലൈയില്‍

Friday May 19, 2017
വെബ് ഡെസ്‌ക്‌

 

പാലക്കാട് > പാലക്കാട് ഐഐടിയുടെ ആദ്യഘട്ട ക്യാമ്പസ് കെട്ടിടം ജൂലൈയില്‍ പൂര്‍ത്തിയാകും. ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു കൈമാറിയ കഞ്ചിക്കോട് 400 ഏക്കര്‍ സ്ഥലത്ത് ദ്രുതഗതിയില്‍ പ്രവൃത്തി നടക്കുന്നു. ട്രാന്‍സിറ്റ് ക്യാമ്പസാണ് ജൂലൈയില്‍ തുറന്നുകൊടുക്കുക. വരുംവര്‍ഷങ്ങളില്‍ മറ്റ് നിര്‍മാണംകൂടി പൂര്‍ത്തിയാകും. 
നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഐഐടിയുടെ രണ്ടും മൂന്നും വര്‍ഷ ക്ളാസുകള്‍ ഇവിടെ തുടങ്ങും. ഒന്നും രണ്ടും വര്‍ഷ ക്ളാസുകള്‍ അഹല്യയിലെ താല്‍ക്കാലിക ക്യാമ്പസിലാകും പ്രവര്‍ത്തിക്കുക. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പുതിയ ക്യാമ്പസിലേക്കു മാറ്റും. ഐഐടിക്കുവേണ്ടി അഞ്ഞൂറ് ഏക്കറാണ് ഏറ്റെടുക്കുന്നത്. ഇതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഭൂമിയുള്‍പ്പെടെ നാനൂറ് ഏക്കര്‍ ഏറ്റെടുത്ത് കഴിഞ്ഞു. കുറച്ചു സ്ഥലംകൂടി ഏറ്റെടുക്കാനുണ്ട്. ഐഐടിക്ക് 14.76 കിലോമീറ്റര്‍ നീളത്തിലാണ് ചുറ്റുമതില്‍ നിര്‍മിക്കുന്നത്. ഇത് പകുതിയോളം പൂര്‍ത്തിയായി. ട്രാന്‍സിറ്റ് ക്യാമ്പസിന്റെ നിര്‍മാണവും പൂര്‍ത്തിയാകുന്നു. വര്‍ക്ഷോപ്പ്, ഹോസ്റ്റല്‍, കണ്‍വന്‍ഷനല്‍ കോംപ്ളക്സ്, ഓഡിറ്റോറിയം, വിഐപി ഗസ്റ്റ് ഹൌസ്, പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ എന്നിവയാണ് ഇവിടെ നിര്‍മിക്കുക. പാലക്കാട് ഐഐടിക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ 3000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 
ഐഐടി ക്യാമ്പസ് നിര്‍മാണപുരോഗതി വിലയിരുത്താന്‍ കേന്ദ്ര മാനവവികസന സഹമന്ത്രി മഹീന്ദ്രനാഥ് പാണ്ഡെ വ്യാഴാഴ്ച സ്ഥലം സന്ദര്‍ശിച്ചു. കലക്ടര്‍ പി മേരിക്കുട്ടി, ഐഐടി ഡയറക്ടര്‍ ഡോ. സുനില്‍കുമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും ഉണ്ടായി. സ്ഥലം ഏറ്റെടുക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി കലക്ടറോട് നിര്‍ദേശിച്ചു. 
ക്യാമ്പസിന് ശിലാസ്ഥാപനം നടത്താതെയാണ് കെട്ടിടനിര്‍മാണം തുടങ്ങിയത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയയുടന്‍ പ്രഖ്യാപിച്ച ആറ് ഐഐടികളില്‍ ആദ്യം നിര്‍മാണം തുടങ്ങിയത് പാലക്കാട്ടാണ്. എം ബി രാജേഷ് എംപി ഇടപെട്ടതുകൊണ്ടാണ് വേഗത്തില്‍ പാലക്കാട് ഐഐടി യാഥാര്‍ഥ്യമായത്. ഇതിന്റെ രാഷ്ട്രീയനേട്ടം സിപിഐ എമ്മിനു ലഭിക്കുമോയെന്ന ആശങ്കയാണ് ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നത്. ഇതിനാല്‍ ഐഐടിക്കു ശിലാസ്ഥാപനം ബോധപൂര്‍വം വൈകിപ്പിക്കുകയായിരുന്നു. കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ സമയം നല്‍കിയെങ്കിലും ബിജെപി നേതൃത്വം ഇടപെട്ട് തടസ്സപ്പെടുത്തി. ഇതിനുപിന്നില്‍ ബിജെപിയിലെ ഗ്രൂപ്പിസവും കാരണമായി. ഒടുവില്‍ മുഖ്യമന്ത്രി പിണറായിതന്നെ ഐഐടിക്കു ശിലയിട്ടാല്‍ മതിയെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. എന്നാല്‍ ഐഐടി കേന്ദ്രസ്ഥാപനമാണെന്നും അതിന്റെ ശിലയിടല്‍പരിപാടി സംസ്ഥാന മുഖ്യമന്ത്രിമാത്രം പങ്കെടുത്തു നടത്തുന്നത് അനുചിതമാണെന്നും കേന്ദ്രമന്ത്രിയുടെകൂടി സൌകര്യം കണക്കിലെടുത്ത് തീയതി നിശ്ചയിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാടെടുത്തു. ആദ്യം പ്രധാനമന്ത്രിയെ കൊണ്ടുവരാന്‍ ബിജെപി നേതൃത്വം ശ്രമിച്ചിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രിയെകൊണ്ട് ശിലയിടുവിക്കാനാണ് നിര്‍ദേശിച്ചത്. 
2014ലാണ് ആറ് പുതിയ ഐഐടികള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പാലക്കാടിനു പുറമേ ആന്ധ്രപ്രദേശിലെ തിരുപ്പതി, കര്‍ണാടകയിലെ ധാര്‍വാര്‍, ഗോവ, ഛത്തീസ്ഗഡിലെ ഭിലായ്, ജമ്മു എന്നിവിടങ്ങളിലാണ് ഐഐടി അനുവദിച്ചത്. താല്‍ക്കാലികമായെങ്കിലും മികച്ച സംവിധാനങ്ങള്‍ ദ്രുതഗതിയില്‍ തയ്യാറാക്കി റിപ്പോര്‍ട്ടു നല്‍കിയ കേരളത്തില്‍ ഐഐടി പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതി നല്‍കി. 
എം ബി രാജേഷ് എംപിയുടെ സഹായത്തോടെ കോഴിപ്പാറ അഹല്യ ക്യാമ്പസില്‍ താല്‍ക്കാലിക ക്യാമ്പസ് തയ്യാറാക്കി. മെയിന്‍ ക്യാമ്പസ്, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, സ്റ്റുഡന്റ്സ് ഹോസ്റ്റല്‍, ലാബ് എന്നിവ ഇവിടെ ഒരുക്കാന്‍ കഴിഞ്ഞു. ഇത് മികച്ച നിലവാരമുള്ളതാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് 2015ല്‍ പാലക്കാട്ട് ഐഐടി പ്രവര്‍ത്തനം തുടങ്ങാന്‍ അനുമതി ലഭിച്ചത്. മറ്റ് ഐഐടികള്‍ പൂര്‍ത്തിയാകുന്നതിനുമുമ്പേ പാലക്കാട്ട് പ്രവര്‍ത്തനം തുടങ്ങുന്നത് ജില്ലയ്ക്ക് അഭിമാനമാകും.