20 September Thursday

ക്യാമ്പിലേക്കുള്ള ഭക്ഷണവും വസ‌്ത്രവും കൈയടക്കി ബിജെപി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018
പാലക്കാട്
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക‌് വിവിധ സന്നദ്ധ സംഘടനകൾ നൽകിയ പുത്തൻ വസ‌്ത്രങ്ങളും ഭക്ഷ്യധാന്യവും ബിജെപി നേതാക്കൾ കൈയടക്കിയതായി ആരോപണം. 
കുമരപുരം ഹയർ സെക്കൻഡറി സ്കൂളിൽ സർക്കാർ ആരംഭിച്ച  ദുരിതാശ്വാസ ക്യാമ്പിൽ സാധനങ്ങൾ സൂക്ഷിച്ച സ‌്റ്റോർ റൂമിന്റെ താക്കോൽ ബിജെപി നേതാവ‌് കൈവശം വയ‌്ക്കുകയും ക്യാമ്പിൽ കഴിയുന്നവർക്ക‌് നൽകാതെ സാധനങ്ങൾ മറിച്ചുവിൽക്കുകയുമാണെന്നുമാണ‌് ആക്ഷേപം. ഇതിന‌് പുറമെ ക്യാമ്പിൽ കഴിയുന്നവർക്കിടയിൽ ആശയകുഴപ്പമുണ്ടാക്കുന്ന പ്രചാരണവും നടത്തുന്നു.  ക്യാമ്പുകൾ നടക്കുന്നിടത്ത് സന്നദ്ധ പ്രവർത്തകർ കൈമാറിയ സാധന സാമഗ്രികൾ സൂക്ഷിച്ച സ്റ്റോർ റൂം താക്കോൽ റവന്യു അധികൃതർക്ക് നൽകില്ലെന്ന പിടിവാശിയുമായി കൗൺസിലർ നിന്നു. ഇതോടെ  എം ബി രാജേഷ് എംപി സ്ഥലത്തെത്തി ഇവരുമായി സംസാരിച്ചു. സന്നദ്ധ സംഘടനകൾ റവന്യു വകുപ്പ‌് മാനദണ്ഡങ്ങൾ അനുസരിച്ച് വേണം പ്രവർത്തിക്കാൻ എന്ന് കഴിഞ്ഞദിവസം ചേർന്ന അവലോകന യോഗം തീരുമാനിച്ചിരുന്നു. ക്യാമ്പുകളിൽ നിയന്ത്രണവും ഏർപ്പെടുത്തി. എന്നാൽ ക്യാമ്പ് തങ്ങളുടെ മേൽനോട്ടത്തിൽനിന്ന് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് ബിജെപി വാദിച്ചു. ഒടുവിൽ റവന്യു അധികൃതരെ താക്കോൽ ഏൽപ്പിച്ചെങ്കിലും  സാധന സാമഗ്രികൾ വിട്ടുതരില്ലെന്ന് പറഞ്ഞു. 
സാധന സാമഗ്രികൾ രാത്രികാലങ്ങളിൽ വാഹനങ്ങളെത്തിച്ച് മറ്റിടങ്ങളിലേക്ക് മാറ്റുന്നതായി ക്യാമ്പിലുള്ളവർ പറഞ്ഞു. വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ നിലവിൽ നഗരത്തിൽ പ്രവർത്തിക്കുന്നവരെ താൽക്കാലികമായി കഞ്ചിക്കോട്ടേക്ക‌് മാറ്റുന്നതായി റവന്യു അധികൃതർ അറിയിച്ചിരുന്നു. എന്നാൽ അവിടേക്ക‌് മാറ്റുന്നത് നാടുമായുള്ള ബന്ധം ഇനിയുണ്ടാകില്ലെന്ന ബിജെപി പ്രവർത്തകരുടെ വ്യാജ പ്രചാരണത്തിൽ ഭയപ്പാടിലാണ് വിവിധ ക്യാമ്പുകളിലുള്ളവർ. ആരുംതന്നെ കഞ്ചിക്കോട്ടേക്ക‌് മാറാൻ തയ്യാറാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികൾക്കായി കഞ്ചിക്കോട‌് നിർമിച്ച അപ്നാഘർ വെള്ളപ്പൊക്കത്തിൽ വീട‌് നഷ്ടപ്പെട്ടവർക്ക് തുറന്നുകൊടുക്കണമെന്ന് ബിജെപിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രാദേശികനേതൃത്വം ഇതിനെതിരെയാണ‌് പ്രചാരണം നടത്തുന്നത‌്.  
ഇതിനിടെ ബിജെപിയുടെ മംഗലാപുരം എംപി നളിൻകുമാർ കട്ടീലിനെ ദുരിതബാധിത പ്രദേശത്ത‌് എത്തിച്ച് എല്ലാം തങ്ങളുടെ അധീനതയിലാണ് എന്ന് വരുത്തിത്തീർക്കാൻ ശ്രമം നടത്തുന്നതായും ആരോപണമുണ്ട്. വെള്ളപ്പൊക്ക പ്രദേശങ്ങളിൽ സർക്കാർ ഫലപ്രദമായി ഇടപെടുമ്പോൾ അതിനെ തുരങ്കം വയ‌്ക്കാനും രാഷ്ട്രീയ മുതലെടുപ്പ‌് നടത്താനുമാണ‌് ബിജെപിയുടെ ശ്രമം. ദുരിതാശ്വാസ ക്യാമ്പ‌് നടത്തിപ്പിലും ഇവരുടെ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ആക്ഷേപമുണ്ട‌്.
പ്രധാന വാർത്തകൾ
Top