23 September Sunday
ഹരിതകേരളം പദ്ധതി

നെൽകൃഷി വ്യാപിപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 8, 2018
പാലക്കാട‌്
ജില്ലയിൽ കൂടുതൽ സ്ഥലങ്ങളിൽ കൃഷി വ്യാപിപ്പിപ്പിക്കാൻ ഹരിതകേരളം മിഷൻ പദ്ധതി. പഞ്ചായത്ത‌്– ബ്ലോക്ക‌്– നഗരസഭാപ്രദേശങ്ങളിൽ കൃഷിയിറക്കാത്ത പ്രദേശങ്ങൾ കണ്ടെത്തി കൃഷിയിറക്കുകയാണ‌്  ലക്ഷ്യം. ഇതിനായി ജലസേചനസൗകര്യം വർധിപ്പിക്കാനും പദ്ധതി തയ്യാറാക്കും. വ്യാഴാഴ‌്ച ജില്ലാപഞ്ചായത്ത‌് ഹാളിൽ ഹരിതകേരളം മിഷൻ വിളിച്ചുചേർത്ത യോഗത്തിലാണ‌് ഇതിനു പദ്ധതി ആവിഷ‌്കരിച്ചത‌്. 
ഓരോ ബ്ലോക്കിലെയും  കൃഷിയും കൃഷി ചെയ്യുന്ന സ്ഥലത്തിന്റെ  വിസ‌്തൃതിയും കണക്കെടുക്കാൻ യോഗം തീരുമാനിച്ചു.  ജലസേചനസൗകര്യവും വർധിപ്പിക്കും. ഇതിനായി ജലസേചന വകുപ്പ‌് നടത്തേണ്ട പ്രവർത്തനങ്ങളും ആവിഷ‌്കരിക്കും. ഒാരോ ബ്ലോക്കിലും പഞ്ചായത്ത‌്തലത്തിൽ ഈ വിവരങ്ങൾ ശേഖരിക്കുകയും ബ്ലോക്ക‌്തലത്തിൽ ക്രോഡീകരിക്കുകയും ചെയ്യും. 
നെല്ലറയായ പാലക്കാട്ട‌് നെൽക്കൃഷി വർധിപ്പിക്കാനാണ‌് മുഖ്യമായി ഹരിതകേരള മിഷൻ ലക്ഷ്യമിടുന്നത‌്. കഴിഞ്ഞ യുഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് നെൽകൃഷിക്ക‌് ജില്ലയിൽ വൻ തിരിച്ചടിയുണ്ടായെന്നാണ‌് ഹരിതകേരള മിഷന്റെ വിലയിരുത്തൽ. ഇതിന്റെ കണക്കും  പരിശോധിച്ചു കഴിഞ്ഞു. 
കഴിഞ്ഞ എൽഡിഎഫ‌് സർക്കാരിന്റെ കാലത്ത‌് ജില്ലയിൽ 96,190 ഹെക്ടറായിരുന്നു നെൽക്കൃഷി. യുഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നതോടെ ഇത‌് 70,190 ഹെക്ടറായെന്നും കണക്ക‌് വ്യക്തമാക്കുന്നു. 
നെൽക്കൃഷിക്ക‌് പുറമെ തെങ്ങ‌്, റബർ, വാഴ‌, പച്ചക്കറി, കശുവണ്ടി, കപ്പ, അടയ‌്ക്ക, കുരുമുളക‌്, മാങ്ങ, പഴവർഗങ്ങൾ, നിലക്കടല, ഇഞ്ചി തുടങ്ങിയ കൃഷികളാണ‌് ജില്ലയിലുള്ളത‌്. 36 പഞ്ചായത്തുകളിലാണ‌് നെൽക്കൃഷിക്ക‌് പ്രാധാന്യം. 28 പഞ്ചായത്തുകളിൽ റബറും നെല്ലുമാണ‌് മുഖ്യകൃഷി. മലയോരമേഖലയിൽ റബറിനാണ‌് പ്രാധാന്യം. കിഴക്കൻമേഖലകളിലാണ‌് തെങ്ങുകൃഷിക്ക‌് കൂടുതൽ പ്രാധാന്യമുള്ളത‌്. മുതലമട ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മാവ‌ിനാണ‌് പ്രാധാന്യമെന്നുമാണ‌് ഹരിത കേരള മിഷന്റെ പഠനം വ്യക്തമാക്കുന്നത‌്. ജില്ലയിൽ 88 പഞ്ചായത്തുകളും 13 ബ്ലോക്ക‌് പഞ്ചായത്തുകളും ഏഴ‌് നഗരസഭകളുമാണ‌ുള്ളത‌്. ഇവിടെയെല്ലാം കൃഷിവ്യാപനമാണ‌് ലക്ഷ്യമിടുന്നത‌്. 
കാലാവസ്ഥാവ്യതിയാനംമൂലം കർഷകർക്കുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചും പഠനം നടത്തും. പുതിയ കാർഷിക കലണ്ടർ ഉണ്ടാക്കാനാണ‌് തീരുമാനം. ജലസ്രോതസ്സുകൾ സംരക്ഷിക്കാനും മഴവെള്ളം കെട്ടിനിർത്തി കൃഷിക്ക‌് ഉപയുക്തമാക്കാനും പദ്ധതിയുണ്ടാക്കും. 
പഞ്ചായത്ത‌്തലങ്ങളിൽ കൃഷി, ജലസേചന, തൊഴിലുറപ്പ‌്, മണ്ണ‌്സംരക്ഷണം തുടങ്ങിയ വകുപ്പുകളെ സംയോജിച്ചാണ‌് കൃഷിവ്യാപന പദ്ധതികൾ നടപ്പാക്കുക. ജനപങ്കാളിത്തവും ഉറപ്പാക്കും. പദ്ധതി നടത്തിപ്പിന്റെ തുടർച്ചയായി  എല്ലാ ബ്ലോക്കുകളിലും കൃഷി ഓഫീസർമാരുടെയും തൊഴിലുറപ്പ‌് എഇമാരുടെയും ജലസേചനവകുപ്പിലെ എഇമാരുടെയും യോഗം നടത്താനും തീരുമാനിച്ചു. 
യോഗത്തിൽ ഹരിതകേരള മിഷൻ ജില്ലാ കോ–ഒാഡിനേറ്റർ വൈ കല്യാണകൃഷ‌്ണൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ കല, ഇറിഗേഷൻ എക‌്സി. എൻജിനിയർമാരായ ജയശ്രീ, പത്മകുമാർ എന്നിവർ പങ്കെടുത്തു. 
മുൻ യുഡിഎഫ‌് സർക്കാരിന്റെ കർഷകവിരുദ്ധനയങ്ങൾ മൂലം അഞ്ചു വർഷ ഭരണകാലത്ത‌് നെൽകൃഷി പിന്നിലേക്ക‌് പോയി. പച്ചക്കറി കൃഷിയടക്കം കാർഷികമേഖലയിൽ തിരിച്ചടിയുണ്ടായി.എൽഡിഎഫ‌് സർക്കാർ അധികാരത്തിൽ വന്നതോടെയാണ‌് കാർഷികമേഖലക്ക‌് ഉണർവേകുന്ന പദ്ധതികൾക്ക‌് തുടക്കമായത‌്. ഇതിന്റെ ഭാഗമായാണ‌് ഹരിതകരളമിഷൻ പദ്ധതി ആവിഷ‌്കരിച്ച‌് നടപ്പാക്കുന്നത‌്.
പ്രധാന വാർത്തകൾ
Top