20 July Friday

വിഷുവിപണി പൊടിപൊടിച്ചു; പച്ചക്കറിക്ക് വിലക്കയറ്റമില്ല

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018
പാലക്കാട് > വിഷുവിപണിയിൽ കച്ചവടം പൊടിപൊടിച്ചു. ശനിയാഴ്ച രാവിലെ മുതൽ തിരക്കോടു തിരക്കുതന്നെ. കുടുംബശ്രീ നേതൃത്വത്തിൽ നടത്തിയ പച്ചക്കറിച്ചന്തകളിലും ജനം തിക്കിത്തിരക്കി. ജില്ലയിൽ കുടുംബശ്രീയും കൃഷിവകുപ്പും സംയുക്തമായി 35 പച്ചക്കറിച്ചന്തകളാണ് തുടങ്ങിയത്. കർഷകരിൽനിന്ന് പത്തുശതമാനം വില കൂട്ടിവാങ്ങി പൊതുവിപണിയിൽനിന്ന് 30 ശതമാനം വില കുറച്ചാണ് സാധനങ്ങൾ വിറ്റത്. കുടുംബശ്രീയെ കൂടാതെ ക്ലബുകളും പരമ്പരാഗത കർഷകരും ഉൽപ്പാദിപ്പിച്ച വിഷരഹിത പച്ചക്കറികളും വൻ തോതിൽ വിപണിയിലെത്തിയതോടെയാണ് പച്ചക്കറി വിലക്കയറ്റം പിടിച്ചുനിർത്തിയത്. 
എന്നാൽ, കണിയൊരുക്കുന്ന സാധനങ്ങൾക്ക് തോന്നുംപോലെയാണ് വില. കണിവെള്ളരി ഏറ്റവും ചെറുതിത് 40 രൂപ വാങ്ങിയപ്പോൾ ചെറിയ കണിമത്തന് വിഷുകച്ചവടക്കാർ ഏറ്റവും ചെറുതിന് 30 രൂപ ഈടാക്കി. പടവലങ്ങ ചെറുത് ഒന്നിന് 15 രൂപയാണ്. വലുപ്പം കൂടുന്നതിനനുസരിച്ച് വിലയും കൂട്ടി.
പഴങ്ങളുടെ വിലയും കുത്തനെ കൂട്ടി. മുന്തിരി കിലോയ്ക്ക് 60 മുതൽ 100 രൂപ വരെയാണ്. ഓറഞ്ചിന് 70 മുതൽ 80 വരെയും വാങ്ങി. ആപ്പിൾ ഒന്നിന് 20 രൂപയും മാങ്ങ കിലോയ്ക്ക് തരാതരമനുസരിച്ച് 60 മുതൽ നൂറു രൂപവരെയും ഈടാക്കി. കദളിപ്പഴത്തിന് 80 രൂപയും സാധാരണ പഴത്തിന് 60 രൂപ വരെയും വാങ്ങി.
പടക്കവിപണിയിലും ശനിയാഴ്ച തിരക്കേറി. ലൈസൻസ് കർശനമാക്കിയതിനാൽ ഉള്ള കടകളിൽ ജനം തിക്കിത്തിരക്കി. വഴിയോര കച്ചവടക്കാർക്കും കച്ചവടം പൊടിപൊടിച്ചു. വൈകിട്ട് പെയ്ത ചെറിയ മഴ കച്ചവടത്തെ സാരമായി ബാധിച്ചില്ല.
പ്രധാന വാർത്തകൾ
Top