Top
26
Wednesday, July 2017
About UsE-Paper
കര്‍ക്കടകം പിറന്നു:

പാലക്കാട്ട് 26 ശതമാനം മഴക്കുറവ്

Monday Jul 17, 2017
വെബ് ഡെസ്‌ക്‌
മഴയൊഴിഞ്ഞ സായാഹ്നത്തില്‍ മംഗലം ഡാമില്‍ മീന്‍പിടിക്കുന്ന മത്സ്യത്തൊഴിലാളി

 പാലക്കാട് > ഇടവപ്പാതിയുടെ പ്രധാന ഭാഗം പിന്നിട്ടപ്പോള്‍ പാലക്കാട്ട് 26 ശതമാനം മഴക്കുറവ്. തിങ്കളാഴ്ച കര്‍ക്കടകം പിറന്നിട്ടും നെല്ലറയുടെ ദാഹം തീര്‍ന്നിട്ടില്ല. അണക്കെട്ടുകള്‍ മെലിഞ്ഞുതന്നെ കിടക്കുന്നു. ഒന്നാം വിളയിറക്കിയ കര്‍ഷകരുടെ ആശങ്ക പൂര്‍ണമായും ഇല്ലാതായില്ല. മൂന്ന് ദിവസമായി ലഭിക്കുന്ന ചെറിയ മഴ തല്‍ക്കാലത്തേക്ക് ആശ്വാസമായെങ്കിലും ഇനിയും മഴ പെയ്യാതിരുന്നാല്‍ ഒന്നാം വിളയെ രക്ഷിക്കാന്‍ കഴിയുമോയെന്ന സംശയത്തിലാണ് കര്‍ഷകര്‍.

ജൂണ്‍ ഒന്നുമുതല്‍ ജൂലൈ 16 വരെയുള്ള മഴയുടെ കണക്കനുസരിച്ച്  ജില്ലയില്‍ 26 ശതമാനമാണ് കുറവെന്ന് ദേശീയ കാലാവസ്ഥാ പഠനകേന്ദ്രം വിലയിരുത്തുന്നു. 62 ശതമാനം കുറവുള്ള വയനാട് ജില്ലയാണ് മഴയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍. ആലപ്പുഴ18 ശതമാനം കുറവ്, എറണാകുളം9, കാസര്‍കോട്16 , കൊല്ലം9, കോട്ടയം10, കോഴിക്കോട്11 ശതമാനം എന്നിങ്ങനെയാണ് ജില്ലകളില്‍  സാധാരണഗതിയിലുള്ള മഴ ലഭിച്ചത്. 20 ശതമാനം വരെയുള്ള മഴക്കുറവിനെയും സാധാരണ മഴലഭ്യതയായാണ് കണക്കാക്കുക. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും മഴ കുറവാണ്. ഒരു ജില്ലയിലും ഈ കാലയളവ് മൊത്തമായി കണക്കാക്കുമ്പോള്‍ മഴകൂടുതല്‍ ലഭിച്ചിട്ടില്ല.
കൂടുതല്‍ മഴ കിട്ടിയ ആഴ്ച ജൂണ്‍ 28ന് അവസാനിച ആഴ്ചയാണ്. ആ ആഴ്ചയില്‍ കണ്ണൂര്‍, വയനാട്  ഒഴികെയുള്ള എല്ലാ ജില്ലകളിലും കൂടുതല്‍ മഴ ലഭിച്ചു. ആലപ്പുഴ75 ശതമാനം, എറണാകുളം66, ഇടുക്കി66, കാസര്‍കോട്10, കൊല്ലം142, കോട്ടയം73 , കോഴിക്കോട്25, മലപ്പുറം77, പാലക്കാട്90, പത്തനംതിട്ട114 , തിരുവനന്തപുരം118, തൃശൂര്‍60 ശതമാനം എന്നിങ്ങനെ കൂടുതല്‍ മഴ ലഭിച്ചു. 
ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 16 വരെയുള്ള കാലയളവില്‍ കേരളത്തില്‍ 25 ശതമാനം മഴ കുറവാണ് ലഭിച്ചത്. 1052.3 സെന്റീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് 792.9 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ആഗസ്ത് 30 വരെയുള്ള മഴ ഇടവപ്പാതിയുടെ മഴയായി കണക്കാക്കാം. എന്നാല്‍ കൂടുതല്‍ മഴ ലഭിക്കുള്ള കാലയളവ് ജൂണ്‍ ഒന്നു മുതല്‍ ജൂലൈ പകുതി വരെയാണ്. ഇതുവരെ ലഭിച്ച മഴയുടെ തോത് നോക്കിയാല്‍ മഴ കുറവാണ്. ഇടവപ്പാതിയുടെ അവശേഷിക്കുന്ന ദിവസങ്ങളില്‍ ഇനി അധികം പ്രതീക്ഷ വച്ചുപുലര്‍ത്താന്‍  കഴിയില്ല. തുലാവര്‍ഷത്തില്‍ അധിക മഴ ലഭിച്ചാല്‍ മാത്രമെ കേരളത്തിന് ശരാശരി മഴ ലഭിച്ചൂവെന്ന് പറയാന്‍ കഴിയൂ.
കിട്ടുന്ന മഴ തന്നെ ചെറിയ അളവില്‍ കൂടുതല്‍ ഇടവേളകളിലാണ് ലഭിക്കുന്നത്. മണ്ണിലേക്കാഴ്ന്നിറങ്ങാനോ ഭൂഗര്‍ഭജലസമ്പത്തിനെ പോഷിപ്പിക്കാനോ ഇത് പര്യാപ്തമല്ല. തോടുകളിലും പുഴകളിലും നീരൊഴുക്ക് കുറവാണ്. ഇതുകാരണം അണക്കെട്ടുകളുടെ ജലസംഭരണികള്‍ക്ക് കാര്യമായ ഒരു വ്യത്യാസവും സംഭവിച്ചിട്ടില്ല. മലമ്പുഴ, കാഞ്ഞിരപ്പുഴ, പോത്തുണ്ടി, മീങ്കര, ചുള്ളിയാര്‍, മംഗലം അണക്കെട്ടുകളിലേക്ക് കാര്യമായ നീരൊഴുക്കുമുണ്ടായില്ല. തുലാവര്‍ഷത്തില്‍ ഇത് പരിഹരിക്കാന്‍ തക്കവിധം മഴ ലഭിച്ചില്ലെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ രണ്ടാം വിള ഉപേക്ഷിക്കേണ്ടിവരും.  
കൃഷിക്ക് വെള്ളം കുറയുന്നതിനൊപ്പം ശുദ്ധജലവിതരണ പദ്ധതികളുടെ നിലനില്‍പ്പിനെയും മഴക്കുറവ് ബാധിക്കും. മഴക്കാലമായതിനാല്‍ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് കുറച്ച് ഉയര്‍ന്നിട്ടുണ്ട്. ഡിസംബര്‍ വരെ വലിയ ബുദ്ധിമുട്ടില്ലാതെ ശുദ്ധജലം ലഭിച്ചേക്കും. തുലാവര്‍ഷ മഴ അധികമായി ലഭിച്ചില്ലെങ്കില്‍ 2018 ആകുമ്പോഴേക്ക് നിരവധി പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം ഉണ്ടാകും.  ഭാരതപ്പുഴയെയും അതിന്റെ പോഷകനദികളെയും അണക്കെട്ടുകളെയും ആശ്രയിച്ചാണ് ജില്ലയിലെ 90 ശതമാനം പഞ്ചായത്തുകളിലും ശുദ്ധജല വിതരണം നിര്‍വഹിക്കുന്നത്. പുഴകളും അണക്കെട്ടുകളും ജലസമൃദ്ധമായില്ലെങ്കില്‍ അടുത്ത വര്‍ഷത്തെ വരള്‍ച്ച കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. 

Related News

കൂടുതൽ വാർത്തകൾ »