Top
24
Friday, November 2017
About UsE-Paper

നോട്ടുനിരോധനവും ജിഎസ്ടിയും കോര്‍പറേറ്റുകള്‍ക്കു വേണ്ടി: എളമരം കരീം

Thursday Nov 9, 2017
വെബ് ഡെസ്‌ക്‌

 പാലക്കാട് > ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ നിരോധിച്ചതും ജിഎസ്ടി നടപ്പാക്കിയതും ഇന്ത്യയിലെ ജനകോടികളുടെ ജീവിതം തകര്‍ത്തെങ്കിലും വന്‍കിട കോര്‍പറേറ്റുകള്‍ക്കും വന്‍ ബിസിനസുകാര്‍ക്കും വലിയ നേട്ടമുണ്ടാക്കിക്കൊടുത്തുവെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു. കറന്‍സി നിരോധത്തിന്റെ ഒന്നാം വാര്‍ഷികദിനമായ നവംബര്‍ എട്ടിന് പാലക്കാട് എസ്ബിഐ ഓഫീസിനു മുന്നിലേക്ക് നടന്ന പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 കള്ളപ്പണം കണ്ടുകെട്ടാനാണ് നോട്ട് നിരോധനമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ക്യാബിനറ്റില്‍ പോലും ആലോചിക്കാതെയും ക്യാബിനറ്റ് മന്ത്രിമാരെ വീട്ടില്‍ വിളിച്ചുവരുത്തി മൊബൈല്‍ ഫോണ്‍ പോലും പിടിച്ചുവാങ്ങി വീട്ടിനുള്ളിലിരുത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ നോട്ടുനിരോധന പ്രഖ്യാപനം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പോലും വാര്‍ത്തയിലൂടെയാണ് വിവരം അറിഞ്ഞത്. സാധാരണ ജനങ്ങള്‍ കള്ളപ്പണം സൂക്ഷിക്കാറില്ല. വന്‍സമ്പന്നരാണ് കള്ളപ്പണം സൂക്ഷിക്കുന്നത്. അതും നോട്ടിന്റെ രൂപത്തിലല്ല, സ്വര്‍ണമായോ ഭൂമിയായോ ഓഹരിവിപണിയില്‍ ഓഹരികളായോ ആണ് സൂക്ഷിക്കുന്നത്. അതൊന്നും പിടിച്ചെടുക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ആഗസ്തില്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ കണക്ക് പ്രകാരം, നിരോധിച്ച നോട്ടുകളുടെ 99 ശതമാനവും തിരിച്ചെത്തിക്കഴിഞ്ഞു. വിദേശ ഇന്ത്യക്കാരുടെ കൈയിലുള്ള നോട്ടുകള്‍ പൂര്‍ണമായും തിരിച്ചെത്തിക്കഴിഞ്ഞാല്‍ ഇത് ഒരുപക്ഷേ 100 ശതമാനത്തില്‍ കൂടും. എന്ത് മറുപടിയാണ് സര്‍ക്കാരിന് ഇതേക്കുറിച്ച് പറയാനുള്ളത്.
പ്രചാരത്തിലുള്ള കള്ളനോട്ടുകള്‍. 04 ശതമാനമാണെന്നാണ് കണക്ക്. ഇത് പിടിച്ചെടുക്കാനായിരുന്നു നോട്ടുനിരോധനമെന്നു പറയുന്നു. എലിയെ പിടിക്കാന്‍ ഇല്ലം ചുടുന്നതിന് സമാനമായ നടപടിയാണിത്. രാജ്യത്തെ തൊഴില്‍ ശക്തിയുടെ 90 ശതമാനം അസംഘടിത മേഖലയിലാണ്. ഈ മേഖലയെ നോട്ടുനിരോധനം പാടെ തകര്‍ത്തു. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമവും ബിജെപി സര്‍ക്കാര്‍ നടത്തി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സഹകരണ മേഖലക്ക് നല്‍കിയ ശക്തമായ പിന്തുണ കൊണ്ടാണ് പ്രതിസന്ധിയെ അതിജീവിക്കാന്‍ സഹകരണ മേഖലക്ക് കഴിഞ്ഞത്.
ജിഎസ്ടി നടപ്പാക്കിയപ്പോള്‍ ജിഎസ്ടി രജിസ്ട്രേഷന്റെ പേരിലുള്ള ബുദ്ധിമുട്ടുകള്‍ കാരണം ചെറുകിട വ്യവസായങ്ങളില്‍ ഒട്ടുമുക്കാലും പൂട്ടി. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തിന്റെ 45 ശതമാനം ചെറുകിട വ്യവസായമേഖലയുടെ സംഭാവനയാണ്. നോട്ടുനിരോധനം, ജിഎസ്ടി എന്നിവയിലൂടെ ഇതിന്റെ വലിയൊരു പങ്ക്   വന്‍കിട കോര്‍പറേറ്റുകളാണ് കൈയടക്കിയത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 5.7 ശതമാനമായി ഇടിഞ്ഞു. 
രാജ്യത്താകെ വലിയ പ്രതിഷേധമാണ് ഈ നടപടികള്‍ക്കെതിരെ ഉയര്‍ന്നുവന്നത്. മോദിയുടെ ഗുജറാത്തിലെ ടെക്സ്റ്റൈല്‍ നഗരമായ സൂറത്തില്‍ പത്ത് ലക്ഷം പേരാണ് ജിഎസ്ടിക്കെതിരെയുള്ള പ്രകടനത്തില്‍ പങ്കെടുത്തത്. പാര്‍ലമെന്റിനു പുറത്ത് യോജിച്ച സമരത്തിന് കോണ്‍ഗ്രസ് തയ്യാറാകുന്നില്ല. കേരളത്തിലും ബിജെപിയുടെ ഭരണമുള്ള സംസ്ഥാനങ്ങളിലും ബിജെപിക്കെതിരെ സമരം ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നില്ല. കേരളത്തില്‍  എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയാണ് കോണ്‍ഗ്രസിന്റെ സമരം. ഈ രാഷ്ട്രീയ കാപട്യം തുറന്നുകാട്ടണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.