20 November Tuesday

' ദൃശ്യ സാന്ത്വനയാത്ര'ക്ക‌് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Thursday Sep 13, 2018
പാലക്കാട‌്
പ്രളയ ദുരിതത്തെ അതിജീവിക്കാൻ കലയുടെ സാന്ത്വന സ്‌പർശ്വവുമായി ചലച്ചിത്ര അക്കാദമി. അതിജീവനത്തിന്റെ സന്ദേശമുയർത്തിയുള്ള ’ദൃശ്യ സാന്ത്വനയാത്ര' എന്ന  സഞ്ചരിക്കുന്ന സിനിമ പ്രദർശനത്തിന്റെ   സംസ്ഥാനതല ഉദ‌്ഘാടനം സാംസ്‌കാരിക മന്ത്രി എ കെ ബാലൻ നിർവഹിച്ചു. 
നഷ്ടമായ മനസ്സിനെ വീണ്ടെടുക്കുകയെന്നത‌് ശ്രമകരമായ ദൗത്യമാണ‌്. മാനസികോർജം വീണ്ടെടുക്കാൻ സഹായകരമായ വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കിവരുകയാണെന്ന്‌ മന്ത്രി പറഞ്ഞു. നവകേരള പുനർനിർമാണത്തിന്‌ മുപ്പതിനായിരം കോടിയോളം ആവശ്യമാണ്‌. കേരളത്തിലെ ജനങ്ങളുടെ ഐക്യമാണ്‌ കരുത്ത‌്. ജില്ലകളിൽ ഫണ്ട‌് സമാഹരിക്കുന്ന പ്രവർത്തനങ്ങൾക്ക‌് ഏറെ ആവേശകമായ പ്രതികരണമാണ‌് ജനങ്ങളിൽ നിന്നുണ്ടാകുന്നതെന്ന്‌‌് എ കെ  ബാലൻ പറഞ്ഞു‌. 
സാമ്പത്തിക സഹായത്തിന‌് പുറമെ ഭൂമിയും ജനങ്ങൾ  ദാനം നൽകുന്നു.
 അപ്‌നാഘറിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ അധ്യക്ഷനായി‌. 
രണ്ടാം ലോക മഹായുദ്ധകാലത്ത‌് ഇറ്റലിയിൽ നടന്ന ജൂതവംശഹത്യയെ തുറന്ന‌് കാട്ടുന്ന  ഇറ്റാലിയൻ ചിത്രം  ലൈഫ‌് ഈസ‌് ബ്യുട്ടിഫുൾ   ഉദ‌്ഘാടനചിത്രമായി പ്രദർശിപ്പിച്ചു. 
 മണ്ണാർക്കാട‌്, അട്ടപ്പാടി, അഗളി, ചാലക്കുടി, മാള, അങ്കമാലി, കാലടി, പെരുമ്പാവൂർ, നെടുമ്പാശേരി, ആലുവ തുടങ്ങിയ പ്രളയബാധിതമേഖലകളിലൂടെ സഞ്ചരിക്കുന്ന മേള ഒക്ടോബർ ആദ്യവാരം ആറന്മുളയിൽ സമാപിക്കും. ഗേറ്റിങ‌് ഹോം, ദ കിഡ‌്, മോഡേൺ ടൈംസ‌്, ടേക്ക‌് ഒാഫ‌് തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. 
മലബാർ സിമന്റ‌്സ‌് ഡയറക്ടർ ബോർഡംഗം എസ‌് സുഭാഷ‌്ചന്ദ്രബോസ‌്,  ജില്ലാ പഞ്ചായത്തംഗം നിതിൻ കണിച്ചേരി,  പഞ്ചായത്ത‌് പ്രസിഡന്റ‌് കെ ഉണ്ണികൃഷ‌്ണൻ, ബ്ലോക്ക‌് പഞ്ചായത്തംഗം  പി സി ഉദയകുമാർ, വാർഡംഗം കെ രമേശ‌് എന്നിവർ സംസാരിച്ചു. 
ജി പി രാമചന്ദ്രൻ സ്വാഗതവും മധു ജനാർദനൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
Top