18 August Saturday

അട്ടപ്പാടിയിൽ 222 പേർക്ക‌് പട്ടയം നൽകും

വെബ് ഡെസ്‌ക്‌Updated: Thursday Jun 14, 2018
പാലക്കാട‌്
അട്ടപ്പാടിയിലെ ഭൂരഹിതരായ 222 ആദിവാസികൾക്ക് പട്ടയം നൽകുമെന്ന്  കലക്ടർ ഡി ബാലമുരളി പറഞ്ഞു. ആദിവാസി പുനരധിവാസ മിഷൻ ജില്ലാതല സമിതി യോഗത്തിലാണ് തീരുമാനം. അഗളി, കോട്ടത്തറ, ഷോളയൂർ വില്ലേജുകളിലായി 169.06 ഏക്കർ ഭൂമിയാണ് പതിച്ചു നൽകുക. കൂടുതൽ പേർക്ക് ഭൂമി നൽകാനുള്ള നടപടി വേഗത്തിലാക്കാൻ കലക്ടർ നിർദേശം നൽകി. ചിറ്റൂർ താലൂക്കിലെ ഭൂരഹിതരായ 141 ആദിവാസികൾക്ക് മണ്ണാർക്കാട് ‐ഒന്ന് വില്ലേജിലെ തത്തേങ്ങലത്ത‌് 145 ഏക്കർ നിക്ഷിപ്ത വനഭൂമി പതിച്ചു നൽകാനും യോഗത്തിൽ തീരുമാനമായി. ചിറ്റൂർ വല്ലങ്ങി വില്ലേജിലെ ജലസേചന വകുപ്പിന്റെ 32.55 ഏക്കർ ഭൂമി 104 ഭൂരഹിതർക്ക് 20 ദിവസത്തിനകം നൽകാൻ തഹസിൽദാറെ ചുമതലപ്പെടുത്തി. 
ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി വാങ്ങി നൽകുന്ന പദ്ധതിയിയുടെ ഡാറ്റ ബാങ്ക് നിർമാണവും വേഗത്തിലാക്കും. ഇതിനായി ഭൂമി വിൽക്കാൻ സമ്മതമറിയിച്ച് ഇതുവരെ 76 പേരുടെ അപേക്ഷ ലഭിച്ചു. അട്ടപ്പാടി മുക്കാലി‐ചിണ്ടക്കൽ റോഡ് നിർമാണവും തുടങ്ങി.  2.5 കിലോമീറ്റർ നീളമുള്ള റോഡിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി പ്രവർത്തക സമിതിയുടെ അംഗീകാരത്തിന് നൽകിയിട്ടുണ്ട്. അട്ടപ്പാടി ചുരം റോഡിലെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാൻ കലക്ടർ വനംവകുപ്പിനും പിഡബ്ല്യുഡി(നിരത്ത്) വിഭാഗത്തിനും നിർദേശം നൽകി.
പ്രധാന വാർത്തകൾ
Top