20 September Thursday
പാലുൽപ്പാദനത്തിൽ വൻ കുറവ‌്

മൃഗസംരക്ഷണമേഖലയിൽ 65 ലക്ഷത്തിന്റെ നഷ്‌ടം

യു വിനയൻUpdated: Monday Sep 10, 2018
പാലക്കാട‌്
പ്രളയത്തെത്തുടർന്ന‌് ജില്ലയിലെ മൃഗസംരക്ഷണ മേഖലയ‌്ക്കുണ്ടായ നഷ‌്ടം  65 ലക്ഷത്തിന്റേതെന്ന‌് പ്രാഥമിക കണക്ക‌്‌. പാലുൽപ്പാദനത്തിലും അനുബന്ധ വ്യവസായത്തിലും പ്രളയം വരുത്തിവച്ചതും സമാനതകളില്ലാത്ത നാശമാണ‌്.  ക്ഷീരവികസന വകുപ്പിനു കീഴിൽ രജിസ്റ്റർ ചെയ‌്ത സംഘങ്ങളിൽ കഴിഞ്ഞ മാസമുള്ള ഉൽപ്പാദനത്തിൽ ആകെ 12,000 ലിറ്റർ പാലാണ‌് കുറഞ്ഞത‌്. പ്രളയത്തിൽ ക്ഷീര കർഷകർക്കുണ്ടായ നാശത്തിന്റെ കണക്ക‌് ശേഖരിക്കൽ നടക്കുകയാണ‌്. 324 സംഘങ്ങളാണ‌് ജില്ലയിൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നത‌്. 
നിരവധി പശുക്കൾ ചത്തു‌. പലതും ഒലിച്ചുപോയി. തീറ്റപ്പുൽ കൃഷി ചെയ‌്ത കർഷകർക്കും വൻ നാശമാണുണ്ടായത‌്. പ്രളയസമയത്ത‌് പാൽ സംഭരണത്തിലും കുറവ‌് വന്നു. മലമ്പുഴ, പട്ടാമ്പി, തൃത്താല മേഖലയിലെ കർഷകരാണ‌് കൂടുതൽ ദുരിതത്തിലായത‌്. ഇതിനോടകം 47500 കിലോ വൈക്കോലും എൻസിബിഡിയിൽനിന്നുള്ള 420 ബോക‌്സ‌് കാലിത്തീറ്റയും ജില്ലയിൽ വിതരണം ചെയ‌്തു. 
കർഷകർക്ക‌് സഹായമെത്തിക്കാനുള്ള നടപടി മൃഗസംരക്ഷണ വകുപ്പിനു കീഴിലും പുരോഗമിക്കുകയാണ‌്. പശു, എരുമ, കാള തുടങ്ങിയവയ‌്ക്കു പുറമെ പന്നി, കാട, കോഴി, ബ്രോയിലർ, താറാവ് കാലിത്തീറ്റ, ബ്രോയിലർ ഷെഡ്, പൗൾട്രി ഫാം, ആട്ടിൻകൂട്, ഫാം ഉപകരണങ്ങൾ, കാലിത്തൊഴുത്ത‌് തുടങ്ങി നിരവധി വസ്തുക്കളും പ്രളയത്തിൽ നശിച്ചിരുന്നു. കർഷകർക്കുണ്ടായ നഷ്ടങ്ങളുടെ കണക്കെടുപ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വഴിയും മൃഗാശുപത്രികൾ വഴിയും പുരോഗമിക്കുകയാണ്. 
മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലും കാലിത്തീറ്റ–പോഷക വസ‌്തുക്കൾ എന്നിവയുടെ വിതരണം നടക്കുന്നുണ്ട‌്. വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ക്യാമ്പും ഇതിനായി സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ തെരഞ്ഞെടുത്ത 25 പ്രദേശങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിച്ചത‌്. 
പാലക്കാട്, ആലത്തൂർ, മണ്ണാർക്കാട്, ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിൽ 570 കന്നുകാലികൾക്കായി 20,000 കിലോഗ്രാം കാലിത്തീറ്റ നൽകി. അഞ്ച് താലൂക്കുകളിൽ 2,000 കന്നുകാലികൾക്ക് ഒരു കിലോ നിരക്കിൽ 2,000 കിലോ ധാതുലവണമിശ്രിതവും വിതരണം ചെയ‌്തു. മറ്റ‌് ജില്ലകളിലേക്ക‌് 238ടൺ കാലിത്തീറ്റയും 18 ടൺ ധാതുലവണമിശ്രിതവും നൽകി. ഒന്നര ലക്ഷം രൂപയുടെ മരുന്നുകൾ ജില്ലയിലും അഞ്ച‌് ലക്ഷത്തിന്റെ മരുന്നുകൾ മറ്റ‌് ജില്ലകളിലേക്കും നൽകി. തമിഴ്നാട്ടിൽനിന്നും 17 ടണ്ണോളം കാലിത്തീറ്റ ജില്ലയിൽ എത്തിച്ചിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top