Top
18
Monday, December 2017
About UsE-Paper

പൊതുവിദ്യാഭ്യാസ സംരക്ഷണം ഇഎംഎസ് സര്‍ക്കാരിന്റെ തുടര്‍ച്ച: മന്ത്രി സി രവീന്ദ്രനാഥ്

Friday Dec 8, 2017
വെബ് ഡെസ്‌ക്‌

 

മണ്ണാര്‍ക്കാട് > പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ തുടര്‍ച്ചയാണെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായ സെമിനാര്‍ പരമ്പരയിലെ  പൊതുവിദ്യാഭ്യാസവും പുതിയ കേരളവും എന്ന വിഷയം കോട്ടോപ്പാടം ആര്യമ്പാവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഈ യജ്ഞവും ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുന്ന ക്യാമ്പയിനായി മാറും. വരുംതലമുറയ്ക്കുവേണ്ടി ദീര്‍ഘവീക്ഷണത്തോടെയാണ് സംസ്ഥാനസര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണം ജനകീയമായി നടപ്പാക്കുന്നത്. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ വിദ്യാഭ്യാസത്തെ നിരവധി തരത്തില്‍ നയിച്ചിട്ടുണ്ടെന്ന് വ്യക്തമാകും. മുന്‍കാലത്ത് അധ്വാനിക്കുന്നവനെ ചൂഷണം ചെയ്യാനും അവരെ കൂടുതല്‍ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കാനും വിദ്യാഭ്യാസത്തെ ഉപകരണമാക്കി. ചില വിവരങ്ങള്‍ കേട്ടാല്‍ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന വ്യവസ്ഥിതി പിന്നിട്ടാണ് നാം വര്‍ത്തമാനകാലത്ത് എത്തിനില്‍ക്കുന്നത്.  മതനിരപേക്ഷ വിദ്യാഭ്യാസമാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
എല്ലാവര്‍ക്കും സൌജന്യവും സാര്‍വത്രികവുമായ ഗുണമേന്മാവിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തില്‍ നല്‍കി കേരളത്തിലെ  കുട്ടികളെ ഉയര്‍ത്തി കൊണ്ടുവരികയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത് 2019 ഓടെ സാധ്യമാക്കുമെന്ന പ്രതീക്ഷയാണ് സര്‍ക്കാരിനുള്ളതെന്നും മന്ത്രി പറഞ്ഞു.