വടക്കഞ്ചേരി > വടക്കഞ്ചേരി മണ്ണുത്തി ദേശീയപാത നിര്‍മാണം അനിശ്ചിതത്വത്തില്‍. കുതിരാന്‍ തുരങ്കനിര്‍മാണവും പ്രതിസന്ധിയിലായി. ദേശീയപാത നിര്‍മാണം നിലച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യാപക ആക്ഷേപമുയര്‍ന്നു. കരാര്‍ കമ്പനിയുടെ അനാസ്ഥയ്ക്കെതിരെ ദേശീയപാത അതോറിറ്റിയോ മറ്റ് ബന്ധപ്പെട്ടവരോ പ്രതികരിക്കുന്നില്ല.
ലോറി ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും വാടകയും ശമ്പളവും നല്‍കാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ സമരരംഗത്തിറങ്ങിയത്. സമരം ശക്തി പ്രാപിച്ചിട്ടും തൊഴിലാളികളുമായി സംസാരിക്കാനോ ചര്‍ച്ച ചെയ്യാനോ ആരും മുന്നോട്ടുവന്നില്ല. ഇതിനിടെ കുതിരാന്‍ തുരങ്ക നിര്‍മാണവും അനന്തമായി നീണ്ടുപോകുമെന്ന് ഉറപ്പാണ്. തുരങ്ക നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ സമരം തീര്‍ക്കാന്‍ ഒരു നടപടിയുമില്ല. ഈ മാസം അഞ്ചുമുതലാണ് തൊഴിലാളികള്‍ സമരം തുടങ്ങിയത്. സമരം നീണ്ടുപോകുന്നതോടെ ജനുവരിയില്‍ തുരങ്ക പാത തുറക്കാന്‍ സാധിക്കില്ല.