15 November Thursday

സ്വർണ വ്യാപാരിയെ കൊള്ളയടിച്ചു; സുഹൃത്തടക്കം 4 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

ശൗരീദേവ്, വിഷ്‌ണു, അഫ്‌സൽ, മിഥുൻ

പാലക്കാട് 
സ്വർണ വ്യാപാരിയെ മർദിച്ച് സ്വർണവും പണവും കൊള്ളയടിച്ച സംഭവത്തിൽ സുഹൃത്തടക്കം നാലുപേർ അറസ‌്റ്റിൽ. വ്യാപാരിയുടെ സുഹൃത്തായ ഒറ്റപ്പാലം മനിശീരി മിഥുലാ വിഹാറിൽ മിഥുൻ (25), കണ്ണിയംപുറം ചാത്തൻപ്ലാക്കൽ വീട്ടിൽ വിഷ്ണു സൽമാൻ (21), ഈസ്റ്റ് ഒറ്റപ്പാലം പടിഞ്ഞാറ്റേതിൽ മുഹമ്മദ് അഫ്സൽ(24), കണ്ണിയംപുറം കോണിക്കൽ വീട്ടിൽ ശൗരീദേവ് (24) എന്നിവരാണ‌് പാലക്കാട് ടൗൺ നോർത്ത് പൊലീസിന്റെ പിടിയിലായത‌്.  
തിങ്കളാഴ‌്ച പുലർച്ചെ 1.30നാണ‌് മേപ്പറമ്പ് ഉണ്ണിരാംകുന്നിൽ ബൈക്കിലെത്തിയ മൂവർസംഘം സ്വർണ വ്യാപാരിയായ മേപ്പറമ്പ് അബ്ദുൾ സലാമിനെ  കത്തികാട്ടി നാലുലക്ഷം രൂപയും 140 ഗ്രാം സ്വർണവും കൊള്ളയടിച്ചത‌്.   പുലാമന്തോളിൽനിന്നും വാങ്ങിയ സ്വർണാഭരണങ്ങളും പണവുമായി പുലർച്ചെ സ്കൂട്ടറിൽ മാപ്പിളക്കാട് റോഡിലൂടെ വീട്ടിലേക്ക് പോകുന്നതിനിടയിലാണ‌് കൊള്ളയടിച്ചത‌്. 
  പൊലീസ‌് നടത്തിയ അന്വേഷണത്തിലാണ‌് മിഥുന്റെ പങ്ക‌് വ്യക്തമായത‌്.  മിഥുനും സുഹൃത്തുക്കളു ചേർന്ന് തയ്യാറാക്കിയ കവർച്ചാപദ്ധതിയായിരുന്നു ഇതെന്ന‌് പൊലീസ‌് പറഞ്ഞു. ഒന്നാം പ്രതി മിഥുന് റെന്റ് കാർ ബിസിനസാണ്. 
കൂട്ടുപ്രതികളായ വിഷ്ണുവിന് നേരത്തെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ കളവ്, കൊലപാതക ശ്രമം എന്നീ കേസുകൾ നിലവിലുണ്ട്. ശൗരീദേവിനും അഫ്സലിനും ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിൽ അടിപിടി കേസുകൾ ഉണ്ട്.  പ്രതികൾ സഞ്ചരിച്ച കാറും ബൈക്കും കസ്റ്റഡിയിലെടുത്തു.  പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top