19 October Friday

മാധുര്യമായി അക്ഷരോത്സവം

വെബ് ഡെസ്‌ക്‌Updated: Sunday Nov 12, 2017

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്മത്സരം മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു ഉദ്ഘാടനം ചെയ്യുന്നു

 

പാലക്കാട് > പുതുതലമുറയെ അറിവിന്റെ പുത്തന്‍ വാതായനങ്ങളിലേക്ക് നയിക്കുന്ന ഒഡീസിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്   പരമ്പരാഗതമായ  മത്സര കാഴ്ചപാടുകളെ  മാറ്റിമറിച്ച് വിദ്യാര്‍ഥികളില്‍ കാലത്തിന്റെ അവബോധം സൃഷ്ടിച്ചു. 
മത്സരം വെറും പരീക്ഷയല്ല, കുട്ടികളുടെ അറിവ് പരീക്ഷിക്കുന്ന കാഠിന്യമുള്ള എഴുത്തുമേഖലയല്ല, എന്നെല്ലാം തെളിയിച്ചാണ് ദേശാഭിമാനി സംഘടിപ്പിച്ച ക്വിസ് പരിപാടി ജില്ലാതലത്തില്‍ സമാപിച്ചത്. ഏഴാമത്തെ സീസണ്‍ മത്സരങ്ങള്‍ പാലക്കാട് മോയന്‍ എല്‍പി സ്കൂളില്‍ ശനിയാഴ്ച രാവിലെ ആരംഭിച്ചു. ചോദ്യങ്ങള്‍ക്കപ്പുറത്തേക്ക് ചോദ്യത്തിന്റെ രൂപപ്പെടലിലേക്ക് നയിച്ച കാലത്തേയും സംസ്കാരത്തേയും   ആവോളം ആവാഹിച്ചും സംവദിച്ചുമാണ് വദ്യാര്‍ഥികളുടെ അറിവ് മാറ്റുരച്ചത്. ചോദ്യങ്ങളോടുള്ള വിദ്യാര്‍ഥികളുടെ പ്രതികരണവും അത്ഭുതാവഹമായിരുന്നു. എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി  വിഭാഗങ്ങളിലാണ് ജില്ലയിലെ സബ്ജില്ലകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 208 വിദ്യാര്‍ഥികള്‍ മാറ്റുരച്ചത്. 
എല്‍പി വിഭാഗം കുട്ടികളുടെ മികവ് വേറിട്ട അനുഭവമായി.  ഓരോ വിഭാഗത്തിലും 20 ചോദ്യങ്ങള്‍ വീതമാണ് ഉണ്ടായിരുന്നത്. എന്നാല്‍ അഞ്ച് ടീമുകള്‍ 14 വീതം സ്കോര്‍വാങ്ങി രണ്ടാം സ്ഥാനത്തെത്തി. ഇവര്‍ക്കായി വീണ്ടും അഞ്ച് ചോദ്യങ്ങള്‍ ചോദിച്ചതില്‍ നാലിനും എല്ലാവരും ഉത്തരം പറഞ്ഞു. അവസാനം ടൈബ്രേക്കറില്‍ ഒരു ചോദ്യം ചോദിച്ചാണ് രണ്ടാം സ്ഥാനക്കാരെ നിശ്ചയിച്ചത്. സബ്ജില്ലാതലത്തില്‍ ഒന്നും മൂന്നും സ്ഥാനം നേടിയവര്‍ ഒരുഗ്രൂപ്പും രണ്ടും നാലും സ്ഥാനം നേടിയവര്‍ മറ്റൊരു ഗ്രൂപ്പുമായാണ് മത്സരിച്ചത്. കെഎസ്ടിഎ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അധ്യാപകരാണ് മത്സരം നിയന്ത്രിച്ചത്. ചോദ്യങ്ങള്‍ നേരിട്ട് ചോദിക്കുന്നതോടൊപ്പം സ്ക്രീനില്‍ അവയുടെ ചിത്രവും പ്രത്യേകതയും കാണിച്ചാണ് ഉത്തരം തേടിയത്. 
മോയന്‍ എല്‍പി സ്കൂള്‍ അങ്കണത്തില്‍ ഒരുക്കിയ വേദിയില്‍ പൊല്‍പ്പുള്ളി ശ്രീരഞ്ജിനി മ്യൂസിക് സ്കൂളിലെ വിദ്യാര്‍ഥികള്‍ ആലപിച്ച സ്വാഗതഗാനത്തോടെയാണ് പരിപാടി തുടങ്ങിയത്. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു  ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് ടി എന്‍ കണ്ടമുത്തന്‍ അധ്യക്ഷനായി. ദേശാഭിമാനി തൃശൂര്‍ യൂണിറ്റ് മാനേജര്‍ ഐ പി ഷൈന്‍ ആമുഖം അവതരിപ്പിച്ചു. എംഎല്‍എമാരായ പി കെ ശശി, കെ ഡി പ്രസേനന്‍, കെ ബാബു, പാലക്കാടിന്റെ കഥാകാരന്‍ മുണ്ടൂര്‍ സേതുമാധവന്‍, ഗ്രന്ഥശാലാസംഘം സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി കെ സുധാകരന്‍, മോയന്‍ എല്‍പി സ്കൂള്‍ പ്രധാനഅധ്യാപിക കെ മണിയമ്മ, പിടിഎ പ്രസിഡന്റ് പി അജിത് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ എ ശിവദാസന്‍ സ്വാഗതവും കോഓഡിനേറ്റര്‍ പി ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു. 
സമാപന സമ്മേളനം സംഗീതജ്ഞന്‍ രാഗരത്നം മണ്ണൂര്‍ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി അധ്യക്ഷയായി. കെ വി വിജയദാസ് എംഎല്‍എ, കഥാകൃത്ത് ടി കെ ശങ്കരനാരായണന്‍, മലബാര്‍ സിമന്റ്സ് ജനറല്‍ മാനേജര്‍ എം മുരളീധരന്‍, ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ പി അനില്‍കുമാര്‍   എന്നിവര്‍ സംസാരിച്ചു. സമ്മാനദാനം കെ വി വിജയദാസ് എംഎല്‍എ, കെ ശാന്തകുമാരി, എം മുരളീധരന്‍, ന്യുക്ളിയസ് അക്കാദമി  സിഇഒ ഇ ഷാജി, ക്യൂട്ടി സോപ്സ് മാനേജിങ് ഡയറക്ടര്‍ കെ പി ഖാലിദ്, ബാങ്കേഴ്സ അക്കാദമി ചെയര്‍മാന്‍ ജി ബാലസുബ്രഹ്മണ്യന്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. ദേശാഭിമാനി ബ്യൂറോ ചീഫ് വി ജയിന്‍ സ്വാഗതവും ചീഫ് റിപ്പോര്‍ട്ടര്‍ വേണു കെ ആലത്തൂര്‍ നന്ദിയും പറഞ്ഞു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top