19 September Wednesday
പ്രളയശേഷമുള്ള പുനരധിവാസം ഏറെക്കുറെ പൂർത്തിയായി

ജനങ്ങളുടെ സഹായമാണ‌് സർക്കാരിന്റെ ആത്മവിശ്വാസം: എ കെ ബാലൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018
പാലക്കാട‌്
ഏറ്റവും വലിയ പ്രളയത്തെ അഭിമുഖീകരിച്ച കേരളത്തെ വീണ്ടെടുക്കുന്നതിന‌് ജനങ്ങൾ അകമഴിഞ്ഞ സഹായമാണ‌് നൽകുന്നതെന്നും അതാണ‌് സർക്കാരിന്റ ആത്മവിശ്വാസമെന്നും മന്ത്രി എ കെ ബാലൻ. 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് ധനസമാഹരണത്തിനുള്ള ആലോചനായോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയശേഷമുള്ള പുനരധിവാസം നാം ഏറെക്കുറെ പൂർത്തിയാക്കി. ഇനി പുനർനിർമാണത്തിലേക്ക‌് കടക്കുകയാണ‌്. അത‌് പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുമാത്രമെ സാധ്യമാകൂ. അപകടസാധ്യതയുള്ള മേഖലകളിൽനിന്ന‌് ജനങ്ങളെ മാറ്റി പാർപ്പിക്കണം. അത‌് വലിയ വെല്ലുവിളിയാണ‌്. ഫലപ്രദമായ പ്ലാനിങ് ഇതിന‌് ആവശ്യമാണ‌്. കെട്ടിട നിർമാണത്തിനുള്ള അസംസ‌്കൃത വസ‌്തുക്കൾ സുലഭമായി ലഭിക്കണം. അതിന‌് പണം ഒരുപാട‌് ആവശ്യമാണ‌്. അത‌് സാധ്യമാക്കുന്നതിനാണ‌് എല്ലാ താലൂക്കിലും പഞ്ചായത്തിലും ധനസമാഹരണ യജ്ഞം നടത്തുന്നത‌്. പ്രളയത്തിൽ ജനങ്ങൾ ഏകമനസോടെ രക്ഷാപ്രവർത്തനം നടത്തി.  ഒാരോരുത്തരും ജനങ്ങളെ രക്ഷിക്കാൻ മത്സരിക്കുകയായിരുന്നു. അതാണ‌് മരണസംഖ്യ കുറയ‌്ക്കാനായത‌്. ജില്ലയിൽ 1,962 പേരെ രക്ഷപ്പെടുത്തി. വടക്കഞ്ചേരിയിൽ ഉൾപ്പെടെ മരണത്തെ മുഖാമുഖം കണ്ടവരെ  അത്ഭുതകരമായാണ‌് രക്ഷപ്പെടുത്തിയത‌്. ഇതൊക്കെ വൻ ദുരന്തം ഇല്ലതാക്കാൻ സഹായിച്ചു. 
പ്രളയത്തെ തുടർന്ന‌് വൻതോതിലുള്ള സഹായപ്രവാഹമാണ‌് ഉണ്ടായത്‌. ഇപ്പോഴും ഭക്ഷ്യവസ‌്തുക്കൾ വന്നുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ സ‌്നേഹം വലിയ തോതിൽതന്നെ നമുക്ക‌് ലഭിക്കുന്നു. എന്നാൽ പ്രളയം വരുത്തിയത‌് വലിയ നഷ്ടമാണ‌്. ജില്ലയിൽ 500 കോടിയുടെ നഷ്ടമുണ്ടായിരിക്കുന്നു. ഇനിയും കൂടാനാണ‌് സാധ്യത‌. തകർന്ന പരമ്പരാഗത വ്യവസായവും ചെറുകിട വ്യവസായവും പൂർവസ്ഥിതിയിലേക്ക‌് കൊണ്ടുവരികയെന്ന‌ത്‌ ഏറ്റെടുക്കേണ്ട വലിയ ഉത്തരവാദിത്തമാണെന്നും മന്ത്രി എ കെ ബാലൻ പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top