20 July Friday
# ഓണവിപണി

പച്ചക്കറി വില്‍പ്പനയിലൂടെ ലക്ഷ്യമിടുന്നത് 30 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017

# എലവഞ്ചേരിയിലെ ലക്ഷ്മണന്‍ കൃഷിയിടത്തില്‍

 

 
 
പാലക്കാട് > കേരളത്തില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി വിളവെടുക്കുന്ന നാല് പഞ്ചായത്തുകളിലായി ഇത്തവണ ഓണത്തിന് ലക്ഷ്യമിടുന്നത് 30 കോടിരൂപയുടെ പച്ചക്കറി. നെന്മാറ, കൊല്ലങ്കോട്, അയിലൂര്‍, എലവഞ്ചേരി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ പച്ചക്കറി കൃഷിയുള്ളത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് ദിവസേന ഇവിടെനിന്നും പച്ചക്കറി നല്‍കുന്നു. വിഎഫ്പിസികെ നിയന്ത്രണത്തിലുള്ള സ്വാശ്രയ കര്‍ഷകസമിതികളിലൂടെയാണ് കൃഷിയും വില്‍പ്പനയും. പനങ്ങാട്ടിരിയിലെ മുടക്കോട് സ്വാശ്രയ കര്‍ഷകസമിതി മാത്രം കഴിഞ്ഞ സീസണില്‍ 3422 ടണ്‍ പച്ചക്കറിയാണ് ഉല്‍പ്പാദിപ്പിച്ച് വിപണനം ചെയ്തത്. ഇതിന് 5.62 കോടി രൂപ ലഭിച്ചു. ഇത്തവണ ഈ സമിതി മാത്രം എട്ട് കോടിയുടെ പച്ചക്കറി ഉല്‍പ്പാദിപ്പിച്ച് വിപണനം നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് സ്വാശ്രയ കര്‍ഷകസമിതി പ്രസിഡന്റ് പി വി പ്രസാദ് പറഞ്ഞു. ഇങ്ങനെ നാല് പഞ്ചായത്തുകളിലായി മുപ്പത് കോടിരൂപയുടെ പച്ചക്കറി വില്‍പ്പനയ്ക്കാണ് സമിതികള്‍ ലക്ഷ്യമിടുന്നത്. ഹോര്‍ടികോര്‍പ് മുഖേന പച്ചക്കറി സംഭരിക്കുന്നത് കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞവര്‍ഷം മുടക്കോട് പാടശേഖരസമിതിക്ക് എട്ട് ലക്ഷം രൂപയാണ് കുടിശ്ശിക. ഈ സീസണില്‍ ആറ് ലക്ഷവും കുടിശ്ശികയുണ്ട്. ഇത് ലഭിക്കാത്തതിനാല്‍ കര്‍ഷകരുടെ രണ്ടാം വിളയെ പ്രതികൂലമായി ബാധിക്കുന്നു. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത കര്‍ഷകര്‍ക്ക് തിരിച്ചടവും വൈകുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കര്‍ഷക ആത്മഹത്യ നടന്ന പഞ്ചായത്തണ് അയിലൂര്‍. അന്ന് കൃഷിവകുപ്പിന്റെ അലംഭാവത്തെകുറിച്ച് നിരവധി ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ കര്‍ഷകര്‍ക്ക് പുത്തന്‍ ഉണര്‍വ് ലഭിച്ചു. കഴിഞ്ഞ സീസണില്‍ 115 ഏക്കറിലെ പച്ചക്കറി ഉണങ്ങി. മഴക്കുറവ് പ്രധാന ഘടകമായിരുന്നു. എന്നാല്‍ ഇത്തവണ ഉല്‍പ്പാദനം കൂടുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ഭാരവാഹികളായ വിജയകുമാര്‍, വിജയന്‍, എ വി മണികണ്ഠന്‍ എന്നിവര്‍ പറഞ്ഞു. 
സ്വാശ്രയ കര്‍ഷകസമിതികള്‍ അഞ്ച് ശതമാനം കമീഷന്‍ എടുത്താണ് കര്‍ഷകരില്‍നിന്ന് പച്ചക്കറി വാങ്ങുന്നത്. ഇതാണ് സമിതികളുടെ ആകെയുള്ള വരുമാനം. എല്ലാവര്‍ഷവും ഉല്‍പ്പാദനം കണക്കാക്കി കര്‍ഷകര്‍ക്ക് മൂന്ന് ശതമാനം ബോണസ് നല്‍കും. അഞ്ച്മുതല്‍ പത്ത് ലക്ഷം രൂപവരെ പച്ചക്കറി നല്‍കുന്നവരും സമിതിയിലുണ്ട്. ഒരു സമിതിക്ക് കീഴില്‍ 250 മുതല്‍ 300 കര്‍ഷകരാണുള്ളത്. ഇവരില്‍ 16 പേരടങ്ങുന്ന ഒരോ ഗ്രൂപ്പുണ്ടാക്കി ഓരോഗ്രൂപ്പില്‍നിന്നും ഓരോരുത്തരെ തെരഞ്ഞെടുത്ത് അവരില്‍നിന്നാണ് സ്വാശ്രയ കര്‍ഷകസമിതികളെ തെരഞ്ഞെടുക്കുന്നത്. രണ്ടുവര്‍ഷമാണ് ഭാരവാഹികളുടെ കാലാവധി. സമിതിക്ക് സ്വന്തമായി ജീവനക്കാരുണ്ട്. വിഎഫ്പിസികെയുടെ ഒരു അസിസ്റ്റന്റ് മാനേജര്‍ മേല്‍നോട്ടത്തിനുണ്ടാകും. കെട്ടിടവാടക സമിതി കണ്ടെത്തണം. 
കാലവര്‍ഷത്തിന്റെ ഏറ്റക്കുറച്ചില്‍ കാരണം ഇത്തവണ പച്ചക്കറി ഉല്‍പ്പാദനത്തില്‍ ഇടിവ് വരുമോ എന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. കഴിഞ്ഞവര്‍ഷം പച്ചക്കറി കര്‍ഷകര്‍ക്ക് വന്ന നഷ്ടംനികത്താന്‍ ഇത്തവണത്തെ ഉല്‍പ്പാദനം സഹായിക്കുമെന്നാണ് പ്രതീക്ഷ. ബാങ്കില്‍നിന്ന് വായ്പയെടുത്താണ് ഭൂരിഭാഗം കര്‍ഷകരും കൃഷി നടത്തുന്നത്. സമിതികള്‍ വഴിവരുന്ന പണം കര്‍ഷകരുടെ അക്കൌണ്ടില്‍ നിക്ഷേപിക്കുകയും ഇതില്‍നിന്ന് വായ്പാതുക ബാങ്ക് ഈടാക്കുകയും ചെയ്യുകയാണ്. കഴിഞ്ഞവര്‍ഷം കൃഷി ഉണങ്ങിയതിനാല്‍ പലര്‍ക്കും വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞില്ല. ഇതിനാല്‍ പലിശയിനത്തില്‍ നല്ലൊരുതുക നഷ്ടമാകും. പച്ചക്കറിക്ക് വില കൂടുതല്‍ കിട്ടിയാല്‍ മാത്രമേ നഷ്ടം നികത്താന്‍ കഴിയുവെന്നും കര്‍ഷകര്‍ പറയുന്നു. 
 
പ്രധാന വാർത്തകൾ
Top