പാലക്കാട് > ക്ളാസ് മുറിക്കുള്ളില്‍ കൊച്ചുകൂട്ടുകാര്‍ അറിവിനെ മാറ്റുരച്ചപ്പോള്‍ ഇപ്പുറത്ത് മോയന്‍ എല്‍പി സ്കൂളിലെ മരത്തണലില്‍ രക്ഷിതാക്കളും മത്സരാര്‍ഥികളായി. സാഹിത്യവും ശാസ്ത്രവും സംസ്കാരവുമൊക്കെയായി അറിവിന്റെ പരീക്ഷണ വേദിയായി.
'കാണാം കേള്‍ക്കാം വായിക്കാം വരൂ, യുക്തിയിലൊരു ചിരി അറിവാക്കാം' എന്നു തുടങ്ങി ക്വിസ് മാസ്റ്റര്‍ വി ആര് രാജന് തയ്യാറാക്കിയ ചെറിയ കവിതയിലൂടെയാണ് ക്വിസിന് തുടക്കമായത്. രക്ഷകര്‍ത്താക്കള്‍ മാത്രമല്ല, വിദ്യാര്‍ഥികളോടൊപ്പം വന്ന അധ്യാപകരും മറ്റ് കുട്ടികളുമൊക്കെ ക്വിസ് മത്സരത്തില്‍ പങ്കാളികളായി. 25 ചോദ്യങ്ങള്‍ എന്ന നിലയിലാണ് പരിപാടി ആരംഭിച്ചതെങ്കിലും നാല്‍പ്പതോളം ചോദ്യങ്ങള്‍ ചോദിച്ചു. നിരവധി ചോദ്യങ്ങളുടെ ഉത്തരം പറയാന്‍ കൂട്ടത്തോടെയാണ് കൈകള്‍ ഉയര്‍ന്നത്. ആദ്യം കൈപൊക്കിയത് ആരെന്നു കണ്ടെത്താനാവാതെ സംഘാടകരും വലഞ്ഞു. ഒടുവില്‍ പല ചോദ്യങ്ങള്‍ക്കും ഒന്നിലേറെ പേര്‍ക്ക് സമ്മാനം നല്കി.
എന്നാല്‍ സ്ത്രീ സുരക്ഷാ ഓര്ഡിസന്സ് നിലവില്‍ വന്ന വര്‍ഷമേത്, ലോകത്ത് ഏറ്റവും കൂടുതല്‍ വാര്‍ഷിക ശമ്പളം വാങ്ങുന്നതാര് എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ആര്‍ക്കുമായില്ല. സിംഗപ്പൂര്‍ പ്രധാനമന്ത്രിയാണ് ലോകത്ത് ഏറ്റവുമധികം ശമ്പളം വാങ്ങുന്നതെന്നും അത് 13.92 കോടി രൂപയാണെന്നും കേട്ട് പലരും അദ്ഭുതപ്പെട്ടു.
ചോദ്യം ചോദിച്ചു തുടങ്ങുമ്പോഴേക്കും പലരും ഉത്തരം പറയാനും കൈപൊക്കുന്ന സ്ഥിതിയുമുണ്ടായി. നിരവധി തവണ കൈ പൊക്കിയിട്ടും ഉത്തരം പറയാന്‍ അവസരം ലഭിക്കാതിരുന്ന ചിലര്‍ പരിഭവിച്ചു. പിന്നെ ഒരു ഉത്തരം പറഞ്ഞവര്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കണമെന്ന് ക്വിസ് മാസ്റ്ററുടെ അഭ്യര്‍ഥനയായി. തുടര്‍ന്ന് ഒരു സമ്മാനം കിട്ടിയവര്‍ മറ്റുള്ളവര്‍ക്ക് വഴിമാറി. ശാസ്ത്രം, സാഹിത്യം, സാംസ്കാരിക മേഖലകളെ സ്പര്‍ശിക്കുന്ന ചോദ്യങ്ങളാണ് ഉയര്‍ത്തിയത്.
മുന്‍ അധ്യാപകനും ബാംബു വര്‍ക്കേഴ്സ് യൂണിയന് ജില്ലാ പ്രസിഡന്റുമായ വി ആര് രാജനായിരുന്നു ക്വിസ് മാസ്റ്റര്‍.