23 September Sunday

പ്രതിയെ കുടുക്കാൻ പൊലീസ് സഞ്ചരിച്ചത് 7000 കിലോമീറ്റർ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 13, 2018
തൃശൂർ > തോംസൺ ഗ്രൂപ്പ് കമ്പനിയുടെ അക്കൗണ്ടിൽനിന്ന് പണം തട്ടിയ ഒാൺലൈൻ തട്ടിപ്പുകേസിലെ പ്രതി ദീപക് സേത്തിയയെ തേടി പൊലീസ് സഞ്ചരിച്ചത് അഞ്ച് സംസ്ഥാനത്തായി 7000 കിലോമീറ്റർ. പൊലീസ് ജീപ്പും വേഷവും ഒഴിവാക്കി ഓട്ടോക്കാരന്റെ സഹായിയെപ്പോലെ വേഷംമാറിയെത്തിയാണ് പ്രതികളുടെ സങ്കേതത്തിലെത്തിയത്. രാജസ്ഥാൻ വേഷവും കമ്മലുമെല്ലാം ധരിച്ചായിരുന്നു സഞ്ചാരം. ഡൽഹി, ഛത്തീസ്ഗഢ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന സംസ്ഥാനങ്ങളിൽ ഒളിത്താവളങ്ങളും വലിയ സംഘങ്ങളുമുള്ള ദീപക് സേത്തിയയെ 12 ദിവസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടാനായതെന്ന് പൊലീസ് പറഞ്ഞു. 
  ഇവരുടെ ഒളിത്താവളങ്ങളിൽ സിസിടിവി ക്യാമറകളും ഗുണ്ടാകാവലുമുണ്ട്. ഇവരുടെ തെരുവിൽ പുറമെനിന്ന് ആളെത്തിയാൽ നിമിഷങ്ങൾക്കകം വിവരംകിട്ടും. ഡൽഹിയിൽനിന്നും ഹരിയാനയിൽനിന്നും തലനാരിഴയ്ക്കാണ് അന്വേഷണസംഘത്തിന്റെ കൈയിൽനിന്ന് പ്രതി രക്ഷപ്പെട്ടത്. പിന്നീട് രാജസ്ഥാനിൽനിന്നാണ് പിടിയിലായത്. ഇത്തരം സംഘങ്ങൾ വ്യാജ തിരിച്ചറിയൽകാർഡും ആധാർകാർഡുമുണ്ടാക്കി മൊബൈൽ നമ്പറുകളും പാൻകാർഡുകളും ഉണ്ടാക്കിയാണ് തട്ടിപ്പ്. ഫ്ളാറ്റുകൾ വാടകക്കെടുത്ത് പുതിയ ഇൻഡസ്ട്രിയൽ കമ്പനി രൂപീകരിക്കും. കമ്പനിയൂടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കും. വ്യാജ അക്കൗണ്ടുകളിൽ പണമിടപാട് നടത്തി ബാങ്കിന്റെ വിശ്വാസ്യത നേടും.
 പിന്നീട് സംഘാംഗങ്ങൾ വഴി  ബാങ്കുകളുടെയും കമ്പനികളുടെയും അക്കൗണ്ടുകളും മെയിലുകളും ഹാക്ക് ചെയ്ത് പണം തട്ടുകയായിരുന്നു.  തട്ടിയെടുക്കുന്ന പണം അപ്പപ്പോൾ പിൻവലിച്ച് ഹവാല ഇടപാടുവഴി വിദേശത്തേക്ക് പണം കടത്തുകയായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top