Top
18
Monday, December 2017
About UsE-Paper

കരിമ്പുഴ മുണ്ടോര്‍ശി കടവില്‍ തടയണ വേണം

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌
സിപിഐ എം ശ്രീകൃഷ്ണപുരം ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു

 ശ്രീകൃഷ്ണപുരം > കരിമ്പുഴ പുഴയിലെ മുണ്ടോര്‍ശി കടവില്‍ തടയണ ഉടന്‍  നിര്‍മിക്കണമെന്ന് സിപിഐ എം ശ്രീകൃഷ്ണപുരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം, വെള്ളിനേഴി, പൂക്കോട്ടുകാവ് പഞ്ചായത്തുകളിലെ ജനങ്ങള്‍ക്കുള്ള സമഗ്ര കുടിവെള്ളപദ്ധതിയുടെ സ്രോതസ്സാണ് മുണ്ടോര്‍ശി കടവ്. പദ്ധതിയില്‍ വേനല്‍ക്കാലമാകുമ്പോള്‍ വാലറ്റ പ്രദേശങ്ങളില്‍ മതിയായ അളവില്‍ വെള്ളം ലഭിക്കുന്നില്ല. ഈ പദ്ധതിക്ക് വെള്ളം ശേഖരിക്കുന്ന കരിമ്പുഴ പുഴയിലെ മുണ്ടോര്‍ശി കടവില്‍ ജലസംരക്ഷണത്തിന് തടയണ നിര്‍മിക്കേണ്ടത് അനിവാര്യമാണ്. 

എല്‍ഐസിയുടെ സഹായത്തോടെ ആരംഭിക്കുകയും നബാര്‍ഡിന്റെ സാമ്പത്തിക പിന്‍ബലത്തോടെ പൂര്‍ത്തിയാക്കുകയും ചെയ്ത പദ്ധതിയാണ് ശ്രീകൃഷ്ണപുരം സമഗ്ര കുടിവെള്ള പദ്ധതി. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഈ പദ്ധതി പ്രയോജനപ്പെടും. ഇതിനായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ 2016ലെ ആദ്യബജറ്റില്‍ 25 കോടി രൂപ അനുവദിച്ചതാണ്.  തടയണക്കാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി ഉടന്‍ പ്രാവര്‍ത്തികമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന്   സമ്മേളനം ആവശ്യപ്പെട്ടു. 
മതനിരപേക്ഷതയുടെ കാവലാളാകുക, മതനിരപേക്ഷ വികസിത കേരളത്തിനായി അണിചേരുക, നവകേരള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണനല്‍കുക,  കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുക എന്നീ പ്രമേയങ്ങളും അംഗീകരിച്ചു. 
പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന  ചര്‍ച്ചയില്‍ കെ സജീവ്കുമാര്‍, എം സെയ്തലവി, എം സി വാസുദേവന്‍, കെ കെ ഗോപി, ശ്രീവത്സന്‍, ശ്രീലത, സി കൃഷ്ണന്‍കുട്ടി, ബിജുജോസ്, വി സിദ്ദീഖ്, സിന്ധു, അജിത്കുമാര്‍, ഹരിശങ്കര്‍, സി പി സുധാകരന്‍, കെ അനില്‍കുമാര്‍, കെ ടി ഉണ്ണികൃഷ്ണന്‍, കെ വി കുമാരന്‍, മുഹമ്മദ്—മുസ്തഫ, കൃഷ്ണദാസ്, എ പി ദീപു, ബി രാജേഷ് എന്നിവര്‍ പങ്കെടുത്തു. ഏരിയ സെക്രട്ടറി എന്‍ ഹരിദാസ് മറുപടി പറഞ്ഞു. പി കെ ശശിധരന്‍ ക്രെഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി കെ ശശി, ആര്‍ ചിന്നക്കുട്ടന്‍, ടി എന്‍ കണ്ടമുത്തന്‍ എന്നിവര്‍  അഭിവാദ്യം ചെയ്തു. എന്‍ ഹരിദാസന്‍ ചര്‍ച്ചക്ക് മറുപടി പറഞ്ഞു. 
ബുധനാഴ്ച വൈകിട്ട് ഹൈസ്കൂള്‍ മൈതാനത്തുനിന്ന് റെഡ് വളണ്ടിയര്‍ മാര്‍ച്ചും ബഹുജന റാലിയും വാദ്യഘോഷങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ തുടങ്ങി. ശ്രീകൃഷ്ണപുരം ബസ് സ്റ്റാന്‍ഡിലെ എ എം ശാസ്ത്രശര്‍മന്‍ നഗറില്‍ നടന്ന പൊതുസമ്മേളനം കേന്ദ്രകമ്മിറ്റി അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിനുശേഷം തൃശൂര്‍ ജനനയനയുടെ 'ഫോക്ക്ഈവ്'അരങ്ങേറി.