18 June Monday

ബാങ്ക‌് മാനേജർക്കെതിരെ കേസെടുക്കണം: സി കെ രാജേന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018
വടക്കഞ്ചേരി
ബാങ്കിന്റെ ജപ്തി ഭീഷണിയെത്തുടർന്ന് വടക്കഞ്ചേരി പാളയത്തെ കർഷകൻ മരിക്കാനിടയായ സാഹചര്യത്തിൽ ഉത്തരവാദികളായ ബാങ്ക് മാനേജർക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി കേസെടുക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ പറഞ്ഞു. 
കർഷകസംഘം നേതൃത്വത്തിൽ കനറാ ബാങ്കിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്കിൽനിന്നും അമ്പതിനായിരം രൂപ വായ‌്പയെടുത്തത് പലിശയടക്കം എഴുപതിനായിരത്തോളം രൂപ അടയ‌്ക്കണമെന്നാവശ്യപ്പെട്ട്  ജപ്തി നോട്ടീസ് വന്നിരുന്നു. അസുഖബാധിതനായ ചടയപ്പൻ തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും ബാങ്ക് മാനേജർ ഭീഷണി തുടരുകയായിരുന്നു. രാജ്യത്ത് ഓരോ അരമണിക്കൂറിലും കർഷക ആത്മഹത്യ നടക്കുമ്പോൾ കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന കർഷക ക്ഷേമ പ്രവൃത്തികൾക്കൊണ്ട് ആത്മഹത്യ ഇല്ലാതായി. 
എന്നാൽ ബാങ്ക് അധികൃതരുടെ ഇത്തരം നടപടി കർഷകരെ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. കേന്ദ്ര സർക്കാരിന്റെ ഒത്താശയോടുകൂടി ദേശസാൽക്കൃത ബാങ്കുകളിൽനിന്ന് കോടികൾ കടമെടുത്ത് വൻകിടക്കാർ വിദേശ രാജ്യങ്ങളിൽ കറങ്ങുമ്പോൾ അവർക്കെതിരെ നടപടിയെടുക്കാൻ തയ്യാറാവുന്നില്ല. 
ഇവരുടെ കോടിക്കണക്കിന് വരുന്ന വായ്പാ കുടിശ്ശിക കണ്ടില്ലെന്ന് നടിക്കുമ്പോൾ ഇത്തരത്തിൽ പാവപ്പെട്ട കർഷകരെ ഭീഷണിപ്പെടുത്തുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും സി കെ രാജേന്ദ്രൻ പറഞ്ഞു. ആത്മഹത്യ ചെയ‌്ത കർഷകന്റ കുടുംബത്തിന് വേണ്ട എല്ലാ സഹായങ്ങളും കേരള കർഷകസംഘം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top