27 May Sunday
നടപടി വേഗത്തിൽ

അകത്തേത്തറ മേൽപ്പാലം; സ്ഥലവില നിശ‌്ചയിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 16, 2018

അകത്തേത്തറ നടക്കാവിൽ മേൽപ്പാലം നിർമിക്കുന്ന റെയിൽവേ ഗേറ്റ്‌ ഭാഗം

 പാലക്കാട‌് 

അകത്തേത്തറ റെയിൽവേ മേൽപ്പാലം  നിർമാണത്തിന്റെ നടപടിക്രമം അവസാനഘട്ടത്തിൽ. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ വില നിശ‌്ചയിക്കുന്ന നടപടിയും  പൂർത്തിയായി. ആധാരത്തിൽ കാണിച്ച വിലയുടെ 112 ശതമാനവും അതിനു മുകളിൽ വിപണിവിലയും കണക്കാക്കി സെന്റിന‌് 3.75 ലക്ഷം രൂപവരെ ലഭിക്കും. കടയും വീടും പൂർണമായും  നഷ‌്ടപ്പെടുന്നവർക്കു വർഷം 60,000 രൂപ വീതം  നൽകാനും തീരുമാനമായി. പൊളിക്കുന്ന കെട്ടിടഭാഗങ്ങൾക്ക‌് മാത്രം വില നൽകുക എന്ന പഴയ രീതി അകത്തേത്തറയിൽ നടപ്പാക്കില്ല. പൊളിച്ചശേഷം കെട്ടിടത്തിന്റെ ബാക്കിഭാഗത്തിന്റെ ബലക്ഷമത പരിശോധിച്ച‌് നഷ്ടപരിഹാരം നൽകും. ഇതിനായി വീണ്ടും കെട്ടിടങ്ങളുടെ വില നിർണയിക്കും. പൊളിക്കുന്ന കെട്ടിടങ്ങളുടെ പട്ടിക പൊതുമരാമത്ത‌് കെട്ടിടവിഭാഗം എക‌്സിക്യുട്ടീവ‌് എൻജിനിയറുടെ പരിശോധനയ‌്ക്ക‌്ശേഷം മാനദണ്ഡങ്ങൾ നോക്കി തുക അനുവദിക്കും. ഇത്തരത്തിൽ തീരുമാനമെടുക്കാൻ കലക്ടർക്ക‌് അധികാരമുണ്ട‌്. ഇതു സംബന്ധിച്ച‌് റിപ്പോർട്ട‌് ലാൻഡ‌് അക്വിസിഷൻ വിഭാഗം കലക്ടർക്ക‌് സമർപ്പിക്കുകയും ചെയ‌്തു. 
അകത്തേത്തറയിൽ മേൽപ്പാലം നിർമിക്കണമെന്ന‌ത‌് ജനങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ‌്.  നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് സ്ഥാനാർഥിയായിരുന്ന വി എസ‌് അച്യുതാനന്ദൻ ജനങ്ങൾക്ക‌് നൽകിയ ഉറപ്പും മേൽപ്പാലം യാഥാർഥ്യമാക്കുമെന്നായിരുന്നു. സർക്കാർ അധികാരത്തിലേറി  ആദ്യബജറ്റിൽത്തന്നെ 25കോടി രൂപ നീക്കിവച്ചു. തുടർന്ന‌് എസ‌്റ്റിമേറ്റ‌് തയ്യാറാക്കി 39 കോടി രൂപ വകയിരുത്തി. ഇതിന‌് കിഫ‌്ബി അംഗീകാരവും നൽകി. 1.28 ഏക്കർ സ്ഥലമാണ‌് മേൽപ്പാലത്തിനുവേണ്ടി ആകെ ഏറ്റെടുക്കേണ്ടിവരുന്നത‌്. ഇതിൽ 75 സെന്റ‌് മാത്രമാണ‌് സ്വകാര്യവ്യക്തികളുടെ സ്ഥലം. ബാക്കിയുള്ളത‌് സർക്കാർ ഭൂമിയാണ‌്. 36 പേരുടെ സ്ഥലമാണ‌് ഏറ്റെടുക്കേണ്ടിവരിക. ഇതിൽ 13പേർക്ക‌് പൂർണമായും വീടും കെട്ടിടവും നഷ‌്ടമാകും.   ഇവർക്ക‌് സർക്കാർ ആശ്വാസനടപടിയും പ്രഖ്യാപിച്ചിട്ടുണ്ട‌്. നിലവിൽ തർക്കവിഷയമായ സ്ഥലവില നിശ‌്ചയിച്ചതിലെ  കുറവ‌് പരിഹരിക്കാൻ കലക്ടർക്ക‌് സർക്കാർ നിർദേശം നൽകിയിട്ടുണ്ട‌്. കലക്ടർക്ക‌് 50 ശതമാനം അധികം നൽകാൻ ചട്ടമുണ്ട‌്.
അകത്തേത്തറ മേൽപ്പാലം സ്ഥലമേറ്റെടുപ്പ‌് നടപടിയിലെ  പ്രശ‌്നങ്ങൾ കഴിഞ്ഞ ദിവസം പഞ്ചായത്ത‌് പ്രസിഡന്റ‌് ഡി സദാശിവൻ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി എ ഗോകുൽദാസ‌് എന്നിവർ മഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. മന്ത്രി എ കെ ബാലനുമൊത്താണ‌് മുഖ്യമന്ത്രിയെ കണ്ടത‌്. തുടർന്നാണ‌് മുഖ്യമന്ത്രി ഇടപെട്ട‌് നടപടിക്രമം വേഗത്തിലാക്കിയത‌്.
പ്രധാന വാർത്തകൾ
Top