16 November Friday

കെഎസ‌്ആർടിസി പെൻഷൻകാരുടെ പ്രതിഷേധം 11ന‌്

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
പാലക്കാട‌്
സിഎംഡിയുടെ പെൻഷൻകാരോടുള്ള നിലപാടിനെതിരെ കെഎസ‌്ആർടിസി പെൻഷനേഴ‌്സ‌് ഓർഗനൈസേഷൻ നേതൃത്വത്തിൽ 11ന‌് പ്രതിഷേധം സംഘടിപ്പിക്കും. പകൽ 11ന‌് യൂണിറ്റ‌് ഓഫീസുകൾക്ക‌് മുന്നിലാണ‌് പ്രതിഷേധം. 
കെഎസ‌്ആർടിസി പെൻഷൻകാർ ഒരുമാസത്തെ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് സംഭാവന ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ആദ്യഗഡുവായി മൂന്നുലക്ഷം രൂപയുടെ ചെക്ക‌് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് കൈമാറുകയും ചെയ‌്തു. തുടർന്ന‌് ഉത്സവബത്ത അനുവദിക്കണമെന്ന‌് മുഖ്യമന്ത്രിയോട‌് ആവശ്യപ്പെടുകയും നാലു കോടി രൂപ നൽകുകയും ചെയ‌്തു. എന്നാൽ ഈ തുക പെൻഷൻകാർക്ക‌് ഇതുവരെ ലഭിച്ചിട്ടില്ല. തുക ദുരിതാശ്വാസനിധിയിലേക്ക‌് മാറ്റിയതായി സിഎംഡി ഏകപക്ഷീയമായി തീരുമാനിച്ചിരിക്കുകയാണ‌്. എന്നാൽ തുക ദുരിതാശ്വാസനിധിയിലേക്ക‌് എത്തിയിട്ടുമില്ല. അന്വേഷിക്കാനെത്തിയ പെൻഷൻകാരോട‌് സിഎംഡി കയർത്തു സംസാരിച്ചു. മാത്രമല്ല, ഫാമിലി പെൻഷൻകാരുടേതടക്കം കുടിശ്ശിക ബില്ലുകൾ അനുവദിക്കുന്നില്ലെന്നു മാത്രമല്ല, സുപ്രീംകോടതി നിർദേശപ്രകാരമുള്ള പത്തുശതമാനം വരുമാനം പെൻഷൻ ആനുകൂല്യങ്ങൾക്കായി മാറ്റിവയ‌്ക്കുന്നതുമില്ല. ഈ സാഹചര്യത്തിലാണ‌് പെൻഷൻകാർ പ്രക്ഷേ‌ാഭത്തിനിറങ്ങുന്നത‌്.
പ്രധാന വാർത്തകൾ
Top