17 October Wednesday
16 മണിക്കൂർ ഗതാഗതം സ്തംഭിച്ചു

വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

വടക്കഞ്ചേരി– മണ്ണുത്തി ദേശീയപാതയിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്‌

വടക്കഞ്ചേരി
വടക്കഞ്ചേരി– മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന‌്  16 മണിക്കൂർ ഗതാഗതം സ്തംഭിച്ചു. വ്യാഴാഴ‌്ച രാത്രി മുതൽ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.  വ്യാഴാഴ്ച രാത്രി പത്തിന് തുടങ്ങിയ കുരുക്ക് വെള്ളിയാഴ‌്ച പകൽ രണ്ട‌് വരെ നീണ്ട് നിന്നു. ദേശീയപാത കുതിരാനിൽ ഒരു ലോറി കേടായി നിന്നതും  റോഡിന്റെ ശോച്യാവസ്ഥയുമാണ് ഗതാഗതക്കുരുക്കിന് കാരണം.  പാലക്കാട‌് നഗരത്തിൽ വെള്ളം കയറിയതിനെ  തുടർന്ന് നിർത്തിയിട്ടിരുന്ന ചരക്ക് ട്രയിലർ ലോറികൾ ഒരുമിച്ച് വന്നതും കുരുക്കിന്റെ തീവ്രത വർധിപ്പിച്ചു. കേടായലോറി രാത്രി തന്നെ മാറ്റിയെങ്കിലും കുരുക്കിന് ശമനമുണ്ടായില്ല. 
കുരുക്ക് രൂക്ഷമായതിനെ തുടർന്ന് തൃശൂർ എസിപിയുടെ കീഴിലുള്ള എമർജൻസി ഫോഴ്സ്, ഹൈവേ പൊലീസ‌്,  പീച്ചി പൊലീസ‌് എന്നിവരുടെ  നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിച്ചു. വലിയ ചരക്ക് ലോറികളും ട്രയിലർ ലോറികളും വാണിയമ്പാറ, കൊമ്പഴ എന്നിവിടങ്ങിൽ പിടിച്ചിട്ടു.  വടക്കഞ്ചേരി വാളയാർ ദേശീയപാതയിൽനിന്നും വലിയ വാഹനങ്ങളെ കടത്തിവിട്ടില്ല.  കണ്ണന്നൂർ, കുഴൽമന്ദം ഭാഗങ്ങളിൽ വലിയ ലോറികൾ സർവീസ് റോഡിൽ പിടിച്ചിട്ടു. 
  വെള്ളിയാഴ‌്ച പകൽ രണ്ടോടെയാണ‌് ഗതാഗതക്കുരുക്കിന് അൽപ്പമെങ്കിലും  ശമനമുണ്ടായത്. 
മഴക്കാലം ആരംഭിച്ചതോടു കൂടി ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. റോഡുകളിലെല്ലാം വൻകുഴികളാണ് .ദേശീയപാതയുടെ വിവിധ പ്രദേശങ്ങളിലെ മണ്ണിടിച്ചിലും ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയിട്ടുണ്ട്. മഴ മാറിയതിന് ശേഷം ദേശീയപാതയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും കുതിരാനിലെ ഇടത് തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടാനും തുടങ്ങിയാൽ മാത്രമേ ഗതാഗത കുരുക്കിന് പരിഹാരം  കാണാൻ കഴിയു.
പ്രധാന വാർത്തകൾ
Top