Top
20
Monday, November 2017
About UsE-Paper

ദുരന്തങ്ങള്‍ വരച്ചുകാട്ടി ബിഇഎഫ്ഐ ജനസദസ്സ്

Thursday Nov 9, 2017
വെബ് ഡെസ്‌ക്‌

പാലക്കാട് > നോട്ട് നിരോധനത്തിലൂടെ രാജ്യത്തിന്റെ ദരിതം വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് ചെയ്തത് ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനായാണെന്ന് ബാങ്ക് എംപ്ളോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ജനസദസ്സ് അഭിപ്രായപ്പെട്ടു. 

നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന്റെ ഒന്നാം വാര്‍ഷകത്തില്‍ പാലക്കാട് സുല്‍ത്താന്‍ പേട്ട ജങ്ഷന് സമീപം സംഘടിപ്പിച്ച പരിപാടിയില്‍ കോളേജ് വിദ്യാര്‍ഥികള്‍ മുതല്‍ പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ വരെ നോട്ട് നിരോധനത്തിന്റെ ദുരന്തം വിവരിച്ചു. പരിപാടി എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനത്തോളം കറന്‍സികള്‍ ഒറ്റയടിക്ക് പിന്‍വലിച്ച് ജനങ്ങളെ ദുരിതത്തിലാഴ്ത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലക്ഷ്യങ്ങളൊന്നും തന്നെ ഒരുവര്‍ഷമായിട്ടും സാക്ഷാല്‍കരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് എം ബി രാജേഷ് പറഞ്ഞു. 
നരേന്ദ്രമോഡി വളര്‍ത്തിക്കൊണ്ടുവരുന്ന വന്‍കിട കോര്‍പറേറ്റ് മുതലാളിയായ അദാനി രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ചുകൊണ്ട് വൈദ്യുതോല്‍പ്പാദന യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തതിന് 2600 കോടി രൂപ ബില്ലില്‍ കൂട്ടിക്കാണിച്ചതിന് യുപിഎ ഭരണകാലയളവില്‍ റവന്യൂ ഇന്റലിജന്റ്സ് ഡിപ്പാര്‍ട്ട്മെന്റ് എടുത്ത കേസ് എന്‍ഡിഎ സര്‍ക്കാര്‍ പിന്‍വലിച്ചുവെന്നും രാജേഷ്  പറഞ്ഞു. കള്ളപ്പണക്കാരെ രാജ്യത്ത് വളര്‍ത്തിയെടുക്കുന്നതില്‍ എന്‍ഡിഎ സര്‍ക്കാര്‍ വലിയ പങ്കാണ് വഹിക്കുന്നത്. അവര്‍ക്കാര്‍ക്കും തന്നെ കറന്‍സി പിന്‍വലിച്ചപ്പോള്‍ ഒരു ദുരിതങ്ങളും ഉണ്ടായില്ലെന്നും  ഇന്ത്യന്‍ സമ്പദ്ഘടനയില്‍ മൂന്നരലക്ഷം കോടി രൂപയുടെ നഷ്ടവും ഒരുകോടിയോളം തൊഴിലാളികള്‍ക്ക് തൊഴില്‍നഷ്ടവും ഈ നടപടിയുടെ ഭാഗമായി ഉണ്ടായെന്നും എം ബി രാജേഷ് പറഞ്ഞു. 
ബിഇഎഫ്ഐ ജില്ലാ പ്രസിഡന്റ് എ രാമദാസ് അധ്യക്ഷനായി.  സംസ്ഥാന സെക്രട്ടറി സജി വര്‍ഗീസ് വിശദീകരിച്ചു. 
ജോസ് മാത്യു (കേരള കര്‍ഷകസംഘം), രാജീവ് (എല്‍ഐസി എംപ്ളോയീസ് യൂണിയന്‍), ഉണ്ണികൃഷ്ണന്‍ ചാഴിയാട് (കേന്ദ്ര കോണ്‍ഫെഡറേഷന്‍), പി ജി രാംദാസ് (കെസിഇയു), ഹരിദാസ് (എകെപിസിടിഎ), പി സരള (കേരള എന്‍ജിഒ യൂണിയന്‍) എന്നിവര്‍ സംസാരിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എം എസ് സ്കറിയ പ്രതിഷേധ ജ്വാല തെളിയിച്ചു. ജില്ലാ സെക്രട്ടറി എ ശ്രീനിവാസന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി എന്‍ സിന്ധുജ നന്ദിയും പറഞ്ഞു.