22 July Sunday

നെല്ല് സംഭരണം അട്ടിമറിച്ചവര്‍ക്കെതിരെ നടപടി വേണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

 

പാലക്കാട് > സര്‍ക്കാര്‍ നയത്തിനു വിരുദ്ധമായി ഒന്നാംവിള നെല്ല്സംഭരണം അട്ടിമറിച്ച സപ്ളൈകോ ഉദ്യോഗസ്ഥസ്വകാര്യ മില്ലുടമ ലോബിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കിലോ 23.5 രൂപയ്ക്ക് നെല്ല് സംഭരിക്കാനാണ് സര്‍ക്കാര്‍ സിവില്‍ സപ്ളൈസ് കോര്‍പറേഷനെ ചുമതലപ്പെടുത്തിയത്. നെല്ല്സംഭരണത്തിന് താല്‍പ്പര്യമുള്ള കര്‍ഷകരുടെ രജിസ്ട്രേഷന്‍ അതത് കൃഷിഭവനുകളിലൂടെ നടത്തി. അവിടെനിന്ന് കൃഷി ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ടനുസരിച്ചാണ് നെല്ല് സംഭരണം നടത്തേണ്ടത്. 
ജില്ലയില്‍ കൊയ്ത്ത് ആരംഭിക്കുന്ന മുറയ്ക്ക് ഒക്ടോബര്‍ ഒന്ന് മുതല്‍ നെല്ല് സംഭരിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. നെല്ലിന്റെ സംഭരണവില സര്‍ക്കാര്‍ നിശ്ചയിക്കുന്നത് പൊതുകമ്പോളത്തില്‍നിന്നും സ്വകാര്യ ഏജന്റുമാരുടെ ചൂഷണത്തില്‍നിന്നും കര്‍ഷകരെ രക്ഷിച്ച് നെല്ലിന്റെ വില ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലാണ്. എന്നാല്‍ സാങ്കേതികത്വം പറഞ്ഞ് സംഭരണനടപടി നീട്ടിക്കൊണ്ടുപോയി കിലോയ്ക്ക് 17, 18 രൂപയ്ക്ക് വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതമാക്കുന്ന അവസ്ഥ ഈ ലോബി കൃത്രിമമായി സൃഷ്ടിച്ചു. കൊയ്ത്ത്സമയത്ത് മഴ പെയ്തതും നെല്ല് ഉണക്കി സൂക്ഷിക്കാന്‍ സൌകര്യമില്ലാതെ വന്നതും ജീവിത പ്രാരാബ്ധങ്ങളും കിട്ടിയ വിലയ്ക്ക് നെല്ല് വില്‍ക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കി. 
ഇതിലൂടെ ജില്ലയിലെ നെല്‍കര്‍ഷകരെ അമിതമായി ചൂഷണം ചെയ്ത് കോടികളുടെ ലാഭമാണ് സ്വകാര്യ മില്ലുടമകള്‍ക്ക് ലഭിച്ചത്. ഇതിന്റെ വിഹിതം ഉദ്യോഗസ്ഥ ലോബിക്കും ലഭിച്ചിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. 
ഇതിനു പുറമേ കൊയ്ത്തു കഴിഞ്ഞ് നെല്ല് സ്വകാര്യ മില്ലുടമകള്‍ക്ക് തുച്ഛവിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരായ കര്‍ഷകരുടെ രജിസ്ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച്,  ചുരുങ്ങിയ വിലയ്ക്ക് തമിഴ്നാട്ടില്‍നിന്ന് ഗുണമേന്മയില്ലാത്ത നെല്ലുകൊണ്ടുവന്ന് അത് സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ സംഭരിച്ചതായി രേഖയുണ്ടാക്കി സര്‍ക്കാര്‍ പണവും വന്‍ തോതില്‍ ഈ ലോബി തട്ടിയെടുത്തിരിക്കുന്നു. ഇക്കാര്യം സംസ്ഥാന വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റ്തന്നെ കണ്ടെത്തിയിരിക്കുകയാണ്.
കര്‍ഷകസംഘടനകളുടെ പരാതിയെത്തുടര്‍ന്നാണ്  വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. കര്‍ഷകരുടെ പരാതി പൂര്‍ണമായും ശരി വയ്ക്കുന്നതാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. ഒരേ സമയം സംസ്ഥാനത്തെ വഞ്ചിക്കുന്നതും കര്‍ഷകരെ ക്രൂരമായി ദ്രോഹിക്കുന്നതുമാണ് ഇത്തരം നടപടി. 
ഇത് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ്. ഇനിയൊരിക്കലും ഇത് ആവര്‍ത്തിക്കാന്‍ ആര്‍ക്കും ധൈര്യം നല്‍കാത്തവിധത്തില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് സംസ്ഥാന സര്‍ക്കാരിനോട് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
 
പ്രധാന വാർത്തകൾ
Top