Top
23
Thursday, November 2017
About UsE-Paper

പൊലീസ് ഉണര്‍ന്നുപ്രവര്‍ത്തിച്ചു ഇരട്ടക്കൊല വിശ്വസിക്കാനാവാതെ തോലന്നൂര്‍

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌
തോലന്നൂര്‍ ഇരട്ടക്കൊലപാതകം നടന്ന വീട്ടില്‍ തടിച്ചുകൂടിയ നാട്ടുകാര്‍
കുഴല്‍മന്ദം > വൃദ്ധദമ്പതികളുടെ ക്രൂരമായ കൊലപാതകത്തിന്റെ നടുക്കം മാറാതെ തോലന്നൂര്‍. കേട്ടുകേള്‍വിമാത്രമുള്ള കൊലപാതകം സ്വന്തം പ്രദേശത്ത് നടന്നത് വിശ്വസിക്കാനാവാതെയാണ് ജനങ്ങള്‍ .  കൊല്ലപ്പെട്ട സ്വാമിനാഥന്‍ നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനാണ്. സൌമ്യസ്വഭാവമാണെന്നും എല്ലാവരോടും സൌഹൃദത്തിലാണ് പെരുമാറ്റമെന്നും നാട്ടുകാര്‍ പറയുന്നു.  സൈന്യത്തില്‍നിന്നും വിരമിച്ച ശേഷം കൃഷി നോക്കി നടത്തുകയായിരുന്നു. അമ്മ തിരുവടിപാടശേഖര സമിതിയുടെ സെക്രട്ടറിയുമായിരുന്നു സ്വാമിനാഥന്‍. കര്‍ഷകരെ  കൂട്ടിയോജിപ്പിക്കുന്നതില്‍ നേതൃപരമായപങ്കുവഹിച്ച പ്രവര്‍ത്തകനുമായിരുന്നു. 
ആഗസ്ത് 31ന് രാത്രി സ്വാമിനാഥനെതിരെ കൊലപാതക ശ്രമം  നടന്നിരുന്നു.വീടിന്റെ പൂട്ട് അറുത്ത്മാറ്റാനുള്ള ശ്രമം പരാജയപ്പെട്ട കൊലയാളി വീടിന്റെ മൂന്‍വശത്തുള്ള വൈദ്യുതി മീറ്ററില്‍നിന്ന് ജനറല്‍ക്കമ്പികള്‍ക്കിടയിലൂടെ ഷോക്ക് ഏല്‍പ്പിച്ചാണ് കൊല്ലാന്‍ ശ്രമിച്ചത്. എന്നാല്‍ അതില്‍നിന്നും സ്വാമിനാഥന്‍ രക്ഷപ്പെടുകയായിരുന്നു. ഈ ആക്രമണത്തിന് ശേഷമാണ് മൂത്തമരുമകള്‍ സ്വന്തം വീട്ടില്‍നിന്നും ഇവിടേക്ക് താമസം മാറ്റിയത്. തുടര്‍ന്നാണ് ബുധനാഴ്ച വീണ്ടും ശ്രമം നടത്തിയിരിക്കുന്നത്. അടുക്കള വാതിലിലൂടെയാണ് കൊലയാളികള്‍ ഉള്ളില്‍  കടന്നിരിക്കുന്നത്. എന്നാല്‍ വാതില്‍ തകര്‍ക്കുകയോ മറ്റും ഒന്നും ചെയ്തിട്ടില്ല. ഡോഗ് സ്ക്വാഡിനെ വഴിതെറ്റിക്കാന്‍ വീടിനുള്ളില്‍ പലഭാഗത്തും മുളകുപൊടി വിതറിയിരുന്നു. അടുക്കള വാതിലിന്റെ പൂട്ട് കിണറ്റില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. 
കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടില്ല.പൊലീസ് നായ എത്തി വീടിന്റെ അടുക്കളയിലൂടെ മണം പിടിച്ച് തൊട്ടടുത്ത് പറമ്പിലൂടെ  കനാല്‍ വരമ്പിലെത്തി റോഡരികില്‍  വന്നുനിന്നു. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും പരിശോധിച്ചു. എന്താണ് നടക്കുന്നതെന്നറിയാതെ ജനം അമ്പരന്ന് നില്‍ക്കുകയാണ്. നടുക്കം മാറാതെ ആയിരങ്ങളാണ് പൂളക്കല്‍ പറമ്പില്‍ സ്വാമിനാഥന്റെ വീടിന് ചുറ്റും ബുധനാഴ്ച കാലത്ത് മുതല്‍ തടിച്ചുകൂടിയത്.  മൃതദേഹങ്ങള്‍ മാറ്റുന്നതുവരെ ജനം വീട്ട് പരിസരത്ത് തടിച്ചുകൂടി. സംഭവമറിഞ്ഞതും സ്ഥലത്തെത്തിയ പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കുറ്റവാളി വലയിലായെന്നാണ് അറിയുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഷേളിയും മറ്റ് ജനപ്രതിനിധികളും സ്ഥലത്തെത്തി.