Top
20
Monday, November 2017
About UsE-Paper

കല്‍പ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌
കല്‍പ്പാത്തി അഗ്രഹാരങ്ങളില്‍ രഥങ്ങള്‍ അവസാനഘട്ട മിനുക്കുപണിയില്‍

 പാലക്കാട് > ചരിത്രപ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. നാല് ദിവസംനീളുന്ന രഥോത്സവത്തിന് ഇത്തവണ പ്രത്യേകതകള്‍ നിരവധി. പൂര്‍ണമായും പ്ളാസ്റ്റിക് വിമുക്ത ഉത്സവമെന്ന സന്ദേശം എത്തിക്കാന്‍  ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഉത്സവം സംഘടിപ്പിക്കുന്നത്. രഥോത്സവത്തിന് മുന്നോടിയായി ഒരാഴ്ചനീണ്ട സംഗീതോത്സവം തിങ്കളാഴ്ച സമാപിച്ചു. സമാപനസമ്മേളനം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. 

ജാതിമതവ്യത്യാസമില്ലാതെ പാലക്കാടിന്റെ മുഴുവന്‍ ജനങ്ങുടേയും ഉത്സവമായി ആഘോഷിക്കുന്ന രഥോത്സവത്തിന്റെ ഒന്നാംദിനമായ ചൊവ്വാഴ്ച രാവിലെ കല്‍പ്പാത്തി ഗ്രാമങ്ങളിലെ വിവിധ ക്ഷേത്രങ്ങളില്‍ ചടങ്ങുകള്‍ തുടങ്ങും. തുടര്‍ന്ന് രഥോത്സവത്തിന്റെ ഭാഗമായ കല്യാണോത്സവം നടക്കും. രാവിലെ കുണ്ടമ്പലത്തിലെ മൂന്ന് രഥങ്ങളും പ്രയാണം ആരംഭിക്കും. രഥപ്രയാണം പുതിയ കല്‍പ്പാത്തി മന്തക്കര ഗണപതിക്ഷേത്രംവരെ പോയി തിരികെ വൈകിട്ട് അച്ചന്‍പടിയില്‍  പ്രയാണം അവസാനിക്കും. രണ്ടാംദിനത്തില്‍ അച്ചന്‍പടിയില്‍നിന്ന് ആരംഭിച്ച് ചാത്തപുരം വഴി പഴയകല്‍പ്പാത്തിയില്‍ അവസാനിക്കും. മൂന്നാംദിവസം പഴയകല്‍പ്പാത്തിയില്‍നിന്ന് ആരംഭിച്ച് വൈകിട്ട് ആറോടെ കല്‍പ്പാത്തി തേരുമുട്ടിയിലെത്തും. രണ്ടാംദിനത്തിലാണ് പുതിയ കല്‍പ്പാത്തി മന്തക്കരയിലെ രഥാരോഹണം നടക്കുക.  മൂന്നാംദിനം വൈകിട്ട് തേര്മുട്ടിയില്‍ച്ചെന്ന് തിരികെ പോകും. അവസാനദിനത്തില്‍ കുണ്ടമ്പലം തേര്മുട്ടിയില്‍ വൈകിട്ട് ആറോടെ രഥങ്ങള്‍ സംഗമിക്കും.   
17ന്  രാവിലെ എഴുന്നള്ളത്തിനുശേഷം പത്തുമണിയോടെ കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയിറങ്ങും. 
ഇത്തവണ ആചാരത്തിന്റെ ഭാഗമായി രഥത്തിനൊപ്പം ആനയുണ്ടാവുമെങ്കിലും ജെസിബിയാണ് കുണ്ടമ്പലത്തിലെ ഉരുക്കുചക്രങ്ങള്‍ തള്ളിനീക്കുക. കൂടുതല്‍ തിരിവുകളും വളവുകളുമുള്ളതാണ് കല്‍പ്പാത്തി ഗ്രാമത്തിലെ വഴികള്‍. ക്ഷേത്രങ്ങളിലെ പ്രസാദത്തിനും കുടിവെള്ളത്തിനുമെല്ലാം പേപ്പര്‍ഗ്ളാസുകളും ഇലകളുമാണ് ഉപയോഗിക്കുക. കടകളില്‍ തുണിസഞ്ചികള്‍ കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. 
രഥോത്സവത്തിന്റെ സുരക്ഷയ്ക്കായി ഇത്തവണ അഞ്ഞൂറോളം പൊലീസുകാരെ വിന്യസിക്കും. കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ രഥോത്സവ ഫണ്ട് വര്‍ധിപ്പിച്ചതുകൊണ്ട് ഇത്തവണ വിപുലമായാണ് രഥോത്സവം ആഘോഷിക്കുന്നത്.