18 November Sunday
ഹർത്താൽ പൂർണം

പാലക്കാട‌് നിശ‌്ചലം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 11, 2018

 പാലക്കാട‌്

ഇന്ധന വില അമിതമായി വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ എൽഡിഎഫ‌് ആഹ്വാനം ചെയ‌്ത 12 മണിക്കൂർ ഹർത്താൽ വൻവിജയം. ജനങ്ങൾ സ്വമേധയാ ഹർത്താലിൽ പങ്കെടുത്ത‌് തങ്ങളുടെ കടുത്ത പ്രതിഷേധം അറിയിച്ചു. ജനജീവിതം ദുഃസഹമാക്കി പെട്രോളിന്റെയും ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വർധിപ്പിക്കുന്ന കേന്ദ്രസർക്കാർ പാവങ്ങളെ കൊള്ളയടിക്കുകയാണ‌്. ഇതോടൊപ്പം രൂപയുടെ മൂല്യം ഇടിഞ്ഞ‌് സാമ്പത്തിക രംഗവും തകരുന്നു. പ്രളയത്തിൽ തകർന്ന കേരളം നിവർന്നുനിൽക്കാൻ പാടുപെടുമ്പോൾ ജനതയുടെ മേൽ അമിതഭാരം അടിച്ചേൽപ്പിച്ച‌് കൂടുതൽ ദ്രോഹിക്കുകയാണ‌് കേന്ദ്രസർക്കാർ. ഇതിനാൽ കേരളത്തിൽ ജനജീവിതം പൂർണമായും സ‌്തംഭിക്കുന്ന വിധമായിരുന്നു ഹർത്താലിന്റെ പ്രതികരണം. 
കടകളൊന്നും തുറന്നില്ല. മോട്ടോർ വാഹനമേഖലയും സ്വമേധയ പണിമുടക്കി.കെഎസ‌്ആർടിസി ബസുകളും ഓടിയില്ല. സ്വകാര്യ വാഹനങ്ങളും കാര്യമായി നിരത്തിലിറങ്ങിയില്ല.  വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. സർക്കാർ ഓഫീസുകളിലും ജീവനക്കാർ കുറവായിരുന്നു. എവിടെയും അക്രമസംഭവങ്ങളുണ്ടായില്ല എന്നതും ഹർത്താലിൽ ജനങ്ങളുടെ സഹകരണത്തിന‌് തെളിവായി. ഏറ്റവും കൂടുതൽ വാഹനങ്ങൾ ഓടിയിരുന്ന ദേശീയപാതയും വിജനമായിരുന്നു. തമിഴ‌്നാട്ടിലും ഹർത്താൽ പൂർണമായതിനാൽ അവിടെനിന്നുള്ള വാഹനങ്ങളും ദേശീയപാതയിലുണ്ടായിരുന്നില്ല. ഹർത്താൽ നേരത്തെ അറിഞ്ഞതിനാൽ ജനങ്ങൾ സ്വമേധയ യാത്ര മാറ്റിവച്ചു. അതിനാൽ റെയിൽവേ സ‌്റ്റേഷനിലും യാത്രക്കാർ കുടുങ്ങിയില്ല. അഖിലേന്ത്യാ വ്യാപകമായി  പ്രഖ്യാപിച്ച ഹർത്താൽ ട്രെയിൻ സർവീസിനേയും ബാധിച്ചു. പല ട്രെയിനുകളും ഓടിയില്ല. 
 ഹർത്താലിന്റെ ഭാഗമായി പഞ്ചായത്ത‌്, മുനിസിപ്പൽ കേന്ദ്രങ്ങളിൽ എൽഡിഎഫ‌് നേതൃത്വത്തിൽ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. പാലക്കാട‌് നഗരത്തിൽ നടന്ന പ്രകടനത്തിന‌് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എൻ എൻ കൃഷ‌്ണദാസ‌്, കെ കെ ദിവാകരൻ, ഏരിയ സെക്രട്ടറി കെ വിജയൻ, സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ‌്‌രാജ‌് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
Top