Top
22
Monday, January 2018
About UsE-Paper
പറമ്പിക്കുളംആളിയാര്‍

അര്‍ഹതപ്പെട്ട വെള്ളം ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടും

Sunday Jan 14, 2018
സ്വന്തം ലേഖകന്‍

 

പാലക്കാട് > പറമ്പിക്കുളംആളിയാര്‍ കരാര്‍പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം നേടിയെടുക്കാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുമെന്ന് ചിറ്റൂരിലെ കര്‍ഷകരുമായുള്ള ചര്‍ച്ചയില്‍ മന്ത്രിമാര്‍ അറിയിച്ചു. ശനിയാഴ്ച മന്ത്രിമാരായ എ കെ ബാലന്‍,  മാത്യു ടി തോമസ് എന്നിവരും ജലവിഭവവകുപ്പ് എന്‍ജിനിയര്‍മാരുമാണ് കര്‍ഷകരുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രി നിര്‍ദേശിച്ചതനുസരിച്ചായിരുന്നു ചര്‍ച്ച. ശക്തമായി ഇടപെട്ട് കേരളത്തിന് അര്‍ഹതപ്പെട്ട വെള്ളം ലഭ്യമാക്കും. 19ന് തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള 14അംഗ സംഘം ചര്‍ച്ചയ്ക്കായി തിരുവനന്തപുരത്ത് എത്തുന്നുണ്ട്. 
അതുവരെ മൂലത്തറ ഡാമിലേക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന 500 ക്യൂസെക്സ് വെള്ളം ലഭിക്കും. ചര്‍ച്ചയില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ ശക്തമായി ഉന്നയിക്കും. മുഖ്യമന്ത്രി നിരന്തരം ഇടപെട്ടതിന്റെ ഫലമായാണ് ഇപ്പോള്‍ വെള്ളം കിട്ടിക്കൊണ്ടിരിക്കുന്നത്.
പറമ്പിക്കുളം വെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 17ന് ഹര്‍ത്താല്‍ നടത്താന്‍ പറമ്പിക്കുളംആളിയാര്‍ ജലസംരക്ഷണ സമരസമിതി തീരുമാനിച്ചിരുന്നു. എന്നാല്‍ സംഘര്‍ഷമുണ്ടാക്കി വെള്ളം നേടിയെടുക്കുന്നത് ശരിയായ നിലപാടല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഹര്‍ത്താല്‍ പിന്‍വലിച്ചത്. പ്രകോപനമുണ്ടാക്കിയാല്‍ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വഷളാകും. വെള്ളം നേടിയെടുക്കാന്‍ ചര്‍ച്ചതന്നെയാണ് ഏറ്റവും പ്രധാന മാര്‍ഗമെന്നുംഅതിനായി നിരന്തരം ശ്രമിക്കുമെന്നും മന്ത്രിമാര്‍ കര്‍ഷകരെ അറിയിച്ചു.
കേരളത്തിന്റെ അനുമതിയില്ലാതെ പറമ്പിക്കുളത്തുനിന്ന് തമിഴ്നാട് കോണ്ടൂര്‍ കനാലിലൂടെ തിരുമൂര്‍ത്തി ഡാമിലേക്ക് വെള്ളം കടത്തിക്കൊണ്ടുപോകുകയാണ്. തമിഴ്നാട് വെള്ളം കടത്തുന്നത് നിര്‍ത്തി ആളിയാറിലേക്ക് തുറക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് 19ന് ചര്‍ച്ച നടത്താമെന്നായിരുന്നു തമിഴ്നാട് അറിയിച്ചത്. ചര്‍ച്ച കൊണ്ട് പ്രശ്നം പരിഹരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ  അടിസ്ഥാനത്തിലാണ്കര്‍ഷകരും മന്ത്രിമാരും ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ മന്ത്രിമാരെ കൂടാതെ ജലസേചനവകുപ്പ് ചീഫ് എന്‍ജിനിയര്‍ ജോഷി, അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ്, എംഎല്‍എമാരായ കെ വി വിജയദാസ്, കെ കൃഷ്ണന്‍കുട്ടി, പറമ്പിക്കുളംആളിയാര്‍ ജലസംരക്ഷണ സമരസമിതിനേതാക്കളായ കെ ചെന്താമര, ഇ എന്‍ രവീന്ദ്രന്‍, കണക്കമ്പാറ ബാബു, കെ ബാബു, വി മുരുകദാസ്, ഹരിപ്രകാശ്, ഷിഹാബ്, സുധീഷ് എന്നിവരും പങ്കെടുത്തു.