Top
21
Thursday, September 2017
About UsE-Paper

ആര്‍എസ്എസ് പെരുമാറ്റച്ചട്ടം പുച്ഛിച്ചു തള്ളണം: മഹിളാ അസോ.

Tuesday Jul 18, 2017
വെബ് ഡെസ്‌ക്‌
ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ പാലക്കാട് ഹെഡ്പോസ്റ്റോഫീസിലേക്ക് നടത്തിയ പ്രതിഷേധമാര്‍ച്ച്

 പാലക്കാട് > സ്ത്രീകളുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്യ്രത്തിനുമെതിരെ വര്‍ഗീയ ശക്തികള്‍ നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കെതിരെ സ്ത്രീ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാക്കമ്മിറ്റി ആഹ്വാനം ചെയ്തു. ആര്‍എസ്എസിന്റെയും ബിജെപിയുടെയും കടന്നാക്രമണങ്ങള്‍ ദിനംപ്രതി കൂടി വരികയാണ്. ഹിന്ദു വര്‍ഗീയ ആശയങ്ങള്‍ ഇന്ത്യന്‍ ജനതയെ അടിച്ചേല്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീകള്‍ സാരി മാത്രം ധരിച്ചാല്‍ മതിയെന്നുള്ള തിട്ടൂരങ്ങള്‍. ഇവയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം.

കാലങ്ങളായി നിലനില്‍ക്കുന്ന സാംസ്കാരിക പാരമ്പര്യം അനുസരിച്ച് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം സംഘടിത പോരാട്ടങ്ങളിലൂടെയാണ് സ്ത്രീ സമൂഹം നേടിയെടുത്തത്. മാറു മറയ്ക്കാനുള്ള അവകാശത്തില്‍ നിന്ന് മാന്യമായ ഇഷ്ടവസ്ത്രം ധരിക്കാനുള്ള സ്വാതന്ത്യ്രത്തിലേക്ക് സ്ത്രീ ഇന്ന് എത്തിനില്‍ക്കുമ്പോള്‍ വീണ്ടും പഴയകാലത്തേക്ക് തള്ളിവിട്ട് സ്ത്രീയെ അടിച്ചമര്‍ത്താനുള്ള നീക്കം ചെറുത്തുതോല്‍പ്പിക്കണം. സ്ത്രീ ധരിക്കുന്ന വസ്ത്രം സാരി മാത്രമായിരിക്കണമെന്ന ആര്‍എസ്എസിന്റെയും ബിജെപിയുടെയും ആശയ പ്രചാരണം കേന്ദ്ര സര്‍ക്കാരിന്റെ ഭരണ സ്വാതന്ത്യ്രം ഉപയോഗിച്ച് നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരത്തിലുള്ള ജനവിരുദ്ധ പ്രചാരണങ്ങളെ ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണമെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും അസോസിയേഷന്‍ ജില്ലാക്കമ്മിറ്റി ആവശ്യപ്പെട്ടു.
ജനാധിപത്യ മഹിളാ അസോസിയേഷന്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി വിജയലക്ഷമി, കുമാരി, സരള, വിനു, ഷീജ എന്നിവര്‍ സംസാരിച്ചു.