Top
23
Thursday, November 2017
About UsE-Paper

ജലസ്രോതസ്സുകള്‍ക്ക് പരിപാലനം അനിവാര്യം

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌
സിംഹനാഥ ക്ഷേത്രക്കുളം ആഴ്ചകള്‍ക്കുശേഷം

 

പാലക്കാട് > നവീകരിച്ച് വൃത്തിയാക്കിയ ജില്ലയിലെ പല കുളങ്ങളും ഒരുമാസം തികയുംമുമ്പ് പായല്‍ നിറഞ്ഞ് നശിക്കാന്‍ തുടങ്ങുന്നു. പാലക്കാട് നഗരഹൃദയത്തിലെ താരേക്കാട് സിംഹനാഥ ക്ഷേത്രക്കുളം നാട്ടുകാരും വിവിധ സംഘടനകളും ചേര്‍ന്ന് നവീകരിച്ചിട്ട് ഒരു മാസം തികയുന്നേയുള്ളു. ഇപ്പോള്‍ കുളത്തിലാകെ വയലറ്റ് നിറമുള്ള പായല്‍ നിറഞ്ഞു. സിന്തറ്റിക് സ്റ്റേഡിയത്തിന്റെ നിറമാണിപ്പോള്‍ കുളത്തിന്. അര കിലോമീറ്റര്‍ അകലെ മലമ്പുഴ ബൈപാസ് റോഡിനു സമീപത്തെ ഗണപതിക്ഷേത്രക്കുളം പച്ചപ്പായല്‍ കൊണ്ടും നിറഞ്ഞു. 
ജില്ലയുടെ വിവിധഭാഗങ്ങളലെ കുളങ്ങള്‍, ഏരികള്‍ തുടങ്ങിയ ജലസ്രോതസ്സുകള്‍ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുകയാണ്.ഇതിനിടെയാണ് നവീകരിച്ച കുളങ്ങള്‍ വേണ്ടവിധത്തില്‍ പരിപാലിക്കാതെ പായല്‍ മൂടാന്‍ ഇടയാകുന്നത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് കുളം നവീകരിച്ചാല്‍ പിന്നെ പലയിടത്തും തിരിഞ്ഞുനോക്കില്ല. കുളങ്ങളുടെ ആരോഗ്യകരമായ നിലനില്‍പ്പിന് കുളത്തില്‍ ചലനം അനിവാര്യമാണ്. പലയിടത്തും അത് നടക്കാറില്ല. വേനല്‍ക്കാലത്ത് നിരവധി പേര്‍ കുളിക്കാനും അലക്കാനുമെല്ലാം കുളങ്ങളെ ആശ്രയിക്കാറുണ്ടെങ്കിലും മഴ പെയ്ത് ജലലഭ്യത മെച്ചപ്പെട്ടാല്‍ പലരും കുളങ്ങളെ ഉപേക്ഷിക്കും. പൊതുവില്‍ കുളങ്ങളില്‍ കുളിക്കുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. 
ജില്ലയിലെ ആറായിരത്തിലധികം കുളങ്ങള്‍ ശരിയായി നവീകരിച്ച് പരിപാലിച്ചാല്‍ ജലക്ഷാമത്തെ ഒരു പരിധി വരെ നേരിടാന്‍ കഴിയും. ജീവിതസൌകര്യങ്ങളിലും ജീവിതശൈലിയിലും വന്ന വലിയ മാറ്റമാണ് കുളങ്ങളടക്കമുള്ള ജലസ്രോതസ്സുകളുടെ സ്ഥിതി മോശമാക്കിയത്. ജില്ലയിലെ കുളങ്ങളില്‍ വലിയൊരുഭാഗം  ഉപയോഗിക്കാതെ നശിച്ചുപോയവയാണ്. 
പറമ്പിക്കുളംആളിയാര്‍ പദ്ധതി, ശിരുവാണി എന്നിങ്ങനെ തമിഴ്നാടിനായി പ്രയോജനപ്പെടുത്തുന്ന പദ്ധതികളുടെ അണക്കെട്ടുകളടക്കം 12 അണക്കെട്ടുകളുള്ള ജില്ലയാണ് പാലക്കാട്. ഇവയുടെ സംഭരണശേഷി പൂര്‍ണമായി പ്രയോജനപ്പെടുത്താനാവാത്ത അവസ്ഥ പരിഹരിക്കാനും എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. കേരളത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ മലമ്പുഴഡാമില്‍ വര്‍ഷങ്ങള്‍ കൊണ്ട് അടിഞ്ഞ  മണലും ചളിയും നീക്കാനുള്ള വിപുലമായ പദ്ധതിക്ക് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. മണല്‍ വിറ്റ് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടാനും ലക്ഷ്യമിട്ടു. എന്നാല്‍ ആ പദ്ധതി അട്ടിമറിക്കപ്പെട്ടു. 
ഇപ്പോള്‍ കാഞ്ഞിരപ്പുഴ അണക്കെട്ട് നവീകരിക്കാനുള്ള വിപുലമായ പദ്ധതിയാണ് നടക്കുന്നത്. അണക്കെട്ടുകള്‍ക്കുള്ളിലെ മണലും ചളിയും നീക്കിയാല്‍ പല അണക്കെട്ടുകളുടെയും സംഭരണശേഷിയില്‍ 25 ശതമാനമെങ്കിലും വര്‍ധന വരുത്താന്‍ കഴിയും. ഓരോ ഗ്രാമത്തിലുമുള്ള കുളങ്ങളും ഇതേ മാതൃകയില്‍ നവീകരിച്ച് ശേഷി വര്‍ധിപ്പിക്കാനുള്ള വലിയ പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തുടങ്ങിയിട്ടുള്ളത്. 
നവീകരിക്കുന്ന ജലസ്രോതസുകളെ നിരന്തരമായി പരിപാലിക്കുകയും ആരോഗ്യകരമായി ഉപയോഗിക്കുകയും ചെയ്യാതെ അവയുടെ ദീര്‍ഘകാല  ഉപയോഗം സാധ്യമാകില്ല. 
 
 

Related News

കൂടുതൽ വാർത്തകൾ »