Top
20
Tuesday, February 2018
About UsE-Paper
സര്‍ക്കാര്‍ ഭൂമി സംരക്ഷണം

പോരാട്ടത്തിന്റെ മുന്‍നിരയില്‍ എ കെ ബാലനും പി മേരിക്കുട്ടിയും

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

 

 
പാലക്കാട് > പോബ്സണ്‍ കമ്പനി അനധികൃതമായി കൈവശം വച്ച  ഭൂമി സര്‍ക്കാര്‍ ഭൂമിയായി സംരക്ഷിച്ച് നിലനിര്‍ത്താനുള്ള പോരാട്ടത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത് ഇപ്പോള്‍ മന്ത്രിയായ എ കെ ബാലനും ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായും പിന്നീട് പാലക്കാട് കലക്ടറായും പ്രവര്‍ത്തിച്ച പി മേരിക്കുട്ടിയും.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ കോടതിയില്‍ കേസ് നടത്തുന്നതില്‍ സ്വകാര്യ കമ്പനിക്ക് അനുകൂല നിലപാടെടുക്കുകയും നടപടിക്രമങ്ങള്‍ കമ്പനിക്ക് അനുകൂലമായി നടത്തുകയും ചെയ്തതിനാലാണ് ഇത്ര കാലമായിട്ടും പോബ്സണ്‍ കൈവശം വച്ച  ഭൂമി തിരിച്ചുപിടിക്കാന്‍ കഴിയാതിരുന്നത്. കോടതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ ബോധപൂര്‍വം കമ്പനിക്ക് അനുകൂല നിലപാടെടുക്കുമ്പോള്‍ കേസില്‍ സ്വകാര്യ കമ്പനിക്ക് അനുകൂല  ഉത്തരവുകള്‍ വരും. എന്നാല്‍  ഇപ്പോള്‍ ഭൂമി പോബ്സണ്  പോകാതിരിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടി മൂലവും യുഡിഎഫ് ഭരണകാലത്ത് എല്‍ഡിഎഫ് എംഎല്‍എമാര്‍ നടത്തിയ പോരാട്ടം കാരണവുമാണ്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ കടുത്ത സമ്മര്‍ദത്തെ അതിജീവിച്ച് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചതും  ഭൂമി സംരക്ഷണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 
2014 ഏപ്രില്‍ 28നാണ് നെന്മാറ ഡിഎഫ്ഒയുടെ വിവാദതീരുമാനമുണ്ടായത്.  അനധികൃതമായി കൈവശം വച്ച    786 ഏക്കര്‍ ഭൂമിക്ക് നികുതിയടയ്ക്കാന്‍ പോബ്സണ്‍ ഗ്രൂപ്പിന് എന്‍ഒസി നല്‍കി ഡിഎഫ്ഒ. ഇദ്ദേഹത്തെ പിന്നീട് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസില്‍ പോബ്സണ് അനുകൂലമായി കേസ് വളച്ചൊടിക്കാന്‍ നിയമിക്കുകയും ചെയ്തു. ഡിഎഫ്ഒയുടെ നിര്‍ദേശമനുസരിച്ച് ചിറ്റൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ നികുതി സ്വീകരിച്ചു. 
2014 ജൂലൈ എട്ടിന് സിപിഐ എം അംഗം എ കെ ബാലന്‍ നിയമസഭയില്‍  അടിയന്തര പ്രമേയത്തിന് അനുമതി തേടി. പോബ്സണ് സര്‍ക്കാര്‍ വനഭൂമി നിയമവിരുദ്ധമായി  കൊടുക്കാന്‍ നടത്തിയ   പ്രവര്‍ത്തനങ്ങളെ ഒന്നാകെ അദ്ദേഹം നിയമസഭയില്‍ തുറന്നുകാട്ടി. ഡിഎഫ്ഒയുടെയും തഹസില്‍ദാരുടെയും നിയമവിരുദ്ധ നടപടികളെ ന്യായീകരിക്കാന്‍ വനംമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ ശ്രമങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഒടുവില്‍ മുഖ്യമന്ത്രി ഇടപെടുകയും വിവാദമായ എന്‍ഒസി മരവിപ്പിക്കുകയും പ്രശ്നം അന്വേഷിക്കാന്‍ മൂന്ന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താമെന്ന് അറിയിക്കുകയും ചെയ്തു. 
ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയായിരുന്ന പി മേരിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നടപടികള്‍ പരിശോധിച്ചത്. 1963ലെ ഭൂപരിഷ്കരണ നിയമം ചട്ടം 82 പ്രകാരം ഭൂപരിധിയില്‍ കൂടുതലായ  ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ സംശയരഹിതമായി വ്യക്തമാക്കിയിരുന്നു. പാട്ടക്കൈമാറ്റത്തിലൂടെ ലഭിച്ച ഭൂമി എങ്ങനെ തീറാധാരമായി മറ്റൊരാള്‍ക്ക് കൈമാറുമെന്ന ചോദ്യം റിപ്പോര്‍ട്ടില്‍ ഉയര്‍ത്തുകയും ചെയ്തു. ഭൂമി സമഗ്രമായി സര്‍വേ നടത്തണമെന്നും ശുപാര്‍ശ ചെയ്തു. 
സ്വകാര്യ കമ്പനിയുടെയും ഭരണതലത്തിലുള്ളവരുടെയും ശക്തമായ സമ്മര്‍ദങ്ങളെ ചെറുത്താണ് പി മേരിക്കുട്ടി ശക്തമായ റിപ്പോര്‍ട്ട് എഴുതിയത്. കരുണ എസ്റ്റേറ്റ് ഭൂമി സര്‍ക്കാരില്‍ നിന്ന് കൈവിട്ടുപോകാതിരിക്കാന്‍ ഈ റിപ്പോര്‍ട്ട് സഹായകമായി. പി മേരിക്കുട്ടി പിന്നീട് ജില്ലാ കലക്ടറാവുകയും ആഗസ്ത്   വരെ തുടരുകയും ചെയ്തു. ഒടുവില്‍ എ കെ ബാലന്‍ കൂടി അംഗമായ എല്‍ഡിഎഫ് മന്ത്രിസഭ കരുണ എസ്റ്റേറ്റ് ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കാന്‍  ശക്തമായ തീരുമാനം എടുക്കുകയും ചെയ്തു.