24 September Monday
പട്ടാമ്പിയിൽ വിമത കൺവൻഷൻ ഇന്ന‌്

കോൺഗ്രസിനെ നിയന്ത്രിക്കുന്നത്‌ ലീഗെന്ന്‌ നേതാക്കൾ; തമ്മിലടി രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Sep 14, 2018
പട്ടാമ്പി 
പട്ടാമ്പി  കേൺഗ്രസ‌ിൽ മുസ്‌ലീം ലീഗിന്റെ അപ്രമാധിത്വത്തെ ചൊല്ലി തമ്മിലടി രൂക്ഷം. പാർടി മേഖലയിൽ  ദുർബലമായെന്നും പാർടിയുടെ സംഘടനാകാര്യങ്ങൾവരെ തീരുമാനിക്കുന്നത‌് ഇപ്പോൾ   മുസ്ലിം ലീഗാണെന്നും കെപിസിസി അംഗവും നേതാക്കളും വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. 
  കോൺഗ്രസിനെ ശക്തിപ്പെടുത്താനുളള ഒരു നടപടിയും നിലവിലെ നേതൃത്വം സ്വീകരിക്കുന്നില്ല, യുവനേതൃത്വത്തിന് പാർടിയിൽ അവഹേളനം അനുഭവിക്കേണ്ടിവരുന്നതായും നേതാക്കൾ പറഞ്ഞു. ഗ്രൂപ്പ് മാനേജർമാരുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ പാർടിയിൽനിന്ന‌് പുറത്തുചാടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അതിന്റെ   അവസാന ഇരയാണ് താനെന്നും കെപിസിസി അംഗം ടി പി ഷാജി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 
  കോൺഗ്രസിന്റെ സംഘടനകാര്യങ്ങൾ ഘടകകക്ഷികൾ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് പട്ടാമ്പിയിൽ പാർടി മാറി. തന്നെ പുറത്താക്കാൻ നിർദേശം നൽകിയത‌് ലീഗ‌് നേതാവ‌് കെ പി എ മജീദാണ‌്. കെപിസിസി അംഗത്തിനെതിരെ നടപടിയെടുത്തതിന്റെ കാരണം ഇതുവരേയും വ്യക്തമാക്കിയിട്ടില്ല. 
  മുസ്ലിംലീഗിന്റെ കൈയിലെ പാവയായി പട്ടാമ്പിയിലെ കോൺഗ്രസ് നേതൃത്വം മാറിയത് പാർടിക്ക‌് അവമതിപ്പുണ്ടാക്കി. പാർടിനടപടിക്ക‌് വിധേയരായവർ പിന്നീട് എംഎൽഎ ആവുകയും നഗരസഭ ചെയർമാനാവുകയും ചെയ്ത പാരമ്പര്യമാണ‌് പട്ടാമ്പിയിലെ കോൺഗ്രസിനുള്ളത‌്.  
   അത്തരത്തിൽ കളങ്കിതരും ദുർബലരുമായ നേതൃത്വം എഴുതി നൽകുന്ന പരാതികൾക്കനുസരിച്ചാണ് പാർടിയുടെ കാര്യങ്ങൾ പോകുകയെന്നത‌് ദൗർഭാഗ്യകരമാണെന്നും നേതാക്കൾ പറഞ്ഞു. ഇത്തരത്തിൽ പാർടിക്ക് പുറത്തുനിൽക്കുന്നവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് കെ കരുണാകരന്റെ ജന്മശതാബ്ദിയുടെ ഭാഗമായി വെള്ളിയാഴ‌്ച കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്നും ഇവർ പറഞ്ഞു.
നിലവിൽ പട്ടാമ്പിയിലെ കോൺഗ്രസ‌് നേതൃത്വത്തോട് അതൃപ്തിയുള്ളവരെ കൂട്ടിയോജിപ്പിച്ചാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്. 14ന് വൈകിട്ട് നാലിന് മേലെ പട്ടാമ്പിയിലെ ചിത്ര ഓഡിറ്റോറിയത്തിൽ  സംഘടിപ്പിക്കുന്ന കൂട്ടായ്മയിൽ  കെ കരുണാകരനെ സ്നേഹിക്കുന്ന മുഴുവൻ പ്രവർത്തകരും പങ്കെടുക്കണമെന്ന് സ്വാഗതസംഘം ഭാരവാഹികൾ  വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു.
വ്യക്തിതാൽപ്പര്യത്തിനും ഗ്രൂപ്പ് താൽപ്പര്യത്തിനുംവേണ്ടി പാർടിയെ നശിപ്പിച്ചവർക്കെതിരയൊണ്‌  കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്നും ഇവർ അവകാശപ്പെട്ടു. ഗ്രൂപ്പിന്റെ പേരിൽ പാർടിക്കുള്ളിൽനിന്ന‌് നിരവധിപേർ പുറത്തുപോയിട്ടുണ്ടന്നും ഇത്തരക്കാരെ  പാർടിയിലേക്കു തിരിച്ചുകൊണ്ടുവരികയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നും ഇവർ വ്യക്തമാക്കി. കരുണാകരന്റെ ഒപ്പംനിന്ന് ആനുകൂല്യങ്ങൾ പറ്റി അദ്ദേഹത്തെ ധിക്കരിച്ച് ‘എ’ ഗ്രൂപ്പിൽപോയവരാണ് ഇന്ന് പട്ടാമ്പിയിൽ സ്ഥാനമാനങ്ങൾ തീരുമാനിക്കുന്നതെന്നും ഇവർ പറഞ്ഞു. ടി പി ഷാജിക്കു പുറമെ സ്വാഗതസംഘം ഭാരവാഹികളായ  കെ പി ഷാഹിദ്, വി വേലായുധൻ, പി സുന്ദരൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അതേസമയം 14ന് പട്ടാമ്പിയിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തക കൂട്ടായ്മയിൽ കോൺഗ്രസിനു പങ്കില്ലെന്ന് നേതൃത്വം അറിയിച്ചു. 
പ്രധാന വാർത്തകൾ
Top