Top
23
Saturday, September 2017
About UsE-Paper
ചന്ദ്രനഗര്‍ , കല്‍പ്പാത്തി

എസ്ബിഐ ശാഖകള്‍ പൂട്ടി: ജനം പെരുവഴിയില്‍

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌

 

പാലക്കാട് > എസ്ബിടി എസ്ബിഐയില്‍ ലയിപ്പിച്ചശേഷം ശാഖകള്‍ പൂട്ടുന്ന നടപടിക്ക്  മാനേജ്മെന്റ് തുടക്കം കുറിച്ചു. ലയനശേഷം ശാഖകള്‍ പൂട്ടില്ലെന്ന് ഉറപ്പ് നല്‍കിയ ശേഷം അതില്‍നിന്ന് പിന്നോട്ടുപോകുകയാണ് എസ്ബിഐ മാനേജ്മെന്റ്. 
  പാലക്കാട് നഗരത്തിലെ ചന്ദ്രനഗര്‍, കല്‍പ്പാത്തി ശാഖകള്‍ തിങ്കളാഴ്ച പൂട്ടി. ചന്ദ്രനഗര്‍ ശാഖയിലെ ഇടപാടുകാരെ മരുതറോഡ് ശാഖയിലേക്കും കല്‍പ്പാത്തി ശാഖയിലുള്ളവരെ  ശേഖരീപുരം ശാഖയിലേക്കും സംയോജിപ്പിച്ചു. ഇടപാടുകാര്‍ക്ക് സമയം നല്‍കാതെ മുന്നറിയിപ്പില്ലാതെയാണ്   രണ്ടു ശാഖകളും പൂട്ടിയത്. എസ്എംഎസ് അയച്ചുവെന്നാണ് ബാങ്ക് മാനേജ്മെന്റ് അവകാശപ്പെടുന്നത്. എന്നാല്‍ അത്തരമൊരു സന്ദേശം കിട്ടിയില്ലെന്ന് ഭൂരിഭാഗം ഇടപാടുകാരും പറയുന്നു. ശാഖകള്‍ പൂട്ടിയതറിയാതെ എത്തിയ ഇടപാടുകാര്‍ അടുത്ത ബ്രാഞ്ചിലേക്ക് പോകണമെന്ന നോട്ടീസാണ് കണ്ടത്. ഇടപാടുകാര്‍ക്ക് സേവനം നല്‍കാന്‍ ജീവനക്കാരെ നിയോഗിക്കുമെന്ന ഉറപ്പും മാനേജ്മെന്റ് പാലിച്ചില്ല. 
അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിക്കുമ്പോള്‍ ശാഖകള്‍ അതേപടി നിലനിര്‍ത്തുമെന്ന് എസ്ബിഐ മാനേജ്മെന്റ് അവകാശപ്പെട്ടിരുന്നു. അതിനു വിരുദ്ധമായി ശാഖകള്‍ പൂട്ടാന്‍ ശ്രമം തുടങ്ങിയപ്പോള്‍ ശക്തമായ എതിര്‍പ്പും ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. ഇതേത്തുടര്‍ന്ന് പാലക്കാട് ജില്ലയില്‍ രണ്ട് ശാഖകള്‍ മാത്രം പൂട്ടാനാണ് തീരുമാനിച്ചത്. ആറ് ശാഖകള്‍ പൂട്ടാനായിരുന്നു മാനേജ്മെന്റ് ശ്രമം. പ്രതിഷേധം ഉയര്‍ന്നതോടെ പിന്തിരിയുകയായിരുന്നു. 
ഐക്യരാഷ്ട്ര സഭ പൈതൃക ഗ്രാമമായി അംഗീകരിച്ച കല്‍പ്പാത്തിയില്‍ സ്റ്റേറ്റ് ബാങ്കിന്റെ സാന്നിധ്യമില്ലാതായി. 25,000 ലേറെ ഇടപാടുകാരും നൂറ്  കോടിയിലേറെ ബിസിനസ്സുമുണ്ടായിരുന്ന ചന്ദ്രനഗര്‍ ശാഖ  പൂട്ടുന്നതില്‍ ഏറെ പ്രതിഷേധമുയര്‍ന്നിരുന്നു. പത്തോളം ജീവനക്കാരും ഓഫീസര്‍മാരും ഉണ്ടായിരുന്ന ഈ ശാഖയില്‍ കേവലം മൂന്ന് ജീവനക്കാരും ഒരു ഓഫീസറുമുള്ള മരുതറോഡ് ശാഖയിലേക്കാണ് ലയിപ്പിച്ചത്. ഇത്രയും ഇടപാടുകാര്‍ക്ക് ആവശ്യമായ പശ്ചാത്തല സൌകര്യങ്ങള്‍ ഈ ശാഖയില്‍ ഇല്ലെന്ന് പരാതിയുണ്ട്. ചന്ദ്രനഗര്‍ ഭാഗത്തുനിന്നുള്ള ഇടപാടുകാര്‍ക്ക് പിരിവുശാലയില്‍ പ്രവര്‍ത്തിക്കുന്ന മരുതറോഡ് ശാഖയില്‍ ഇടപാട് നടത്തിയ ശേഷം കൂട്ടുപാത വഴി മാത്രമേ തിരികെ പോരാന്‍ കഴിയു. 
തിങ്കളാഴ്ച രാവിലെ ചന്ദ്രനഗര്‍ ശാഖയിലെത്തിയ നൂറ്റമ്പതോളം ഇടപാടുകാര്‍ ശാഖ  പൂട്ടിയതു കണ്ട് പരിഭ്രാന്തിയിലായി. ഇവര്‍ക്കും അറിയിപ്പ് ലഭിച്ചിരുന്നില്ല.   എസ്എംഎസ് അയച്ചിരുന്നു എന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.   ഇടപാടുകാരോട് കാര്യങ്ങള്‍ വിശദീകരിക്കാനോ മരുതറോഡ് ശാഖയിലേക്ക് നയിക്കാനോ ഒരു ജീവനക്കാരനെയും ബാങ്ക് ചുമതലപ്പെടുത്തിയിരുന്നില്ല. ശാഖ അടച്ചുപൂട്ടുന്നതിനെതിരെ ബൂത്ത് കെട്ടി ഒപ്പുകള്‍ ശേഖരിച്ചുകൊണ്ടിരുന്ന ബിഇഎഫ്ഐ പ്രവര്‍ത്തകരാണ് ഇടപാടുകാര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തത്. അടച്ചിട്ട ഷട്ടറിന്മേല്‍ വെറുമൊരു നോട്ടീസ് ഒട്ടിച്ച് തങ്ങളുടെ ചുമതല നിര്‍വഹിച്ച ബാങ്ക് മാനേജ്മെന്റിന്റെ നടപടിയില്‍ ഇടപാടുകാര്‍ ശക്തമായി പ്രതിഷേധിച്ചു.