Top
26
Wednesday, July 2017
About UsE-Paper

ചരിത്രമുറങ്ങുന്ന കിണര്‍ നവീകരിച്ചു; ഇനി ജലസമൃദ്ധിയുടെ നിറവ്

Monday Jul 17, 2017
വെബ് ഡെസ്‌ക്‌
ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നവീകരിച്ച റെയില്‍വേ സ്റ്റേഷനിലെ 115 വര്‍ഷം പഴക്കമുള്ള കിണര്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ നാടിന് സമര്‍പ്പിക്കുന്നു

 തൃശൂര്‍ > മന്ത്രി വി എസ് സുനില്‍കുമാറിന്റെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 21 ലക്ഷം രൂപ ചെലവഴിച്ച് പുനര്‍നിര്‍മിച്ച റെയില്‍വേ സ്റ്റേഷനിലെ വലിയ കിണര്‍ നാടിന് സമര്‍പ്പിച്ചു. ആവിവണ്ടികളുടെ കാലത്ത് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച 115 വര്‍ഷത്തെ പഴക്കമുള്ള കിണര്‍ അമ്പത് വര്‍ഷമായി നാട്ടുകാരുടെ മാലിന്യം തള്ളാനുള്ള കേന്ദ്രമായി മാറിയിരുന്നു. സംസ്ഥാന നിര്‍മിതി കേന്ദ്രം ഏറ്റെടുത്തതോടെയാണ് കിണറിന് ശാപമോക്ഷമായത്. സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കിണര്‍ നവീകരിച്ചത്. 

ഞായറാഴ്ച നടന്ന ചടങ്ങില്‍ മന്ത്രി വി എസ് സുനില്‍കുമാര്‍ നവീകരിച്ച കിണര്‍ തുറന്നുകൊടുത്തു. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, കലക്ടര്‍ ഡോ. എ കൌശികന്‍, കോര്‍പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി സുകുമാരന്‍, റെയില്‍വേ സ്റ്റേഷന്‍ മാനേജര്‍ ജോസഫ് നൈനാന്‍, ആര്‍കിടെക്ട് എന്‍ എം വിനോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ പച്ചബലൂണ്‍ ഉയര്‍ത്തി കിണറിനുചുറ്റുംനിന്ന് ജലസംരക്ഷണ പ്രതിജ്ഞയെടുത്തു. 
പത്തോളം തൊഴിലാളികളുടെ ഒരുമാസത്തെ കഠിന ശ്രമത്തിനുശേഷമാണ് കിണര്‍ നവീകരണം പൂര്‍ത്തിയാക്കിയത്. പൂര്‍ണമായും ശുദ്ധീകരിക്കപ്പെട്ട കിണറില്‍ ഇപ്പോള്‍ എട്ടുമീറ്റര്‍ ജലസമൃദ്ധിയുണ്ട്. നവീകരിച്ച കിണര്‍ ഇരുമ്പുമറകൊണ്ട് സുരക്ഷിതമാക്കിയിട്ടുണ്ട്. തൃശൂര്‍ റെയില്‍വേയുടെ ചരിത്രത്തിനൊപ്പം ഇടംപിടിച്ച കിണര്‍ നിര്‍മിതികേന്ദ്രം ഞായറാഴ്ചയാണ് തൃശൂര്‍ റെയില്‍വേയ്ക്ക്്് തിരിച്ചുനല്‍കിയത്.
റാന്‍സ് ആന്‍ഡ് റാപ്പിയര്‍ എന്ന ഇംഗ്ളണ്ട് കമ്പനിയാണ് നൂറ്റാണ്ടിനുമുന്നേ കിണര്‍ നിര്‍മിച്ചത്. 13 മീറ്റര്‍ താഴ്ചയും 10.6 മീറ്റര്‍ ചുറ്റളവുമുള്ള കിണറിന്റെ മതില്‍ 0.80 മീറ്റര്‍ വീതിയില്‍ കരിങ്കല്ലുകൊണ്ടാണ് കെട്ടിയുയര്‍ത്തിയിരിക്കുന്നത്. ശുദ്ധമായ തണുത്ത ജലം ലഭിക്കാനായി പൌരാണിക ബ്രിട്ടീഷ് ശൈലിയില്‍ നെല്ലിപ്പലകവരെ പടുത്താണ് കിണര്‍ നിര്‍മിച്ചിരിക്കുന്നത്. കേരളത്തില്‍ ഇത്ര വലുപ്പമുള്ള മറ്റൊരു കിണറില്ലെന്നാണ് പറയുന്നത്.