Top
17
Sunday, December 2017
About UsE-Paper

സ്ത്രീ ശാക്തീകരണത്തിന് ഇനി കുടുംബശ്രീ സ്കൂളും

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

 പാലക്കാട് > കുടുംബശ്രീ നേരിടുന്ന വെല്ലുവിളികളെയും പരിമിതികളെയും മറികടക്കാനും പ്രവര്‍ത്തനങ്ങള്‍ പുനര്‍നിര്‍ണയം നടത്താനും സ്ത്രീകള്‍ക്ക് മാത്രമായ  സ്കൂളിന് കുടുംബശ്രീ  തുടക്കം കുറിക്കുന്നു. 

 സംസ്ഥാനത്തെ മുഴുവന്‍ അയല്‍ക്കൂട്ടങ്ങളിലെയും മുഴുവന്‍ അംഗങ്ങളെയും പദ്ധതിയില്‍ പങ്കാളികളാക്കും. സ്ത്രീകള്‍ക്ക് സാമൂഹികമായും സാംസ്കാരികവും സാമ്പത്തികവുമായ അറിവ് നേടിയെടുക്കാനുള്ള സംവിധാനമാകും കുടുംബശ്രീ സ്കൂള്‍.   പ്രത്യേക പരിശീലനം ലഭിച്ചവര്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക്  ക്ളാസെടുക്കും. ജില്ലയിലെ 22,248 അയല്‍ക്കൂട്ടങ്ങളിലും പദ്ധതി നടപ്പാക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 21ന്  തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 
സംസ്ഥാനത്തെ 2,77,175അയല്‍ക്കൂട്ടങ്ങളിലെയും 4,306,976 അംഗങ്ങളെയും പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന  സമൂഹാധിഷ്ഠിത പഠന സംവിധാനം ലോകത്തുതന്നെ അപൂര്‍വമാണ്. സംസ്ഥാനത്താകെ 19,854 വാര്‍ഡുകളിലായി 1,19,124 അധ്യാപകര്‍ അയല്‍ക്കൂട്ട തലത്തില്‍ പ്രവര്‍ത്തനം നടപ്പാക്കും. 
ഒരുമണിക്കൂര്‍ വീതമുള്ള ആറ് സെഷനായി 12 മണിക്കൂറാണ് ഓരോ അയല്‍ക്കൂട്ടവും സ്വയം പഠനത്തില്‍ ഏര്‍പ്പെടേണ്ടത്. ആരോഗ്യ ശുചിത്വ മേഖലയിലും കാര്‍ഷിക മേഖലയിലും കുടുംബശ്രീ ഏറ്റെടുക്കേണ്ട നിരന്തര പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനം  സ്കൂള്‍ ഉപയോഗപ്പെടുത്തും.
പദ്ധതിക്ക് മുന്നോടിയായി ജില്ലയിലെ നാല് റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് പരിശീലനം നല്‍കി.  അയല്‍ക്കൂട്ടങ്ങളിലെ പരിശീലകരാവാന്‍ ഒരു വാര്‍ഡില്‍നിന്ന് ആറു കമ്യൂണിറ്റി അധ്യാപകരെയാണ് തെരഞ്ഞെടുത്തത്.  പാലക്കാട് ജില്ലയിലെ 10,146 പേര്‍ക്കുള്ള പരിശീലനത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും.
അയല്‍ക്കൂട്ടാംഗങ്ങളുടെ തുടര്‍ച്ചയായ പരിശീലനം,  അവരുടെ സാമൂഹികവും സാമ്പത്തികവും സാംസ്കാരികവും രാഷ്ട്രീയവുമായ ശാക്തീകരണത്തിനായി സ്കൂളിനെ പ്രയോജനപ്പെടുത്താം.  സ്ത്രീകള്‍ക്കും കട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയാനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാവശ്യമായ പൊതു അവബോധം സ്ത്രീകള്‍ക്കിടയില്‍ സൃഷ്ടിക്കാനും സ്കൂള്‍  ഉപകരിക്കും. കുടുംബശ്രീ പദ്ധതികളുടെ നടത്തിപ്പിലും വിലയിരുത്തലിലും ക്രിയാത്മകമായ പിന്തുണ നല്‍കലും സ്കൂളിന്റെ ലക്ഷ്യമാണ്്.  
കുടുംബശ്രീ പദ്ധതികളെക്കുറിച്ച് അംഗങ്ങളില്‍ അവബോധം സൃഷ്ടിക്കുക, ലഘു സമ്പാദ്യ വായ്പാ പ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്തുക,  അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തുക, സാമൂഹ്യ തിന്മകള്‍ക്കെതിരെ അംഗങ്ങളെ ജാഗരൂഗരാക്കുക, പ്രാദേശിക ആസൂത്രണം, വികസനം, പദ്ധതികളുടെ നടത്തിപ്പ് ഇവയില്‍ പ്രാദേശിക കൂട്ടായ്മ എന്ന നിലയില്‍ അയല്‍ക്കൂട്ടങ്ങളുടെ പിന്തുണ ഉറപ്പാക്കുക, ആരോഗ്യ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ അംഗങ്ങളെ പ്രാപ്തരാക്കുകയും ചെയ്യും.