20 June Wednesday
കർഷകന്റെ മരണം

കനറാ ബാങ്കിലേക്ക‌് കർഷകസംഘം മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 13, 2018
വടക്കഞ്ചേരി
പാളയത്ത് കർഷകന്റെ ആത്മഹത്യക്ക് ഇടയാക്കിയ ബാങ്ക് അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം വടക്കഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കനറാ ബാങ്കിലേക്ക് മാർച്ച് നടത്തി. കനറാ ബാങ്കിന്റെ വടക്കഞ്ചേരി ശാഖയിൽനിന്നും വായ്പയെടുത്ത‌് കുടിശ്ശികയായതിനെത്തുടർന്ന‌് ബാങ്ക‌് ജപ്തി നോട്ടീസ‌് കിട്ടിയ സാഹചര്യത്തിലാണ‌് വടക്കഞ്ചേരി പാളയം രാജമ്മ നിവാസിൽ ചടയപ്പൻ (65) സ്വന്തം കൃഷിയിടത്തിൽ ആത്മഹത്യ ചെയ്തത്. ബാങ്കിൽനിന്നും അമ്പതിനായിരം രൂപ വായ‌്പയെടുത്തത് തിരിച്ചടക്കാത്തതിനെത്തുടർന്ന് എഴുപതിനായിരത്തോളം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരുന്നു. 
അസുഖബാധിതനായ ചടയപ്പൻ വായ‌്പ തിരിച്ചടക്കാൻ സാവകാശം ചോദിച്ചെങ്കിലും ബാങ്ക് അധികൃതർ നിരന്തരം ജപ്തി ഭീഷണി മുഴക്കിയതായി പറയുന്നു. ബാങ്കിന്റെ കർഷക ദ്രോഹനടപടിക്കെതിരെയാണ‌് കർഷകസംഘം നേതൃത്വത്തിൽ പ്രതിഷേധ മാർച്ച‌് നടത്തിയത‌്. വടക്കഞ്ചേരി ടിബിയിൽനിന്നും ആരംഭിച്ച മാർച്ച് ബാങ്കിന് മുന്നിൽ സമാപിച്ചു.തുടർന്ന് നടന്ന പ്രതിഷേധയോഗം സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. 
ഏരിയ പ്രസിഡന്റ് എം കെ സുരേന്ദ്രൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ ബാലൻ, കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം പി ഗംഗാധരൻ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി എം കലാധരൻ സ്വാഗതവും ജി വേലുണ്ണി നന്ദിയും പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top