23 September Sunday

കുതിരാനിൽ ദുരിതം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Aug 18, 2018
വടക്കഞ്ചേരി
വടക്കഞ്ചേരി– മണ്ണുത്തി ദേശീയപാതയിൽ  കുതിരാനിൽ  കാലവർഷക്കെടുതി തുടരുന്നു. വ്യാഴാഴ്ച്ച പുലർച്ചെ കുതിരാൻ അയ്യപ്പക്ഷേത്രത്തിനുസമീപം മലയിടിഞ്ഞുവീണ‌് ഏഴു വാഹനങ്ങൾ മണ്ണുമൂടി. ഇതിൽ ഒരു വാഹനത്തിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചിരുന്നു. തിരുവനന്തപുരം വെമ്പായം സ്വദേശി അജിത്കുമാറാണ് മരിച്ചത്. തുടർന്ന് രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കെ മൂന്നിടങ്ങളിൽ വീണ്ടും മണ്ണിടിഞ്ഞു.  വെള്ളിയാഴ്‌ച രാത്രിയോടെ കുതിരാനിൽ ഒരുഭാഗത്ത്‌ കൂടി വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി.  
വ്യാഴാഴ‌്ച രാത്രിയോടെയാണ് ബൈക്കിൽ തൃശൂരിലേക്കു പോകുകയായിരുന്ന രണ്ട്പേരുടെ മുകളിലേക്ക് മരം കടപുഴകി വീണത്. പന്തലാമ്പാടം രക്കാണ്ടി മണ്ണാത്തിമറ്റത്തിൽ ജോയ്(60), മരുമകൻ ബൈജു(38)എന്നിവർക്കാണ് പരിക്കേറ്റത‌്. രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല. ടാങ്കറിനു മുകളിൽ മലയിടിഞ്ഞു വീണ‌് ഗതാഗതം സ‌്തംഭനം  തുടരുന്നു. വെള്ളിയാഴ‌്ച പുലർച്ചെ ഒന്നോടെയാണ‌് ഗ്യാസ് ടാങ്കറിന് മുകളിലേക്ക് മലയിടിഞ്ഞു വീണത്. അമ്പലത്തിന് എതിർവശത്തെ മലയാണ് ഇടിഞ്ഞത്. ഡ്രൈവർമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു.  
പീച്ചി, വടക്കഞ്ചേരി, ഹൈവേ പൊലീസ്, അഗ്നിശമന സേന യൂണിറ്റ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ‌്.  ഗതാഗതം പൂർവസ്ഥിതിയിലാക്കാൻ ചുരുങ്ങിയത‌് രണ്ട് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് നിഗമനം. അതേസമയം വടക്കഞ്ചേരി മുതൽ കുതിരാൻ വരെയുള്ള ആറുവരിപ്പാതയിൽ ഇരു ഭാഗങ്ങളിലുമായി മണ്ണിടിച്ചൽ തുടരുകയാണ്. 
ഇരുപതോളം പ്രദേശങ്ങളിലാണ് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ മണ്ണിടിഞ്ഞത്. ഈ പ്രദേശങ്ങളിൽ വൈദ്യുതത്തൂണുകൾ തകർന്നു വീണതിനാൽ വിതരണവും നിലച്ചു. ഇടിഞ്ഞ ഭാഗങ്ങളിലെ മണ്ണുകൾ നീക്കം ചെയ്യാനോ വൈദ്യുതത്തുണുകൾ മാറ്റാനോ അധികൃതർ തയ്യാറായിട്ടില്ല‌.
 
പ്രധാന വാർത്തകൾ
Top