25 September Tuesday

കുടുംബശ്രീ സംരക്ഷിക്കാൻ അട്ടപ്പാടിയിൽ എൽഡിഎഫ‌് റാലി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 10, 2018
അഗളി
അട്ടപ്പാടിയിലെ ആദിവാസി കുടുംബശ്രീ യൂണിറ്റുകളെ സംരക്ഷിക്കണമെന്നും ജനങ്ങൾക്ക‌് ഗുണമുണ്ടാകുന്ന വിധം ഇതിനെ മാറ്റുന്നതിന‌് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട‌് എൽഡിഎഫ‌് നേതൃത്വത്തിൽ അഗളിയിൽ മാർച്ച‌് നടത്തി.  ആദിവാസികൾക്ക‌് വേണ്ടി ആരംഭിച്ച പ്രത്യേക കുടുംബശ്രീകളെ ഇടക്കാലത്ത‌് തലപ്പത്ത‌് വന്ന ചിലർ അട്ടിമറിക്കുകയായിരുന്നു. ആദിവാസി ഫണ്ട‌് വേണ്ടവിധം വിനിയോഗിക്കാതെ മറ്റ‌് ചില ആവശ്യങ്ങൾക്ക‌് ചെലവഴിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ‌് നിരവധി പേർ പങ്കെടുത്ത റാലി നടത്തിയത‌്. 
അഗളി എസ്ബിഐ ജങ‌്ഷനിൽ നടന്ന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി ഏരിയ സെക്രട്ടറി സി പി ബാബു അധ്യക്ഷനായി. കനത്ത മഴയിലും  ഗുളിക്കടവിൽ നിന്നാരംഭിച്ച ജനകീയറാലിയിൽ ആദിവാസി സ്ത്രീകളുടെ വൻ പങ്കാളിത്തമുണ്ടായി. കേന്ദ്ര–സംസ്ഥാന പദ്ധതികളെ  പിന്തുണക്കുന്ന സമീപനമാണ് ഇടതുപക്ഷത്തിനുള്ളതെന്ന് സി കെ രാജേന്ദ്രൻ പറഞ്ഞു. സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ആദിവാസികളുടെ പ്രശ്നം പരിഹരിക്കാനാണ് ഇടതുപക്ഷം എന്നും ശ്രമിച്ചിട്ടുള്ളത്. തദ്ദേശസ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി കുടുംബശ്രീ പദ്ധതിയെ ചിലർ സ്വന്തം വരുതിയിലാക്കി. ഇത് ഒരിക്കലും അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയിലെ ആദിവാസികൾക്ക് തൊഴിൽസുരക്ഷ ഉറപ്പാക്കുക, പോഷകാഹാര വിതരണം കാര്യക്ഷമമാക്കുക എന്നിങ്ങനെ വിവിധ ലക്ഷ്യത്തോടെയാണ് പ്രത്യേക കുടുംബശ്രീ പദ്ധതി ആരംഭിച്ചത്. കേന്ദ്ര ഗ്രാമവികസന വകുപ്പിലെ കരാർ ജീവനക്കാരിക്കാണ് പദ്ധതിയുടെ ചുമതല ഉണ്ടായിരുന്നത്. നാലുവർഷത്തിനിടെ ആദിവാസികൾക്ക് ഒരു ഗുണവുമുണ്ടാകാത്ത പദ്ധതിയായി മാറി. വൻ സാമ്പത്തിക ക്രമക്കേടുകളും ആരോപിക്കപ്പെട്ടു. സർക്കാർ പണം ചീഫ് ഓപ്പറേറ്റിങ‌് ഓഫീസർ തന്നിഷ്ടം പോലെ ചെലവഴിക്കുകയായിരുന്നു. 
സമരത്തിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം ജോസ് ബേബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ‌് ഈശ്വരീരേശൻ, സി രാധാകൃഷ്ണൻ, ജനതാദൾ നേതാവ് മുഹമ്മദ് ജാക്കീർ, എകെഎസ് ജില്ലാ സെക്രട്ടറി എം രാജൻ എന്നിവർ സംസാരിച്ചു. സിപിഐ എം നേതാക്കളായ എൻ ജംഷീർ, രാമമൂർത്തി,  പി കെ ഉത്തമൻ , ജോസ് പനക്കാമറ്റം, തോമസ്, എൻ പി ഷാജൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീലക്ഷ്മി ശ്രീകുമാർ ,രത്തിന രാമമൂർത്തി, ജ്യോതി അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
 
പ്രധാന വാർത്തകൾ
Top