21 April Saturday

'എഴുത്തുപുര'യ്ക്ക് തസ്രാക്കില്‍ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Sunday Jan 14, 2018

'എഴുത്തുപുര' തസ്രാക്കില്‍ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്യുന്നു

 

പാലക്കാട് > കുട്ടിഎഴുത്തുകാര്‍ക്കുള്ള ദ്വിദിന സംസ്ഥാന ശില്‍പ്പശാല 'എഴുത്തുപുര' പാലക്കാട് തസ്രാക്കിലെ ഒ വി വിജയന്‍ സ്മാരകത്തില്‍ തുടങ്ങി. വിവിധ ജില്ലകളില്‍നിന്നായി 72 കുട്ടിഎഴുത്തുകാര്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നു. സാഹിത്യകാരന്‍ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു.
ഫാസിസം ഏതു രൂപത്തില്‍ വന്നാലും അടിസ്ഥാനപരമായി അപരവിദ്വേഷമാണ് പ്രകടിപ്പിക്കുന്നതെന്ന് രാമനുണ്ണി പറഞ്ഞു. മനുഷ്യനെ മാനവികതയില്‍നിന്ന് പുറംതള്ളി മൃഗതുല്യതലത്തിലേക്ക് മാറ്റുകയാണ് ഫാസിസം. മനുഷ്യനെ മാനവികതയിലേക്ക് മാറ്റുന്നതാണ് സാഹിത്യം. മനസ്സില്‍ സാഹിത്യം ഉണ്ടാകുമ്പോള്‍ അപരന്‍ ശത്രുവാകില്ല. അപരവിദ്വേഷത്തില്‍നിന്ന് മോചനം നേടണമെങ്കില്‍ വായിക്കണം. വായിക്കുക എന്നതു തന്നെ ഫാസിസത്തിനെതിരാണ്.
സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷനായി. ബാലസംഘം സംസ്ഥാന കണ്‍വീനര്‍ എം പ്രകാശന്‍ മുഖ്യപ്രഭാഷണം നടത്തി. ഒ വി വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി കെ നാരായണദാസ് പരിപ്രേക്ഷ്യം അവതരിപ്പിച്ചു. കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കെ പി രാമനുണ്ണിയെ ടി കെ നാരായണദാസ് ആദരിച്ചു. 
ചിന്ത പബ്ളിഷേഴ്സ് പ്രസിദ്ധീകരിച്ച ഡി മനോജ് എഴുതിയ  'കര്‍മ പരമ്പരയിലെ കണ്ണികള്‍' കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്‍ നിരൂപകന്‍ ആഷാമേനോന് നല്‍കി പ്രകാശനംചെയ്തു. കൊടുമ്പ് പഞ്ചായത്ത് പ്രസിഡന്റ് എസ് ഷൈലജ, ബാലസംഘം സംസ്ഥാന പ്രസിഡന്റ് പി എം ധിഷ്ണപ്രസാദ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. എന്‍ കെ ഗീത, ഒ വി വിജയന്‍ സ്മാരകസമിതി ഭരണസമിതിയംഗം എ കെ ചന്ദ്രന്‍കുട്ടി, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഒ വി വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി ആര്‍ അജയന്‍ സ്വാഗതവും ബാലസംഘം ജില്ലാ സെക്രട്ടറി എ എന്‍ നീരജ് നന്ദിയും പറഞ്ഞു.
ഉച്ചയ്ക്കുശേഷം എഴുത്തുപുരയിലേക്ക് മഞ്ഞുരുക്കം പരിചയം, ശില്‍പ്പശാല, എഴുത്തിലെ തുടക്കക്കാര്‍ക്ക് ഒരാമുഖം, ഒ വിജയന്റെ കഥയെ ആസ്പദമാക്കി നിര്‍മിച്ച ഹ്രസ്വസിനിമ 'കടല്‍ത്തീരത്ത്' പ്രദര്‍ശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് ശില്‍പ്പശാല സമാപിക്കും. 
സംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ഒ വി വിജയന്‍ സ്മാരക സമിതി, ബാലസംഘം സംസ്ഥാന സമിതി എന്നിവ സംയുക്തമായാണ് കുട്ടിഎഴുത്തുകാര്‍ക്ക് ശില്‍പ്പശാല നടത്തുന്നത്.
 
 
പ്രധാന വാർത്തകൾ
Top