19 June Tuesday

ചെറുത്തുനിൽപ്പിന്റെ സന്ദേശമായി വനിതാദിനം

എസ് സിരോഷUpdated: Friday Mar 9, 2018

 

 
പാലക്കാട് > ചെറുത്തുനിൽപ്പിന്റെയും  കരുത്തിന്റെയും ആൾരൂപമാവണം സ്ത്രീ. അടുക്കളയിൽ പുകഞ്ഞ് തീരാനുള്ളതല്ല, മുന്നിൽ തന്നെയാവണം സ്ത്രീയുടെ സ്ഥാനം. ഒരു നൂറ്റാണ്ടു പിന്നിട്ട അവകാശ പോരാട്ടങ്ങൾ നിലയ്ക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചാണ് അവർ ഒത്തുകൂടിയത്. 
വർഗീയതയുടെ കറുത്ത കരങ്ങൾ രാജ്യത്തെ വിഴുങ്ങാൻ ശ്രമിക്കുമ്പോൾ പോരാട്ടവീഥിയിൽ തങ്ങളാകും മുന്നിലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ദിവസം കൂടിയായി ഈ വർഷത്തെ സാർവദേശീയ വനിതാ ദിനാചരണം.
ജനാധിപത്യ മഹിളാ അസോസിയേഷന്റെയും വർക്കിങ് വിമൻസ് കോഓഡിനേഷന്റെയും നേതൃത്വത്തിൽ സംയുക്ത മഹിളാ സംഘടനകൾ പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച ദിനാചരണം കെ എസ് സലീഖ ഉദ്ഘാടനം ചെയ്തു. വർക്കിങ് വിമൻസ് കോഓഡിനേഷൻ കമ്മിറ്റി കേന്ദ്രകമ്മിറ്റിയംഗം വി സി കാർത്യായനി അധ്യക്ഷയായി. കലാപരിപാടികൾ അവതരിപ്പിച്ച കുടുംബശ്രീ ഏരിയ കമ്മിറ്റികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി ഉപഹാരങ്ങൾ നൽകി. വർക്കിങ് വിമൻസ് കോഓഡിനേഷൻ ജില്ലാ സെക്രട്ടറി എൽ ഇന്ദിര, മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം സുബൈദ ഇസഹാഖ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി പി വിജയലക്ഷ്മി സ്വാഗതവും എൽ സിന്ധുജ നന്ദിയും പറഞ്ഞു. വിവിധ ഏരിയ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ കലാപരിപാടികളും അരങ്ങേറി.
 
പ്രധാന വാർത്തകൾ
Top